Saturday 2 March 2013

ജനന മരണങ്ങൾ യാദൃശ്ചികമോ? വിധികൽ‌പിതമോ?


കുറേ നാളുകളായി അല്ലെങ്കിൽ ഈ യൂറോപ്പിൽ വന്നതിന് ശേഷം എന്റെ മനസ്സിൽ തോന്നുന്ന ചില ചോദ്യങ്ങളിൽ ഒന്നാണിത്. ഈ ലോകവും അതിലെ സകല ചാരാചരങ്ങളും സൃഷ്ടിച്ചത് ഒരു വലിയ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവമെന്ന് വിളിക്കുന്ന ആ ശക്തിയിൽ എനിക്ക് തെല്ലും വിശ്വാസക്കുറവില്ല. എന്നാൽ ആ ശക്തിയുടെ ഇടപെടലുകൾ ഇന്ന് മനുഷ്യരിലും മറ്റ് ചരാചരങ്ങളിലും ഉണ്ടോ എന്ന്, അല്ലെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ നിയന്ത്രണത്തിലാണൊ എന്നുള്ള ആ സംശയത്തിന് വ്യക്തമായ ഒരു ഉത്തരം കിട്ടാനാണ് ഞാൻ ഇതെഴുതുന്നത്. ലോകത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം ആണെങ്കിലും വിശ്വാസികളിൽ ഒന്നാം സ്ഥാനം നമുക്ക് തന്നെയാണ്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരാണ് 99 ശതമാനവും. എന്നാൽ വിശ്വാസവും പ്രവർത്തനവും തമ്മിൽ ഒരു ബന്ധവുമില്ലാത്തവരുടെ നാടും ഇത് തന്നെയല്ലേ.. വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. കോടാനുകോടികൾ പങ്കെടുക്കുന്ന കുംഭമേള മുതൽ , കോടികൾ ശരണമന്ത്രവുമായെത്തുന്ന ശബരിമലയും, ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാലയും പതിനായിരങ്ങൾ പങ്കെടുക്കുന്ന ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളും, പതിനായിരങ്ങൾ  നോമ്പും പ്രാർത്ഥനയുമായി കഴിയുന്ന മുസ്ലീം സമൂഹങ്ങളും ഒക്കെയുള്ള ഒരു രാജ്യം.. ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വിശ്വാസികൾ. എന്നിട്ടും കൊടും ക്രൂരതകളുടേയും ലജ്ജിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടേയും എണ്ണം നാൾക്കുനാൾ കൂടി വരുന്നു. ഈ വിശ്വാസികളുടെ വിശ്വാസങ്ങൾ കപടമായതുകൊണ്ടാണോ ദൈവത്തിന്റെ ഇടപെടലുകൾ ഇല്ലാതെ പോകുന്നത്? ഇൻഡ്യയിൽ ഒരു വർഷം പെൺകുട്ടിയാണെന്നറിഞ്ഞാൽ ഗർഭത്തിൽ വച്ച് തന്നെ പരലോകം പൂകുന്ന കുട്ടികളുടെ എണ്ണം 25 ലക്ഷത്തിലേറെയാണെന്ന് ഔദ്യോഗിക കണക്ക്. മൊത്തം ഗർഭശ്ചിദ്രം അതിലും പല മടങ്ങ് വരും. ഇവർ ജനിക്കാതിരിക്കുന്നതിൽ അല്ലെങ്കിൽ ഇവരെ കൊല്ലുന്നതിൽ ദൈവത്തിന് പങ്കുണ്ടോ. അതോ അവരുടെ മാതാപിതാക്കൾക്ക് മാത്രമാണോ ഉത്തരവാദിത്വം? ജനിച്ച് വീഴുന്ന കുരുന്നുകളെ മുതൽ ഡെൽഹിയിലെ ജ്യോതി വരെ ലൈംഗിക പീഠനമേറ്റ് മരണപ്പെട്ടത് ദൈവഹിതമാണോ? അതോ അതിനുത്തരവാദി നമ്മുടെ സമൂഹമാണോ?. ഈ അടുത്ത കാലത്ത് കേരളത്തിലെ അമ്പലങ്ങളിൽ ഉത്സവത്തിന് കൊണ്ടു വന്ന ആനകളുടെ കുത്തേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഒരു ഡസനിലേറെ വരും. ഇത് ദേവിയുടെ അല്ലെങ്കിൽ ദേവന്റെ തീരുമാനമായിരുന്നോ? ഇൻഡ്യയിൽ അഞ്ചു ലക്ഷത്തിലേറെ പേർ ഒരു വർഷം പേപ്പട്ടി വിഷബാധയേറ്റ് മരിക്കുന്നു. അതിലുമേറെ പേർ പമ്പുകടിയേറ്റ് മരിക്കുന്നു. പതിനായിരങ്ങൾ കിണറിൽ വീണും കരണ്ടു പിടിച്ചും  മരിക്കുന്നു. ചില നിയന്ത്രണങ്ങളിലൂടെ ഇത്തരം മരണങ്ങളിൽ ഭൂരിഭാഗവും, അല്ലെങ്കിൽ തീർത്തും ഇല്ലാതാക്കാൻ  വികസിത രജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ഒരു രാജ്യത്തുള്ളവർ ഇങ്ങിനെ മരിക്കണമെന്നും മറ്റൊരു രാജ്യത്തുള്ളവർ അങ്ങിനെ മരിക്കണ്ടാ എന്നും ദൈവം തീരുമാനിക്കുമോ? ആശുപത്രികളിലെ വെന്റിലേഷനുകളിൽ ജീവൻ രക്ഷാ ഉപകരണത്തിന്റെ ബലത്തിൽ മാത്രം മരിച്ച് ജീവിക്കുന്ന അനേകം പേർ ഈ രാജ്യത്തുണ്ട്. മാതാപിതാക്കളുടെ, അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവ് കിട്ടിയാൽ ഓക്സിജൻ കണക്ഷൻ വിശ്ചേദിച്ച് പരലോകം പൂകാൻ കാത്തുകിടക്കുന്ന ഇവരുടെ ജീവന്റെ കാവൽക്കാർ ആരാണ്? ആകെ ഒരാശയക്കുഴപ്പം.“ അവന്റെ വിധി അതാണ് എന്നുള്ള അർത്ഥമില്ലാത്ത പതിവ് ഉത്തരമല്ലാതെ എന്റെ സംശയനിവാരണത്തിന് വ്യക്തമായ ഉത്തരം തരാൻ കഴിയുന്നവരിൽ നിന്നും ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം..ഞാൻ.   

No comments: