Thursday 21 February 2013

താജ് മഹലും തോട്ടികളും

താജ് മഹലും തോട്ടികളും 
ഒന്നാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എനിക്കൊരു പൂതി.. ടാജ് മഹൽ കാണണം. അങ്ങിനെയൊരു പൂതി ഉണ്ടാവാൻ അതിന്റെ പിന്നിൽ ചില കാരണങ്ങളുമുണ്ടായിരുന്നു. കയ്യിൽ 300 രൂപയുണ്ടായിരുന്നു. പിന്നെ എന്റെ ഇളയപ്പനും കുടുംബവും ആഗ്ര സെന്റ്. ജോസഫ് കോളേജിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. കല്യാണം കഴിക്കുന്നതിന് മുൻപ് ഇളയപ്പൻ ദൈവവിളിയിൽ ആകൃഷ്ടനായ സെമിനാരിയിൽ പോയിരുന്നു. അത് ദൈവത്തിന്റെ ഓഫീസിലെ ആർക്കോ പറ്റിയ ഒരു ക്ലറിക്കൽ മിസ്റ്റേക്കായിരുന്നു. ഇതറിഞ്ഞ ദൈവം അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പിരിച്ച് വിട്ട് പെണ്ണ് കെട്ടിച്ചു. അതൊരു വൻ വിജയമായിരുന്നു. അതിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. മൂത്തയാൾ ഫാദർ ജോസ്. അപ്പൻ പഠിച്ചിരുന്ന അതേ സെമിനാരിയിൽ തന്നെ (ബനാറസിൽ) മകനും പഠിക്കാനവസരം കിട്ടി. ഇപ്പോൾ ഡെൽഹി രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് പെൺ മക്കളും ഇതേ പാതയിൽ തന്നെ. ഒരാൾ നോർത്തിൻഡ്യയിലും ഒരാൾ ഇറ്റലിയിലും സേവനം ചെയ്യുന്നു. വംശാവലി നിലനിറുത്തേണ്ട ചുമതല ഇളയവൻ ഏറ്റെടുത്തു. ഓ, സോറി. പറഞ്ഞ് പറഞ്ഞ് കാട് കയറി. മടങ്ങിവരാം. 1980.
ഫോൺ ഇല്ലാത്ത കാലം. ഒരു ലെറ്റർ എഴുതി അതിന്റെ മറുപടി കിട്ടിയിട്ട് ഇളയപ്പന്റടുത്തേക്ക് പോകാനുള്ള ക്ഷമയുണ്ടായിരുന്നില്ല. നേരെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഒരു ആഗ്ര ടിക്കറ്റെടുത്തു. 85രൂപ 85 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് ചാർജ്ജ്. ജയന്തി ജനതാ എക്സ്പ്രസ്സിലായിരുന്നൂ ഇളയപ്പനും കുടുംബവും ആഗ്രക്ക് പോകുന്നതും വരുന്നതും എന്നെനിക്കറിയാമായിരുന്നു. അങ്ങിനെ ആദ്യം വന്ന ജയന്തി ജനതാ എക്സ്പ്രസ്സിൽ കയറി ഇരുന്നു. റിസർവേഷൻ ഒന്നും ഉണ്ടായിരുന്നില്ല. സഹ യാത്രികരുമായി പരിചയപ്പെട്ടു. യാത്രാലക്ഷ്യം വിവരിച്ചപ്പോളാണ് അറിയുന്നത് അത് ബോംബെ ജയന്തി ജനത എക്സ്പ്രസ്സ് ആയിരുന്നൂ എന്നും. പിന്നെ അവരുടെ ഉപദേശപ്രകാരം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അടുത്ത വണ്ടിയിൽ മദ്രാസ്സിലേക്ക്. വെളുപ്പിന് മദ്രാസ്സ് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ വച്ച് ഇളയപ്പന് ഒരു ലെറ്റർ എഴുതി റെയിവേ സ്റ്റേഷനിൽ തന്നെ പോസ്റ്റ് ചെയ്തു. ലെറ്റർ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അന്നു വൈകിട്ടായിരുന്നു അവിടന്നുള്ള വണ്ടി. ഭാഗ്യവശാൽ പിറ്റേന്ന് ജോലിക്ക് പോകാനിറങ്ങിയ ഇളയപ്പന് എന്റെ പോസ്റ്റ് കിട്ടി. അങ്ങിനെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ വന്ന് ഇളയപ്പൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

ആഗ്രയിൽ രണ്ടാഴ്ച ഇളയപ്പന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അതിനിടയിൽ രണ്ടൽഭുതങ്ങളാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഒന്ന് ലോകത്തിലെ ഏഴത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. മറ്റൊന്ന് അവിടെ ഞാൻ കണ്ട തോട്ടികൾ. മനുഷ്യ മലം തലയിൽ ചുമന്ന് നീങ്ങുന്ന, പറഞ്ഞു കേട്ടുമാത്രം പരിചയമുള്ള തോട്ടികൾ. ഇവരുടെ തലയിലെ മലം നിറച്ച കുട്ടയിൽ നിന്നും നിന്നും കഴുത്തിലൂടെയു കവിളിലൂടെയും ഒലിച്ചിറങ്ങുന്ന മലം കണ്ട് സത്യത്തിൽ എന്റെ ഹൃദയം നൊന്തു. നഗരത്തിലെ തിരക്കേറിയതും എന്നാൽ ഇടത്തരക്കാർ താമസിക്കുന്നതുമായ വീടുകളിലും ചെറിയ ഫ്ലാറ്റുകളിലും കക്കൂസുകൾ ഉണ്ടായിരുന്നില്ല. ഈ വീടുകളിൽ ഒരാൾക്ക് ഇരിക്കാവുന്ന ഒരു ചെറിയ മുറിയുണ്ടായിരിക്കും. അകത്തിരിക്കുന്ന ആളെ കാണാതിരിക്കാനായി വാതിലിനു പകരം ഒരു തുണി ഇട്ടിട്ടുണ്ടായിരിക്കും. ഇവിടെ ഒരു കടലാസ് നിവർത്തിവച്ച് അതിൽ കാര്യം സാധിച്ച് വയ്ക്കും. എല്ലാ ദിവസവും ഈ തോട്ടികൾ അവിടെയെത്തി ഈ മലം കോരി കുട്ടയിലാക്കി തലച്ചുമടായി കൊണ്ടുപോയി യമുനാ നദിയിൽ തള്ളും. വിശപ്പടക്കാൻ കാലങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവരുടെ ജീവിതം മൃഗതുല്യമായിരുന്നു. ഇത്തരത്തിൽ മനുഷ്യ മലവുമായി പോകുന്ന തോട്ടികളെ പല പ്രാവശ്യം നിരത്തുകളിൽ വച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഇന്ന് ഈ സംവിധാനം നിലവിലുണ്ടോ എന്നെനിക്കറിയില്ല. ഇളയപ്പനും കുടുംബവും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ സെറ്റിൽ ചെയ്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ത്ഥ അറിയാനും വയ്യ.
എന്നാൽ ഈ തോട്ടികളും തോട്ടി വ്യവസ്ഥയും മറ്റൊരു രീതിയിൽ ഇന്നും നിലനിൽക്കുന്നൂ. സമൂഹത്തേയും രാജ്യത്തേയും നിയമത്തേയും സദാചാര മൂല്യങ്ങളേയും ആകമാനം നാറ്റിച്ച്കൊണ്ട് പൂർവ്വാധികം ശ്ക്തിയായി തന്നെ. കുട്ടയിലുള്ള മനുഷ്യ മലത്തേക്കാൾ ചീഞ്ഞുനാറിയ, നികൃഷ്ടരായ ഈ മതമൌലിക, രാഷ്ട്രീയ നേതാക്കന്മാരെ ചുമക്കുന്നത് പ്രബുദ്ധരെന്നവകാശപ്പെടുന്ന ആധുനിക തോട്ടികളും. തലയിലൂടെ ഒലിച്ചിറങ്ങുന്ന വിസർജ്ജ്യ ശകലങ്ങൾ ഈ പ്രബുദ്ധർക്ക് എന്തിനുമുള്ള ഊർജ്ജം നൽകുന്നു. ബാക്കിയുള്ളത് യമുനയിലൊഴുക്കാതെ ഇവർ അടുത്ത തലമുറക്ക് നൽകി ഇവരെ ചുമക്കാൻ സജ്ജമാക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. തോട്ടികൾ നീണാൾ വാഴട്ടെ. ധീരാ.. വീരാ..

No comments: