Monday 26 January 2009

കാളയില്ലാനാട്ടിലെ പശുവിന്റെ പാതിവ്രുത്യം

കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മയക്കുമരുന്നു ‘വിരുത്ത‘ സ്കോഡിന്റെ തലവന്‍, മലയാളി ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്‍ സജി മോഹന്‍ പിടിയില്‍. കേരളത്തിനു കിട്ടിയ റിപ്പ്ബ്ലിക് ദിന മെഡല്‍. ജീവനക്കാരുടെ കോടികള്‍ വരുന്ന പീ. എഫ്. ഫണ്ട് അടിച്ചുമാറ്റിയതിനു സുപ്രീം കോടതി ജഡ്ജ് ഉള്‍പ്പെടെ 30 ജഡ്ജിമാരുടെ പേരില്‍ കേസ്സെടുത്തു. അഴിമതിക്കെതിരെ ഘോരഘോരം കണ്ട്ഠക്ഷോഭം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിനവ ഭീഷ്മാചാര്യന്‍ 300 കോടിയുടെ അഴിമതിക്കേസ്സില്‍. നീതിന്യായവും,നിയമനിര്‍മ്മാണവും, കാര്യനിര്‍വഹണവും ഇതുപോലെ ഒത്തൊരുമിച്ചു നീങ്ങുന്ന ഒരു രാജ്യം വേറെയേതുണ്ട്? ഈ ജഗത്രയന്‍മാരുടെ ലീലാവിലാസങ്ങള്‍ കണ്ട് ഏതൊരു ഭാരതീയനും, ഏതൊരു കേരളീയനും രോമമുണ്ടെങ്കില്‍ രോമാഞ്ജകഞ്ജുകിതരാകേണ്ടതാണ്. അതിനുപകരം ഇതിനെതിരേ അധരവ്യായാമം‌ നടത്തുന്നത് അസൂയമൂത്തിട്ടാണു. തങ്ങളേക്കൊണ്ട് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍‌‌ ചെയ്യുമ്പോളുള്ള മുഴുത്ത അസൂയ. അവരവരേക്കൊണ്ട് പറ്റുന്നതുപോലെയല്ലേ ചെയ്യാന്‍പറ്റൂ. പറ്റാത്തവരെ കാളയില്ലാ രാജ്യത്തെ പശുവിന്റെ പാതിവ്രുത്യത്തോടുപമിക്കാം. മന്തുള്ള കാല്‍‌ മണലില്‍ പൂഴ്ത്തി വച്ചിട്ട് മറ്റുള്ളവരെ മന്താ... മന്താ.. എന്നുവിളിക്കരുത്. ഇവരൊക്കെ നമ്മുടെ തന്നെ നിഴലുകളല്ലേ?. അണ്ണറക്കണ്ണനും തന്നാലായത്... പശുവുള്ള വീട്ടമ്മ പാല്‍ കൊടുക്കുമ്പോള്‍ അല്പം വെള്ളം ചേര്‍ക്കുന്നു. വാ‍ഴക്രുഷി ചെയ്യുന്ന കര്‍‌ഷകന്‍ വാഴക്കുലയുടെ കൊടപ്പനില്‍ യൂറിയാ കലക്കിനിറച്ച പൊളിത്തീന്‍ സഞ്ചി കെട്ടിവയ്ക്കുന്നു. പലവ്യഞ്ജന വ്യാപാരി തൂക്കത്തില്‍ അല്പം വെട്ടിക്കുന്നു,അരിയില്‍ അല്പം മണല് ചേര്‍‌ക്കുന്നു, കറിപ്പൊടിയില്‍ അല്പം ഇഷ്ടികപ്പൊടീ ചേര്‍‌ക്കുന്നൂ. ഭൂമി വാങ്ങുന്നവന്‍ യഥാര്‍ഥ വിലയുടെ പത്തിലൊന്നുപോലും കാണിക്കാതെ രെജിസ്റ്ററേഷന്‍ നടത്തുന്നു. സ്ത്രീധനം നിരോധിച്ച നാട്ടില്‍ നാം അതു വാങ്ങുന്നു,, കൊടുക്കുന്നു. കാര്യങ്ങള്‍ വേഗം നടത്തിക്കിട്ടാന്‍ നാം ‘കയിക്കൂലി ‘കൊടുക്കുന്നൂ വാങ്ങുന്നൂ. ഇനി ഒരാത്മ പരിശോധന നടത്തിക്കേ. പാപമില്ലാത്തവരുണ്ടോ, കല്ലെറിയാന്‍?
പ്രിയമുള്ളവരേ, അഴിമതി ഓരോ ഭാരതീയന്റെയും ജന്മാവകാശമാണു. അതിനെ പ്രോത്സാഹിപ്പിക്കുക. ഭരണാഘടനാപരമായി ഇതിനു നിയമസാധുത കിട്ടാന്‍ നമുക്കൊന്നയി അണിചേരാം, മനുഷ്യച്ചങ്ങലകള്‍‌ തീര്‍ക്കാം. ഇങ്ങിനെ കിട്ടുന്ന വരുമാനത്തിനു VAT ഏര്‍പ്പെടുത്തി അത് ഘജനാവിലേക്ക് മുതല്‍കൂട്ടാം. ഇതാണു ഈ എളിയ കള്ളന്റെ അഭിപ്രായം. ഇവിടെ ഈ യൂ.കെ യിലായതുകൊണ്ട് ഞങ്ങള്‍ക്കതിനു കഴിയുമോയെന്ന് നിങ്ങള്‍ക്കാശങ്കയുണ്ടാകാം. ഇവിടെയാണെങ്കിലും നമ്മുടെ പാരമ്പര്യവും, സംസ്കാരവും ഞങ്ങള്‍ പരമാവധി ഉയര്‍ത്തിപ്പിടിച്ചാണു ഇതുവരെയും ജീവിച്ചുപോന്നിട്ടുള്ളത്. അഗ്രഹാരത്തില്‍ കഴിഞ്ഞതുകൊണ്ട് നായ വേദം പഠിക്കണമെന്നില്ലല്ലോ. ഒരു മാറ്റവും ഞങ്ങള്‍ക്ക് വന്നിട്ടില്ല. അതുകൊണ്ട് നിങ്ങളില്‍ ഒരാളായിത്തന്നെ ഞങ്ങള്‍ നിരവധി പേരിവിടുണ്ട്. ഞങ്ങള്‍ക്കു പറ്റാവുന്നതൊക്കെ ഞങ്ങളും ചെയ്യുന്നുണ്ട്. അനര്‍ഹമായി അവധി കിട്ടാന്‍ വേണ്ടി അവധി കഴിഞ്ഞ് വരുമ്പോള്‍ സിഗരറ്റ്മുതല്‍ സ്വര്‍ണ്ണ ചെയിന്‍ വരെ ഞങ്ങളുടെ മാനേജര്‍‌മാര്‍‌ക്ക് ഞങ്ങള്‍ നല്‍കിവരുന്നു. ആസ്ത്രേലിയായിലും, അമേരിക്കായിലും ഒക്കെ ജോലികിട്ടി പോകുമ്പോള്‍ ഞങ്ങള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം ഞങ്ങള്‍ re-mortgageഉം loanഉം ഒക്കെയായി കിട്ടുന്നതെല്ലാം വാങ്ങി നാട്ടിലേക്കയക്കുന്നു.ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയിട്ടുള്ള T.V FRIDGE, SOFA....തുടങ്ങിയവ ആര്‍‌ക്കെങ്കിലും കിട്ടുന്ന കാശിനു കൊടുക്കാറുണ്ട്. പിന്നെ എയര്‍‌പോര്‍‌ട്ടിലേക്ക് പോകുമ്പോള്‍ rent-a-car എടുക്കുകയും അവിടെ ചെന്നുകഴിയുമ്പോള്‍ അത് എയര്‍‌പോര്‍‌ട്ടില്‍ ഉപേക്ഷിച്ച് ആ കാശും ലാഭിക്കാറുണ്ട്. ഇതില്‍ കൂടുതല്‍ ഇനി എന്താണു ഞങ്ങള്‍ ചെയ്യേണ്ടത്. എന്തിനും ഏതിനും നിങ്ങളോട് ‘അയിക്കദാര്‍ഡ്യം‘ പ്രകടിപ്പിച്ച് ഞങ്ങളും നിങ്ങളോടൊപ്പ്മുണ്ട്. ലച്ചം ലച്ചം പിന്നാലേ... ഭാരത് മഹാന്‍ കീ... ജെയ്.....

Saturday 24 January 2009

സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ....


സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ആപത്തുകാലത്ത് മൂക്കില്‍ പഞ്ഞിവച്ച് കിടക്കാം

അങ്ങിനെ ഒരു ചാന്ത്രമാസം നീണ്ടു നിന്ന അവധിയും കഴിഞ്ഞ് യൂ.കെ.യില്‍ തിരിച്ചെത്തിയിട്ട് ആഴ്ച്ച രണ്ടാകാറായി. അവധിയുടെ ആലസ്യത്തില്‍ നിന്നും മോചനം കിട്ടിവരുന്നതേയുള്ളൂ. ക്രിസ്തുമസ്സും ന്യൂ-ഇയറും മാത്രമല്ല, തിരുന്നാളും കല്ല്യാണവും,പേറും പേരിടീലും, ചാവും ചാവടിയന്തിരവുംവരെ കൂടിയിട്ടാണു്‌ തിരിച്ചുവന്നിരിക്കുന്നത്. അവധിക്കാലം അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഹ്രുദയത്തിലെവിടെയോ ഒരു ചെറുനോവ് ബാക്കിനില്‍‌ക്കുന്നു. എന്റെ നാട്, എന്റെ ജന്മനാട് എന്നു ഞാന്‍ ഊറ്റംകൊണ്ടിരുന്ന എന്റെ നാട്ടില്‍ ഞാനൊരന്യനായി തീര്‍ന്നിരിക്കുന്നു എന്ന ഭീതിതമായ തിരിച്ചറിവ് ഒരുള്‍ക്കിടിലത്തോടെ ഹ്രുദയത്തിലേറ്റുവാങ്ങി മടങ്ങിയപ്പോള്‍,അതെ അന്യതാബോധവും കൂടെപ്പോന്നൂ എന്നുമാത്രമല്ല, ഏതാണെന്റെ നാട് എന്ന ചോദ്യവും എന്നെനോക്കി പല്ലിളിക്കുന്നു. ഏതൊരു പ്രവാസിക്കും ഇതേ ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം, അല്ലെങ്കില്‍ വരുമായിരിക്കാം. പാമ്പന്‍പാലത്തിന്റെ കരുത്തും ഉറപ്പുമുണ്ടായിരുന്ന ബന്ധങ്ങള്‍ പലതും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതുപോലെ ഉരുകിയുരുകിതീര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു കുശലാന്വേഷണത്തിനുപോലും സമയമില്ല. തിരക്കോടുതിരക്ക്. മാറ്റം എന്ന വാക്ക് ഒബാമ കേരളത്തില്‍ നിന്നും കോപ്പിയടിച്ചതാണോ എന്നൊരു സംശയം. അത്രക്കും മാറിയിരിക്കുന്നൂ, എന്റെ നാടും നാട്ടുകാരും. സംഭവാമി യുഗേ..യുഗേ..

സാമ്പത്തിക മാന്ദ്യം സാധാരണക്കാരെ അധികം ബാധിച്ചതായി തോന്നുന്നില്ല. എന്നാല്‍ കൂലിപ്പണിക്കാരെയും വന്‍ കിടക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു. നാട്ടിലിപ്പോള്‍ ആവശ്യത്തിനു പണിക്കാരെ കിട്ടാനുണ്ട്.അതായത് പണീയില്ലായെന്നര്‍ത്ഥം. എന്തുപറ്റീ? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി പണിതുടങ്ങിയ ഫ്ലാ‍റ്റൂകച്ചവടം പാടെ നിന്നു. 50000 രൂപാ മാസവരുമാനം, പത്തുകൊല്ലം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ പത്തിരട്ടിവില എന്നൊക്കെപ്പറഞ്ഞവര്‍ പലരും വായില്‍ കോലിട്ടാലും കമാന്നൊരക്ഷരം മിണ്ടുന്നില്ല. പറ്റിയപ്പോള്‍ ആര്‍ക്കുപറ്റീ, കൊലപ്പണി ചെയ്തും ലോണെടുത്തും കടലാസ്സില്‍ കണ്ട ഫ്ലാറ്റിന്‌ കാശുകൊടുത്ത കുറേ വിദേശ മലയാളികളുടെ കാര്യം ഫ്ലാറ്റായി. മറ്റവന് ഒരു ചുക്കും പോകാനില്ല. നെടുമ്പാശ്ശേരിയില്‍ എന്നുപറഞ്ഞ് അപ്പിള്‍-എ-ഡേ ക്കാരുപണിയുന്ന ഫ്ലാറ്റ് മറ്റൂരില്‍. വെറും 50 മീറ്റര്‍ മാറിയാണ് K.G.P BORNMEAL എന്ന എല്ലുപൊടി കമ്പനി. ഫ്ലാറ്റിന്റെ അതിരില്‍ത്തന്നെ രണ്ട് മെറ്റല്‍ ക്രഷര്‍. അതിനോടു ചേര്‍ന്നുതന്നെ റൈസ് മില്ലുകള്‍. പൊടിയും ചാരവും മണവും അബ്സൊലൂട്ടിലി ഫ്രീ. ഈ സ്ഥലം ഒരിക്കല്‍ കണ്ടവര്‍ ഈ ഫ്ലാറ്റുകള്‍ വെറുതെ കിട്ടിയാലും വാങ്ങില്ല. പക്ഷേ, ഇവിടെ പണിത മൂന്നു ബ്ലോക്കുകള്‍ ഇന്റര്‍നെറ്റുവഴി വിറ്റുകഴിഞ്ഞു. നാലാമത്തെ ബ്ലോക്കിന്റെ പണികള്‍ നടക്കുന്നു. എല്ലാം വാങ്ങിയത് വിദേശമലയാളികള്‍. ആരും താമസം തുടങ്ങിയിട്ടില്ലാ എന്നുള്ളതാണിതിന്റെ ഏറ്റവും രസകരമായ വസ്തുത. എന്താണു കാരണം. ഉടമസ്ഥന്മാരെല്ലാം വിദേശത്ത് കിടന്നു മരിച്ചുപണിയെടുത്ത് സമ്പാദിക്കുകയല്ലേ,നാളെ വന്ന് സുഖമായി ജീവിക്കാന്‍. സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍..എന്നാണല്ലോ ചൊല്ല്. പക്ഷേ അതിനു യോഗമുണ്ടാകുമോ? അതോ മൂക്കില്‍ പഞ്ഞിവച്ച് കിടക്കാനായിരിക്കുമോ യോഗം. ങാ.. തലവിധി മൊട്ടയടിച്ചാല്‍ മായില്ലല്ലോ....