മോഹം, അല്ലെങ്കിൽ ആശയാണ് എല്ലാ ദുഖങ്ങൾക്കും
കാരണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. എന്നാൽ അതേ ആശ തന്നെയല്ലേ എല്ലാ സുഖങ്ങൾക്കും കാരണം.? ആശയില്ലാത്ത മനുഷ്യരുണ്ടോ? മണ്ണിനോടും
പെണ്ണിനോടും പൊന്നിനോടും ആശയില്ലാത്തവർ ചുരുക്കം. ഒരുപാട് സ്ഥലം, ഇഷ്ടം പോലെ
പൊന്ന്, പിന്നെ നല്ല സുന്ദരിയായ
ഭാര്യ.. ഇതൊക്കെ ഏത് സാധാരണ
മനുഷ്യരുടേയും ആഗ്രഹങ്ങളാണ്. ഇതിൽ സുന്ദരിയായ ഇണ മനുഷ്യന്റെ മാത്രമല്ലാ
മൃഗങ്ങളുടേയും മോഹമാണ് എന്നുള്ള ആ നഗ്ന സത്യം എനിക്ക് നന്നേ ചെറുപ്പത്തിലേ അറിയാൻ കഴിഞ്ഞു. ആ കഥ കേൾക്കണ്ടേ.. എന്നാൽ കേട്ടോളൂ..
പണ്ട്
.. പണ്ട്..
പണ്ട്...പണ്ടൊന്നുമല്ലാ, ഈ.. എന്റെ ചെറുപ്പത്തിൽ,
അതായത് കാലടിയിൽ മൃഗാശുപത്രിയും അവിടെ കൃത്രിമ ബീജ സങ്കലനവും ഒക്കെ വരുന്നതിനും
തൊട്ട് മുൻപുള്ള ആ കാലം. പശു എരുമ
എന്നീ വളർത്തു മൃഗങ്ങളുടെ സുവർണ്ണകാലം. എന്ന് പറഞ്ഞാൽ അന്നൊക്കെ മ്രൂഗങ്ങൾ ഇന്നത്തെ മൃഗങ്ങളേപ്പോലെ കന്യകയായി
ജീവിച്ച്, പ്രസവിച്ച്, കന്യകയായി മരിക്കേണ്ടി വരുന്ന കാലമല്ലായിരുന്നൂ
എന്ന് ചുരുക്കം.ഇന്നത്തെ ഈ കന്യകാമൃഗങ്ങളുടെയൊക്കെ ശാപം ആർക്ക് ചെന്ന്
ചേരുമോ ആവോ?. എന്തായാലും സ്വവർഗ്ഗത്തിൽ
നിന്നുമുള്ള നല്ല ഉശിരുള്ള കൂറ്റന്മാരിൽ നിന്നു തന്നെ ഗർഭം ധരിക്കാമായിരുന്ന ആ
കാലത്ത് എനിക്കൊരു എട്ട് പത്ത് വയസ്സൊക്കെ ഉള്ളപ്പോൾ ഞങ്ങളുടെ നാട്ടിൽ വീട്ടിലെ
വളർത്ത് മൃഗങ്ങളെയൊക്കെ പ്രജനനത്തിനായി ഇന്നത്തേപ്പോലെ മൃഗാശുപത്രിയിൽ
അല്ലായിരുന്നൂ കൊണ്ട് പോയിരുന്നത്. പശുവിനും
എരുമക്കും ആടിനുമൊക്കെ മതിയിളകിയാൽ - അത് മിക്കവാറും വാവ് അടുക്കുമ്പോൾ ആയിരിക്കും - ചവിട്ടിക്കാനായി ചവിട്ട് കൂറ്റന്മാരുടെ അടുത്ത് കൊണ്ടു പോകും. അതിന് പറ്റിയ കൂറ്റന്മാരെ വളർത്തുന്നവർ നാട്ടിൽ
ഉണ്ടായിരുന്നു,. പശുവിന്
മതിയിളകിയാൽ കൊണ്ട് പോയിരുന്നത് അടുത്തുള്ള ഒരു മൂപ്പരുടെ അടുത്തായിരുന്നു. ആ മൂപ്പരുടെ പേര് എനിക്കോർമ്മയില്ല. പക്ഷേ, മൂപ്പരുടെ മകളുടെ പേരെനിക്കോർമ്മയുണ്ട്. അന്നപൂർണേശ്വരി. ഞങ്ങൾ ഒരേ
പ്രായക്കാരായിരുന്നു. മൂപ്പരുടെ
പേരറിയില്ലെങ്കിലും ആ രൂപം ഞാൻ മറക്കില്ല. ഒരു ആറ് ആറേകാൽ അടി പൊക്കവും
നല്ല കറുത്ത നിറവുമുള്ള മൂപ്പർക്ക് അങ്ങേരേക്കാൾ വലിപ്പമുള്ള ഒരു ചവിട്ട്
കൂറ്റൻ ഉണ്ടായിരുന്നു. അതുകൂടാതെ
കാളയെ പൂട്ടി എണ്ണ ആട്ടുന്ന ഒരു മര ചക്കും. ചെറുപ്പത്തിലേ അവിടെ തേങ്ങ ആട്ടാൻ
പോകുമ്പോൾ ചക്കിൽ നിന്നും പിണ്ണാകെടുത്ത് തിന്നുന്നതും ആളുകൾ പശുവിനെ ചവിട്ടിക്കാൻ
കൊണ്ട് വരുന്നതും, പിന്നെ അത്
നോക്കി നിൽക്കുന്നതും ഒക്കെ എനിക്ക് വല്യ ഇഷ്ടമായിരുന്നു.
സെക്സിന്റെ ആദ്യ പാഠങ്ങൾ ഞാൻ കണ്ട് പഠിച്ചത് അവിടുന്നായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. എന്നാൽ എരുമയെ ചവിട്ടിക്കാൻ കൊണ്ടുപോയിരുന്നത്
കീഴ്മാടൻ ആഗസ്തി ചേട്ടന്റെ അടുത്തായിരുന്നു. ആഗസ്തി ചേട്ടന്റെ വീട് കാലടിക്ക് പോകുന്ന റോഡിന്റെ സൈഡിലായിരുന്നതിനാൽ
അവിടെയും കാഴ്ച്ചക്ക് തടസ്സം ഒന്നും ഉണ്ടായിരുന്നില്ല. പോത്ത് ഒരോ എരുമയേയും ചവിട്ടി കഴിയുമ്പോൾ ആഗസ്തി ചേട്ടൻ പോത്തിന് ഈരണ്ട്
പച്ചമുട്ട കൊടുക്കുമായിരുന്നു. അതെന്തിനായിരുന്നൂ
എന്ന് അന്നറിയില്ലായിരുന്നു എങ്കിലും പിന്നീട് മനസ്സിലായി.
ങാ..അത് പോട്ടെ. ഞാൻ പറഞ്ഞു വരുന്നത് ഈ മൃഗങ്ങളുടെ സൌന്ദര്യ ബോധത്തെ ക്കുറിച്ചാണല്ലോ. ചെറുപ്പത്തിൽ ഞങ്ങൾക്കൊരു ആട് ഉണ്ടായിരുന്നു. കറുത്ത രോമങ്ങളുള്ള ഒരു വയസ്സി ആട്. ആടിനെ ചവിട്ടിക്കാൻ കൊണ്ട് പോയിരുന്നത് കാലടി
ടൌണിൽ തന്നെയായിരുന്നു. കാലടി
പഞ്ചായത്തിലുള്ള മുഴുവൻ ആടുകളേയും ആൾക്കാർ അവിടെ കൊണ്ടുവരും. കാലടി
ചന്തയിൽ രണ്ട് കൂറ്റൻ ആടുകളാണുണ്ടായിരുന്നത്. ചന്തയിലെ കേടായ പച്ചക്കറികളും കടകളുടെ ചുമരുകളിൽ ഒട്ടിക്കുന്ന സിനിമാ
പോസ്റ്ററുകളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം. ടൌണിൽ തന്നെ വീടുള്ള ആരുടേയോ ആടുകളാണെങ്കിലും രാത്രിയും പകലും അവ ടൌണിലും
കടയുടെ വരാന്തയിലും ഒക്കെതന്നെയുണ്ടാകും. ഉടമസ്ഥൻ ഇല്ലാത്തതുകൊണ്ട് കാശ് കൊടുക്കാതെ കാര്യം സാധിക്കാം
എന്നതായിരുന്നു എല്ലാവരും ആടുകളെ ടൌണിൽ കൊണ്ടുവന്നിരുന്നത്. അങ്ങിനെ ഒരു വാവിന് ഞാനെന്റെ വയസ്സി
ആടിനേയുമായി കാലടിക്ക് പോയി. കാലടി
ടൌണിലുള്ള കള്ളുഷാപ്പിന്റെ മുന്നിലെത്തിയതും കൂറ്റന്മാരിൽ ഒന്ന് ആക്രാന്തത്തോടെ
ഓടി വന്നു. ഉടനേ ഞാൻ എന്റെ ആടിനെ
തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ചേർത്ത് കെട്ടി. ഓടി വന്ന ആ കൂറ്റൻ പെട്ടന്ന് എന്തോ കണ്ട് പേടിച്ചതുപോലെ ഒരൊറ്റ നിൽപ്പും
പിന്നെ ഒരൊറ്റ ഓട്ടവും. എനിക്ക്
കാര്യം മനസ്സിലായില്ല. അപ്പോഴാണ്
ഞാൻ ആ കാഴ്ച്ച കണ്ടത്. ദൂരെ നിന്നും
നല്ല വെളുത്ത് പ്രായം കുറഞ്ഞ ഒരു
ആടിനെയുമായി മറ്റൊരു ചേട്ടൻ ഇതേ ആവശ്യത്തിന് വരുന്നു. അദ്ദേഹത്തിന് ആ ആടിനെ പോസ്റ്റിൽ കെട്ടാൻ പോലും
സമയം കൊടുക്കാതെ അവൻ കാര്യം നടത്തിയതോ പോട്ടെ. ഒന്ന് തിരിഞ്ഞൊന്നു നോക്കാൻ പോലും നിൽക്കാതെയുള്ള ആ പോക്ക് , അതാണെന്നെ വിഷമിപ്പിച്ചത്. ഒടുവിൽ
ഞാൻ എന്റെ വയസ്സിയാടിനായി മറ്റേ കൂറ്റനെ അന്വേഷിക്കേണ്ടി വന്നു.. രണ്ടാമനെ കണ്ട് കാര്യം നടത്തി തിരിച്ച്
പോന്ന്നപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. മനുഷ്യർക്ക് മാത്രമല്ലാ മൃഗങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന്..