Tuesday 28 September 2010

കോമൺ വെൽത്ത് ഷെയിം

ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന പുത്തൻ പുത്തൻ ഗൈയിംസ് വാർത്തകൾ ഓരോ ഇൻഡ്യക്കാരന്റെയും അഭിമാനം വാനോളം ഉയർത്തുകയാണ്. ഒടുവിലായി പാമ്പ് പിടുത്തം കൂടി മത്സര ഇനമായി ചേർക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു


ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും മുഴുവൻ സ്വർണ്ണവും തൂത്ത് വാരി ഇൻഡ്യ കുതിക്കുകയാണ്..

ലോകത്തിന്റെ മുന്നിൽ തങ്ങളുടെ തനി സ്വഭാവം ഇതാണെന്ന് കാണിക്കാൻ സഹായിച്ച ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാ‍ലും അധികമാകില്ല. ഇതാണ് ലോകരേ യധാർത്ഥ ഇൻഡ്യ. നാണക്കേടിന്റെ ഇൻഡ്യ. അഴിമതിയുടെ ഇൻഡ്യ. കെടുകാര്യസ്ഥതയുടെ ഇൻഡ്യ. 2003 നവംബറിൽ കോമൺ വെൽത്ത് ഗെയിംസ് നടത്താൻ ഇൻഡ്യക്ക് നറുക്ക് വീണപ്പോൾ മുതൽ ഇതിന്റെ പേരിൽ കോടികൾ മുടക്കിയുള്ള വിദേശ പര്യടനങ്ങൾ. 5 വർഷത്തെ പര്യടനങ്ങളും വിശദമായ പഠനങ്ങളും കഴിഞ്ഞ് പണി തുടങ്ങിയത് 2 വർഷം മുൻപ്. ഇനി ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാലും പണികൾ ബാക്കി. ഇതിന് വേണ്ടി രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ കഴുതകളേപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം 75 ഇൻഡ്യൻ രൂപ. ഈ ഗെയിസിന് വേണ്ടി വരുന്ന മുതൽ മുടക്ക് 1.5 ബില്ല്യൺ പൌണ്ട്. ആയിരക്കണക്കിന് കോടികളിൽ സിംഹ ഭാഗവും പോകുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്ക്. പ്രാഥമിക സൌകര്യങ്ങൾ പോലും ഇല്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ 45 പേർ ഇത് വരെ അപകടങ്ങളിൽ മരിച്ചുവെന്ന് സർക്കാർ കണക്ക്. ഇൻഡ്യക്കാരന്റെ “വേറിട്ട വൃത്തിയിൽ” അസുഖം ബാധിച്ച് മരിച്ചവർ ഇതിലും എത്രയോ മടങ്ങ്. ഇൻഡ്യ വളരുകയാണെന്ന് കണക്കുകളിൽ. പക്ഷേ ഒരു ഇൻഡ്യക്കാരൻ എവിടെ നിൽക്കുന്നു എന്ന് ലോകത്തെ അറിയിക്കാൻ ഈ കോമൺ വെൽത്ത് കൊണ്ട് നമുക്ക് സാധിച്ചല്ലോ. അഭിമാനിക്കൂ ഇൻഡ്യാ, അഭിമാനിക്കൂ.

Sunday 22 August 2010

മാവേലിയും ഓണവും പിന്നെ ഞാനും



“മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ”
ഇതാണ് ഓണത്തിന്റെ അന്ത:സത്ത. ഈ വരികൾ ഒന്നിരുത്തി വായിച്ചാൽ ഒരു വിരോധാഭാസം നമുക്ക് കാണാം. മാവേലി നാട് ഭരിക്കുന്നു. പ്രജകൾ ഭരിക്കപ്പെടുന്നു. അപ്പോൾ ഇതിനിടയിൽ ഭരണം നടപ്പാക്കാൻ തീർച്ചയായും കുറേ ഭരണകർത്താക്കളും കാണും. ഇവിടെ തന്നെ ജനം മൂന്ന് തട്ടിലാണ്. അപ്പോൾ അവിടെ തീർച്ചയായും അസംതൃപ്തിയും,അടിച്ചമർത്തലും, അസ്വാതന്ത്ര്യവും എല്ലാം കാണും. അപ്പോൾ എങ്ങിനെ ഏവരും ആമോദത്തോടെ ഒന്നായി കഴിയും. അങ്ങിനെ നോക്കിയാൽ ഏവരുമൊന്നായി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.
ഇതെല്ലാം ഏവരും സമന്മാരായി സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം സ്വപ്നം കണ്ട അടിച്ചമർത്തപ്പെട്ട നമ്മുടെ പൂർവ്വികരുടെ ഒരു വലിയ ആഗ്രഹം മാത്രമായി മാത്രമേ കാണാൻ പറ്റൂ. ഒരു മരീചിക പോലെ അനുനിമിഷം അകന്നുകൊണ്ടിരിക്കുന്ന ഒരിക്കലും സഫലമാകാത്ത ഒരു സുന്ദര സ്വപ്നം.

എങ്കിൽ പിന്നെ ഈ ഓണവും മാവേലിയും മഹാബലിയും ഒക്കെ എന്താണ്? ഇവിടെയാണ് നമ്മുടെ പ്രസക്തി. ഈ മാവേലിയും മഹബലിയുമൊക്കെ നാം തന്നെയായാൽ ഇവിടെ ഓണം പുലരും. അതെങ്ങിനെ നമുക്ക് മാവേലിയാകാൻ പറ്റും? തീർച്ചയായും നാം മനസ്സുവച്ചാൽ നമുക്കതിന് കഴിയും. മരച്ചില്ലയിൽ കൊക്കുരുമ്മി രസിക്കുന്ന ഇണക്കിളികളെ അമ്പെയ്യാൻ ഓങ്ങി നിൽക്കുന്ന വേടനോട് കവി പറയുന്നു “മാ നിഷാദ”. സംസ്കൃതത്തിൽ ‘മാ‘ എന്നാൽ അരുത്. ‘നിഷാദം’ കാട്ടാളൻ അല്ലെങ്കിൽ വേടൻ. ‘അരുത് കാട്ടാളാ’ എന്നർത്ഥം. അപ്പോൾ മാ വേലി എന്നാൽ ‘വേലി’ അല്ലെങ്കിൽ ‘മതിലുകൾ അരുത്’ എന്നർത്ഥം. ഏത് മതിലുകൾ? നമ്മുടെ മനസ്സിലും, ചിന്തയിലും, പ്രവർത്തിയിലുള്ള മതിലുകൾ. ഉത്തമനും അധ:മനുമെന്ന, പണ്ഡിതനും പാമരനുമെന്ന, കുചേലനും കുബേരനുമെന്ന, കറുത്തവനും വെളുത്തവനുമെന്ന മതിലൂകൾ, ജാതി മത വർഗ്ഗ വർണ്ണ മതിലുകൾ. ഇവ ഇല്ലാതായാൽ എല്ലാം നമുക്ക് നേടാം. ഈ ലോകത്തെ സമസ്ത ജീവ ജാലങ്ങൾക്കും അതിന്റേതായ കഴിവും കർത്തവ്യവുമുണ്ട്. ഒരു തേനീച്ചക്ക് സാധിക്കുന്നത് ഒരു ആനക്ക് സാധിക്കില്ല. ഒരു മിന്നാമിനുങ്ങിന് സാധിക്കുന്നത് ഉഗ്രപ്രതാപികളെന്ന് നടിക്കുന്ന നമുക്ക് സാധിക്കുമോ? അപ്പോൾ നാം എല്ലാത്തിനേയും എല്ലാവരേയും അംഗീകരിക്കണം. അതിന് നാം എന്ത് ചെയ്യണം? നാം മഹാബലിയാകണം. എങ്ങിനെ? നമ്മുടെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾ, ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ, പ്രവർത്തികൾ തുടങ്ങി എല്ലാം നാം മറ്റുള്ളവർക്ക് വേണ്ടി ബലികഴിച്ചാൽ നാം മഹാബലിയായി. മറ്റുള്ളവരുടെ സന്തോഷത്തിനായി നമ്മുടെ സന്തോഷങ്ങൾ ബലികഴിക്കുക. ഇങ്ങിനെ ഓരോരുത്തരും പ്രവർത്തിച്ചാൽ, ഇത്തരം നല്ല ചിന്തകൾ നമ്മെ ഭരിച്ചാൽ നമ്മുടെ പൂർവ്വികർ കണ്ട ഓണം എന്ന ആ മഹത് സ്വപ്നം പൂവണിയും.
ഏവർക്കും തിരുവോണാശംസകൾ ...

Saturday 3 April 2010

ഈസ്റ്റർ വിചാരം



മനുഷ്യൻ മൃഗത്തിൽ നിന്നും പരിണാമം സംഭവിച്ചുണ്ടായതാണെന്ന് ശാസ്ത്രവും, അതല്ല ദൈവത്തിന്റെ സൃഷ്ടിയാണെന്ന് മതങ്ങളും വാദിക്കുമ്പോഴും ഒരു കാര്യം അടിവരയിട്ടുറപ്പിക്കാതെ വയ്യ. മനുഷ്യന്റെ മൃഗീയതക്ക് മനുഷ്യോൽ‌പ്പത്തിയോളം തന്നെ പഴക്കമുണ്ട്. ക്രൈസ്തവ വിശ്വാസമനുസരിച്ച് ആദം ആണ് ആദ്യത്തെ മനുഷ്യൻ. പിന്നീട് ഹവ്വയും അവർക്ക് ആബേലും കായേനും എന്ന് രണ്ടു മക്കളും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊല്ലുന്നതിലൂടെ മൃഗീയതയുടെ മനുഷ്യരൂപം ലോകം ആദ്യം കാണുന്നു. പിന്നീടിങ്ങോട്ട് മൃഗീയതയുടെ എല്ലാ സ്വഭാവ സവിശേഷതകളും പഴയ നിയമം തുറന്നാൽ കാണാൻ കഴിയുന്നുണ്ട്. കൊല്ലും കൊലയും മാത്രമല്ല മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന അതിക്രമങ്ങൾ, കുത്തഴിഞ്ഞ ലൈംഗികത, സ്വവരഗ്ഗ രതി,പീഠനങ്ങൾ , ചതി, വഞ്ചന, അടിമത്ത്വം, വർഗ്ഗീയത, അങ്ങിനെ പലതും. കാലങ്ങൾ മാറി, സാവധാനം മനുഷ്യൻ മാറുകയും മാനുഷിക മൂല്യങ്ങൾക്ക് വിലകൽ‌പ്പിച്ച ഒരു നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുകയും ചെയ്തു. കാലചക്രം പിന്നേയും തിരിഞ്ഞു കൊണ്ടിരുന്നു. ഒരു പകലിന് ഒരു രാത്രി, ഒരു കയറ്റത്തിന് ഒരിറക്കം, ഒരു സുഖത്തിന് ഒരു ദുഃഖം.ഇതാണല്ലോ പ്രകൃതി നിയമം. ഇത് തന്നെ വീണ്ടും ആവർത്തിക്കപ്പെടും. മൃഗത്തിൽ നിന്നും മനുഷ്യനിലേക്കും വീണ്ടും മൃഗത്തിലേക്കുമുള്ള ആ വൃത്തം ഇപ്പോൾ ഏകദേശം പൂർത്തിയായിക്കോണ്ടിരിക്കുകയാണ്. മൃഗങ്ങൾക്ക് പ്രതികരണ ശേഷിയുണ്ടായിരുന്നെങ്കിൽ മൃഗത്തിൽ നിന്നുമാണ് മനുഷ്യൻ ഉണ്ടായതെന്ന ശാസ്ത്ര വാദത്തിനെതിരെ അവർ മാന നഷ്ടത്തിന് കേസ്സുകൊടുക്കുമായിരുന്നു. മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന പ്രവർത്തികളിലേക്ക് അത്രമാത്രം മനുഷ്യൻ അധഃപതിച്ചു കഴിഞ്ഞു. സമകാലിക ലോക സംഭവങ്ങളിലൂടെ കണ്ണോടിച്ചാൽ നമ്മേക്കാൾ ഭേദം മൃഗങ്ങളാണെന്ന് കാണാം. മൃഗത്തിൽ നിന്നും മനുഷ്യനിലൂടെ സഞ്ചരിച്ച് വീണ്ടും മൃഗത്തിലേക്കുള്ള യാത്രയിലാണ് ഇന്ന് മനുഷ്യൻ. മനുഷ്യനും (Man) മൃഗവും (Animal ) തമ്മിൽ ഒരു M ന്റെ വ്യത്യാസമേയുള്ളൂ. Animal ന്റെ മുൻപിൽ ഒരു M ചേർത്താൽ Man-imal ആയി. മനുഷ്യമൃഗം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിൾകുടി ബന്ധം നാം അറുത്തുമാറ്റി. ജീവിതം ഒരു യന്ത്രത്തിന് തുല്യമാക്കി. ജനിച്ച് വീഴുന്ന കുട്ടികൾ മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ യന്ത്രത്തെ സ്നേഹിക്കുന്നു. അമ്മയുടെ താരാട്ടിന് പകരം അവൻ സ്റ്റീരിയോയിലെ ഘോര സംഗീതം കേട്ടുണരുന്നു, ഉറങ്ങുന്നൂ. മണ്ണിൽ കളിക്കുന്നതിന് പകരം സെക്സും, വയലൻസും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചു വളരുന്നു. നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ട് യന്ത്രങ്ങളോടൊപ്പം വളരുന്ന അവനിൽ സ്നേഹം,ദയ, കാരുണ്യം തുടങ്ങിയ നല്ല വികാരങ്ങൾ കണ്ടില്ലെങ്കിൽ നാം ആരെ കുറ്റം പറയും. ഇവിടെ ബന്ധങ്ങളില്ല, സ്വന്തങ്ങളില്ലാ, സഹോദരനും സഹോദരിയും അച്ഛനും അമ്മയുമില്ല. എല്ലാം ഉപയോഗിച്ച് വലിച്ചെറിയാവുന്ന പലതരം ഗെയിമുകൾ മാത്രം. അപ്പോൾ മൃഗവും മനുഷ്യനും തമ്മിലുള്ള അന്തരം കുറയുന്നു. സ്വന്തം സുഖമാണ് പരമ പ്രധാനം എന്ന് ഏവരും കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാതെ വളരുന്ന യുവത്വം ടോയ്ലറ്റിലൊളിപ്പിച്ച ക്യാമറയിൽ സ്വന്തം സഹോദരിയുടെ നഗ്നത കണ്ട് സായൂജ്യമടയുന്നു. സ്വന്തം വീട്ടിലെ ബെഡ് റൂമിൽ ധൈര്യമായി ഉറങ്ങാൻ മാതാപിതാക്കൾ വരെ പേടിക്കേണ്ടിയിരിക്കുന്നു. അച്ഛനും മകളും തമ്മിൽ, അമ്മയും മകനും തമ്മിൽ, സഹോദരനും സഹോദരിയും തമ്മിൽ, ഗുരുവും ശിഷ്യരും തമ്മിൽ അവിശുദ്ധ ബന്ധങ്ങൾ. ആരോപണങ്ങൾ അങ്ങ് വത്തിക്കാനിൽ വരെ എത്തി നിൽക്കുന്നു. നരകാഗ്നിയിലേക്ക് ഒരു ശലഭത്തേപ്പോലെ പറന്നടുക്കുന്ന ലോകം. ഈ മൂല്യച്യുതിയല്ലേ ഇന്ന് നാം അനുഭവിക്കുന്ന ഈ അശാന്തിക്കെല്ലാം കാരണം. ആര് ആരെ കുറ്റം പറയും? നാം തന്നെയല്ലേ ഇതിനെല്ലാം കാരണക്കാർ. എല്ലാം എന്റെ പിഴ തന്നെ. എങ്ങും നടമാടുന്ന തിന്മകൾ. സർവ്വ നാശത്തിലേക്കുള്ള ഈ കുതിപ്പാ‍ണോ പുരോഗതി എന്ന് നാം ഘോരഘോരം വിളിച്ചു കൂവുന്നത്. ഒരു കാര്യത്തിൽ നാം ഭാഗ്യവാന്മാരാണ്. നാശത്തിലേക്കുള്ള ആ ഓട്ടത്തിന്റെ ആദ്യപാദത്തിലാണ് നാമിപ്പോൾ. ഫിനിഷിംഗ് കാണാനുള്ള ആയുസ്സ് നമുക്കെന്തായാലും ഉണ്ടാകില്ല.. നമ്മുടെ അടുത്ത തലമുറകളുടെ കാര്യമാണ് ഏറെ കഷ്ടം. ഈ പോക്ക് പോയാൽ ഈ ലോകത്ത് ഇനി എത്ര തലമുറകൾ കൂടി ഉണ്ടാകും എന്ന് കണ്ടറിയണം. കളങ്കിതമായ ഈ ജനതയെ പുനരുദ്ധരിക്കാൻ ദൈവം ഇനിയും സ്വന്തം തിരുക്കുമാരനെ അയക്കുമോ? അതോ, മറ്റൊരു പ്രളയത്തിലൂടെ സർവ്വവും നശിപ്പിക്കുമോ? അങ്ങിനെ വന്നാൽ പെട്ടകത്തിലേറാൻ നമുക്ക് മറ്റൊരു നോഹിനെ കിട്ടുമോ? അങ്ങിനെ നമുക്ക് പ്രത്യാശിക്കാം. ഏവർക്കും പ്രത്യാശയുടെ ഉത്സവമായ ഈസ്റ്ററിന്റെ ആശംസകൾ.