Thursday 21 February 2013

തലവിധി

തലവിധി
ബാല്യത്തിൽ ഞാൻ കുസൃതി കാട്ടിയപ്പോൾ മാതാപിതാക്കൾ പറഞ്ഞൂ, “മൊട്ടേന്ന് വിരിഞ്ഞില്ലാ അതിനു മുൻപേ തുടങ്ങി, കാർന്നോന്മാരുടെ പേരു കളയാൻ., മര്യാദക്ക് നടന്നോണം”. ഓകെ. അങ്ങിനെ കാർന്നോന്മാരുടെ പേരു കളയാതിരിക്കാൻ ഞാൻ അവർക്ക് വേണ്ടി മര്യാദക്കാരനായി. കൌമാരത്തിലായപ്പോൾ അവർ പറഞ്ഞൂ, “ആ.. നിന്നെ കണ്ട് രണ്ടുമൂന്നെണ്ണം താഴെ വളരുന്നുണ്ട്. അവർക്ക് മാതൃകയാകേണ്ടവനാ, എന്നിട്ടിങ്ങിനെ.”. ഓ.. ശെരി. ഞാൻ മൂത്ത സന്താനമായിപ്പോയല്ലോ. അങ്ങിനെ ഇളയവർക്ക് വേണ്ടി കൌമാരവും.. കഴിഞ്ഞു. യൌവ്വനത്തിൽ ഇത്തിരി തെമ്മാടിത്തരമൊക്കെയാകമെന്ന് വച്ചപ്പോൾ അവർ പറഞ്ഞു,, “ങാ.. പെണ്ണ് കെട്ടാനുള്ള പ്രായമായി. ഇങ്ങിനെ തെമ്മാടിത്തരവും കൊണ്ട് നടന്നാൽ നിനക്ക് പെണ്ണല്ലാ കിട്ടുന്നത്.. ”ഓ.. പെണ്ണ് കെട്ടാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങിനെ പെണ്ണിന് വേണ്ടി യൌവ്വനവും.. ഒടുവിൽ പെണ്ണ് കെട്ടി. അപ്പോൾ നാട്ടുകാർ പറഞ്ഞു.. “ എടാ. അടങ്ങിയൊതുങ്ങി ജീവിക്കാൻ മേലേ. ഒരു പെണ്ണ് വീട്ടിലുണ്ടെന്നെങ്കിലും ഓർക്ക്.” അങ്ങിനെ ഭാര്യക്ക് വേണ്ടിയായി പെന്നെയുള്ള ജീവിതം. അധികം താമസിയാതെ കുട്ടികളും ആയി. ഇനിയെങ്കിലും.. എവിടെ? അതും നടന്നില്ല. പിന്നെ പിള്ളേർക്ക് വേണ്ടിയായി.. കാലങ്ങൾ അങ്ങിനെ ഒത്തിരി കഴിഞ്ഞുപോയി.. ഇനിയെങ്കിലും ഒന്ന് അടിച്ചുപൊളിക്കാമെന്ന് വച്ചപ്പോൾ ഭാര്യ പറയുന്നൂ.. “ ങാ.. നിങ്ങളിങ്ങനെ നാടകവും ഓട്ടൻ തുള്ളലുമൊക്കെയായി നടന്നോ.. മക്കൾ കെട്ടു പ്രായമായി എന്നൊരോർമ്മ വേണം.”.. അല്ലാ ഞാൻ ആലോചിക്കുവാ .. ഇനി എന്ന് ജീവിക്കും എനിക്ക് വേണ്ടി.. നിങ്ങടെ കാര്യവും ഇങ്ങിനെയൊക്കെയാണോ?..

No comments: