Thursday, 11 December 2008

ക്രിസ്തുമസ്സ് ആശംസകള്‍



മാന്യ വായനക്കാര്‍ക്ക് എന്റെ ക്രിസ്തുമസ്സ് ആശംസകള്‍. ഇതൊരല്‍പ്പം നേരത്തേയായിപ്പോയില്ലേയെന്ന് ചോദിച്ചാല്‍... ആണ്. എന്നാല്‍ ആണോ? ....അല്ല. കാരണം, ഇനി അവധിക്കാലമാണ്. ഞാന്‍ പുത്രകളത്രാദികളോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്. വിടുവായന്‍ തവളകള്‍ പതിവായി കരഞ്ഞിരുന്ന, തോടുകളും കുളങ്ങളും വയലേലകളുംകൊണ്ട് സമ്രുദ്ധമായിരുന്ന എന്റെ നാടിന്റെ ആ ഭൂതകാല സ്മരണകളുടെ മാണിക്യച്ചെപ്പൂം മനസ്സിലേറ്റി, മാണിക്യമംഗലം എന്ന ഞങ്ങളുടെ ആ കൊച്ചുഗ്രാമത്തിലേക്ക്. ഗ്രാമഭംഗിയെല്ലാം "ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്" പോലുള്ള വമ്പന്‍ കമ്പനികളുടെ പാര്‍പ്പിട സമുച്ചയങ്ങളും, നിരവധി ചെറുകിട-വന്‍കിട വ്യവസായശാലകളുംകൊണ്ട് ഗ്രാമമോ നഗരമോ എന്നുപറയാനാവാതെ ഒരുതരം അവിയല്‍പരുവത്തിലെത്തി നില്‍ക്കുന്ന ആ മണ്ണിലേക്ക് ഒരു ഹ്രുസ്വ യാത്ര. ശ്രീ. ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പുണ്യമായ ഭൂമിയിലേക്കു, കാലടിയിലേക്ക് എന്റെ വീട്ടില്‍നിന്നും ഒരു കല്ലേറുമാത്രം ദൂരം. ആ പുണ്യഭൂമി ഇന്ന് മണല്‍ മാഫിയയുടേയും, ഗുണ്ടാസംഘങ്ങളുടേയും കൈപ്പിടിയിലാണ്.കരിംചന്തക്കും മായംചേര്‍ക്കലിനും നേരത്തെ കീര്‍ത്തികേട്ടിരുന്നു. അരിയുടെ കേരളത്തിലെ മൊത്തവ്യാപാരം നിയന്ത്രിക്കുന്ന കാലടിയില്‍, വെള്ളയരി റെഡ്-ഓക്സൈഡ് എന്ന മാരകവിഷം ചേര്‍ത്ത് മട്ടയരിയാക്കി വില്‍ക്കുന്നത് മില്ലുകാരുടെ ഒരു സാദാപരിപാടി മാത്രം. നല്ല വിലയുണ്ടായിരുന്നകാലത്ത്, ജാതിക്കാപത്രി പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കി കടല്‍കടത്തിയിട്ടുള്ള വിരുതന്‍മാരും ഇവിടുണ്ട്. പകുതി മണലും, ബാക്കി മണ്ണും മെറ്റല്‍പൊടിയും ചേര്‍ത്തുപണിത ഇടമലയാര്‍ അണക്കെട്ടിന്റെ മായം ചേര്‍ത്ത സിമന്റ് മുഴുവനും അഥികാരികളുടെ ഒത്താശയോടെ കയറ്റിവിട്ട് കോടികള്‍ പോക്കറ്റിലാക്കിയ, അക്കാലത്ത് "സിമന്റ് കുഞ്ഞെന്നും", ഇപ്പോള്‍ "കുഞ്ഞേട്ടന്‍" എന്നും മാലോകര്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിക്കുന്ന മിടുമിടുക്കന്‍മാര്‍ വിലസുന്ന അഭിനവ കുട്ടിശ്ശങ്കരന്‍മാരുടെ മണ്ണിലേക്കുള്ള യാത്ര. അതൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് ക്രിസ്തുമസ്സിലേക്ക് തിരിച്ചുവരാം. ക്രിസ്തുമസ്സ് എന്നു കേള്‍ക്കുമ്പോഴേ ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരു പാട്ടുണ്ട്.. എന്റെ കുട്ടിക്കാലത്ത് കരോള്‍ സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ അപ്പനപ്പൂപ്പന്‍മാര്‍ പാടിക്കേട്ടിരുന്ന ഒരു പഴയ പാട്ട്. ഒരു പുസ്തകത്താളിലും അച്ചടിച്ചുവന്നിട്ടില്ലാത്ത ഈ പാട്ട് ഏറെ ശ്രമപ്പെട്ടാണു സമ്പാദിച്ചത്. വായ്മൊഴിയായി പലരില്‍നിന്നും കേട്ടത് വരമൊഴിയായി, ഒരു ക്രിസ്തുമസ്സ് സമ്മാനമായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

പ്രത്യക്ഷം പ്രത്യക്ഷമിന്നൂ ദേശീകാരേ...........
ദേവനിക്ഷിതിയില്‍ ജാതനായി... അല്ലേലൂയാ...
മുന്നാമരുള്‍ചെയ്തപോലേ ദേശീകാരേ.........
മേട്ടില്‍, ഇന്നൂ രാത്രീ മധ്യാനേരം അല്ലേലൂയാ.....
ആലാഹാപുത്രന്‍ നമുക്കായി ദേശീകാരേ..........
ഒരു ബാലനായവതരിച്ചു....ഹല്ലേലൂയാ.....

സ്വര്‍ഗ്ഗമണ്ടലം തുറന്നൂ...ദേശീകാരേ....
സ്രുഷ്ടിവര്‍ഗ്ഗമോടെ ദേവദൂതര്‍ ഹല്ലേലൂയാ.....
ബസ്ലഹം മലമ്പുറത്തു..ദേശീകാരേ.....
ഒരു പുല്‍ക്കൂട്ടിലുറങ്ങുന്നുണ്ണീ ഹല്ലേലൂയാ....
യൌസേപ്പും മറിയവും മദ്ധ്യേ.. ദേശീകാരേ..
ഉണ്ണിയുറക്കംതെളിഞ്ഞാനന്തിച്ചൂ...ഹല്ലേലൂയാ...

കട്ടില്‍മെത്തയില്ലീവിടെ ..ദേശീകാരേ....
കുറേ പൊട്ടവൈക്കോലിന്‍മേല്‍ നിദ്രാ.. ഹല്ലേലൂയാ...
കട്ടിയായ മഞ്ഞുകൊണ്ടു ദേശീകാരേ....
ഉണ്ണീ...ഞെട്ടീവിറച്ചീടുന്നയ്യൊ...ഹല്ലേലൂയാ...
കാള കഴുതയുമുണ്ട്... ദേശീകാരേ....
ഞങ്ങളോടുകൂടെ കാഴ്ച്ചകൊടുത്തല്ലേലൂയാ...

തത്തകള്‍ പുകഴ്ത്തിസ്തൂതി ..ദേശീകാരേ...
ഇതാ... പക്ഷിവര്‍ഗ്ഗമൊന്നായ് സ്തുതി പാടുന്നല്ലേലൂയാ..
നിങ്ങള്‍ ചൊന്ന സത്യാവാര്‍ത്ത ദേശീകാരേ...
ഇന്നൂ..പുത്തനായി കേട്ടൂ ഞങ്ങള്‍ ..ഹല്ലേലൂയാ...
ഹല്ലേലൂയാ എന്നാ സ്തൂതീ വാനോര്‍സ്തോത്രമേ..
നിങ്ങളിന്നൂതന്നെ ചെന്നാര്‍ക്കണമല്ലേലൂയാ....

ഈ പാട്ട് അറിയാമെന്നുള്ളവരില്‍നിന്നും തിരുത്തലുകള്‍ ക്ഷണിക്കുന്നൂ.

Saturday, 6 December 2008

വിവാഹമെന്ന കൂദാശ


മാന്യ വായനക്കാരെ! സഭയും വിലക്കപ്പെട്ട കനിയും എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും നേരിട്ടും, ഈ-മെയിലിലൂടെയും അഭിപ്രായങ്ങള്‍ പ്രകടിപിക്കുകയുണ്ടായി. എല്ലാവര്‍ക്കും നന്ദി. അതോടൊപ്പം വിവാഹം ഇഷ്ടമുള്ള വൈദികര്‍ക്ക് സഭ അത് അനുവദിക്കണമെന്ന അഭിപ്രായത്തോട് വിയോചിച്ചവര്‍ക്ക് വേണ്ടി ബൈബിളില്‍ നിന്നുതന്നെയുള്ള ചില ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു


വിശുദ്ഥ പൌലോസ് സ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനം

3. മെത്രാന്‍ സ്ഥാനത്തെപ്പറ്റി.
മെത്രാന്‍ സ്ഥാനം അഗ്രഹിക്കുന്നവര്‍ ഉല്‍ക്രുഷ്ടമായ ഒരു ജോലിയാണു ആഗ്രഹിക്കുന്നത് എന്നത് സത്യമാണ്. മെത്രാന്‍ അരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്. സൌമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം അവന്‍ തന്റെ കുടുമ്പത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരനത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുമ്പത്തെ ഭരിക്കന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങിനെ ഭരിക്കും?

ഇനി നിങ്ങള്‍ തന്നെ പറയുക. ബൈബിളാണൊ പിന്തുടരേണ്ടത്, അതോ കാനോന്‍ നിയമങ്ങളോ? വൈദികര്‍ വിവാഹം കഴിക്കരുത് എന്നുപറയുന്നവരോട് എനിക്കൊന്നേ പറയനുള്ളൂ. നിങ്ങള്‍ക്കസൂയയാണ്. ഒരുതരം പൊസ്സസ്സീവ്നസ്സ്.

Thursday, 4 December 2008

കോടാലിയും കുഞ്ഞാടുകളും




പ്രിയമുള്ളവരേ, അഭയക്കേസ്സിന്റെ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. പ്രതികള്‍ കുറ്റക്കാരാണെന്നു ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. എങ്കിലും വിചാരണവേളയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശുഭോതര്‍ക്കങ്ങളല്ല. എന്നുമാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. കേട്ടതെല്ലാം സത്യമാണെങ്കില്‍ (അങ്ങിനെയാവാതിരിക്കട്ടെയെന്നു അത്മാര്‍ഥമായി ആശിക്കുന്നു) ഗ്രഹാം സ്റ്റെയിന്‍സിനേയും കുടുമ്പത്തേയും കത്തിച്ചുകൊന്ന ധാരാസിങും,ഒറീസ്സയിലെ ആര്‍.എസ്സ്.എസ്സ് കാപാലികരും എന്തിന്, ബിന്‍ലാദന്‍ പോലും ഇവരേക്കാള്‍ എത്രയോ ഭേദം. കാരണം അവര്‍ക്കതിന്‍ അവരുടേതായ വിശ്വാസത്തിന്റെ അല്ലെങ്കില്‍, അന്ധവിശ്വാസത്തിന്റെ പിന്ബലമുണ്ടായിരുന്നു. അവര്‍ വകവരുത്തിയത് അവരുടെ വിശ്വാസ എതിരാളികളെയായിരുന്നു. ഉദ്ദേശ്യം വെറും ശത്രുനിഗ്രഹം മാത്രം. എന്തിന്, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുകയും മനസ്സാക്ഷിക്കുത്ത് മാറാതെ തൂങ്ങി മരിച്ചതായും ബൈബിളില്‍ പറയുന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷക്കാലം ചെകുത്താനേയും ഹ്രുദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ഇവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി വിലസുകയല്ലായിരുന്നോ. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും, പഠനത്തിന്റെയും ഒടുവില്‍ പൌരോഹിത്യം സ്വീകരിച്ച് ദൈവത്തെ അടുത്തറിഞ്ഞ, നന്മയേയും തിന്മയേയും തിരിച്ചറിഞ്ഞ ഇവര്‍ക്ക് സ്വന്തം സഹോദരിയെ പോര്‍ക്കിനെ കൊല്ലുന്നതുപോലെ കോടാലിക്ക് അടിച്ചുകൊല്ലാനുള്ള മനക്കട്ടിയുണ്ടായെങ്കില്‍, ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍ തെറ്റുമറക്കാന്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യുകയും സഭയുടെ തണലില്‍ രക്ഷപ്പെട്ടു നടക്കുകയും ചെയ്തപ്പോള്‍, ഒരു സാധാരണക്കാരായ ഞങ്ങള്‍ ചോദിച്ചുപോവുകയാണ്, ദൈവമേ...അങ്ങ് ഉറങ്ങുകയാണോ? ഇവര്‍, അങ്ങേ സങ്കേതത്തില്‍ അഭയം തേടിയ, അങ്ങയുടെ മകളുടെ തലക്കുവച്ച കോടാലി, മനുഷ്യന്റെ ഉത്പത്തിമുതല്‍ ഞങ്ങള്‍ വിശ്വസിച്ചുപോന്ന വിശാസപ്രമാണങ്ങളുടെ കടക്കലല്ലേ കൊണ്ടത്? ആ വിശ്വാസത്തിന്റെ തായ് വേരറുത്ത്, ലോകം മുഴുവന്‍ വഴിയും, സത്യവും,ജീവനും,തണലുമായി നില്‍ക്കുന്ന അങ്ങയെത്തന്നെയല്ലേ അവര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മുക്കികൊന്നത്? അന്നു രാവിലെ കൊലപാതകവും കഴിഞ്ഞ് ചോരയും ലൈംങ്കിക സ്രവങ്ങളും പുരണ്ട കൈകൊണ്ടുതന്നെയല്ലേ അവര്‍ വിശുത്ഥകുര്‍ബാന അര്‍പ്പിച്ചതും,പരിശുത്ഥമായ അങ്ങയുടെ തിരുശരീരം ഞങ്ങള്‍ക്ക് പങ്കുവച്ചുതന്നതും? ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും അല്‍പവിശ്വാസികളായ ഞങ്ങള്‍ എന്താണുകരുതേണ്ടത്? അതോ ഇതെല്ലാം അങ്ങയുടെ പ്ലാനിലും പദ്ധതിയിലും ഉള്ളതായിരുന്നോ? ഇവര്‍ തെറ്റുചെയ്തിട്ടില്ലെങ്കില്‍ ഇവരെ രക്ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നിരിക്കെ, സത്യം തെളിയിക്കാന്‍ ബാധ്യസ്തരായവര്‍ തന്നെ ഇവരെ രക്ഷിക്കാന്‍ മുറവിളികൂട്ടുകയും, ജാഗ്രതാസമിതികള്‍ ഉണ്ടാക്കുകയും, ഇടയലേഖനങ്ങള്‍ ഇറക്കുകയും, പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരു സംശയം ബാക്കി നില്‍ക്കുന്നു. ഞങ്ങള്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്? സാത്താന്റെ സന്തതികളെ രക്ഷിക്കാന്‍ ദൈവത്തോടോ അതോ ....എനിക്കറിയില്ല..നിങ്ങള്‍ തന്നെ പറ….

Tuesday, 2 December 2008

ഡോഗ്സ് ഓണ്‍ ക്ണ്ട്രി




മകന്റെ വേര്‍പാടില്‍ ഒരു പ്രത്യേക മാനസീകാവസ്ഥയിലായിരുന്ന മേജര്‍ സന്ദീപിന്റെ ആച്ഛന്‍ നമ്മുടെ ജന"നായ"കനെ വീട്ടില്‍ കയറ്റിയില്ലായെന്നും അതുകൊണ്ട് മാനസീകനില തെറ്റിയ നമ്മുടെ "നായ"കന്റെ പട്ടി പ്രയോഗവും, രണ്ടും വിട്ടുകളയ്. നമുക്ക് ക്ഷമിക്കാം. പറഞ്ഞ പരാമര്‍ശം പിന്‍വലിക്കില്ലായെന്നുള്ള അദ്ദേഹത്തിന്റെ ആ പിടിവാശിയാണു മനസ്സിലാകാത്തതു. അല്ലാ, അതിലെന്താണിത്ര മനസ്സിലാകാനുള്ളത്? മാറ്റം എന്ന വാക്കിനെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന, ഏതിനേയും പ്രത്യയശാസ്ത്രപരമായി മാത്രം നോക്കികാണുന്ന അദ്ദേഹം പറഞ്ഞ വാക്ക് മാറ്റരുത്. അതുതന്നെയല്ലേ അദ്ദേഹതിന്റെ വ്യക്തിത്വവും. പൊതുജനമധ്യത്തില്‍ പലതും വച്ചുകാച്ചുകയും പാര്‍ടി യോഗങ്ങളില്‍ പല്ലുപോയ പട്ടിയേപ്പോലെ വാലും കാലിനിടയില്‍ തിരുകിയിരിക്കുന്ന മാമന്റെ ദയനീയ ചിത്രം മാധ്യമങ്ങളിലെ ഒരു സ്ഥിരം കാഴച്ചയാണല്ലോ. കുറച്ചുകഴിയുമ്പോള്‍ അതു ചരിത്രപരമായ ഒരു മണ്ടത്തരമെന്നോ,തെറ്റെന്നോ പറഞാല്‍ കാര്യം തീര്‍ന്നില്ലേ? പട്ടികളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഈ പരാമര്‍ശത്തിനെതിരേ ഏതെങ്കിലും മ്രുഗസംരക്ഷണസംഘടനകള്‍ ഒരുപൊതു താത്പര്യ ഹര്‍ജി കൊടുക്കേണ്ടതാണു. ബൌ..ബൌ...

Saturday, 29 November 2008

കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു.




മികച്ച സംഘടനാ പാടവം കൊണ്ടും ജനോപകാരപ്രദങ്ങളായ കര്‍മ്മ പദ്ധതികള്‍ കൊണ്ടും അംഗബലത്തിലും ജനപ്രീതിയിലും യൂ.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന ഖ്യാതി നിലനിര്‍ത്തിക്കൊണ്ട് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) സംഘടിപ്പിച്ച മൂന്നാമത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഒരവിസ്മരണീയാനുഭവമായിമാറി. 160ല്‍പ്പരം വരുന്ന പ്രതിഭകളാണു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഈ കലാ മാമാംങ്കത്തിനു മാറ്റുരക്കാനെത്തിയത്. ന്രുത്തസംഗീതാതികലകളിലെ മത്സരാര്‍ത്ഥികളുടെ മികവും കഴിവും കാണികളെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപരതന്ത്രരാക്കിയപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍ വിധികര്‍ത്താക്കള്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു.

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി MEJO OOMMEN ഉം JOSNA JOSE ഉം യഥാക്രമം കലാപ്രതിഭാപട്ടവും കലാതിലകപട്ടവും കരസ്ഥമാക്കി. ലിവര്‍പൂളിന്റെ ഭാവിഭാഗധേയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഈ കുരുന്നുകള്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയപ്പോള്‍
ഈ മഹത്തായ സംരംഭത്തിനു ചുക്കാന്‍പിടിച്ച ലിംകയുടെ ഭാരവാഹികള്‍ക്ക് ബ്രോഡ്ഗ്രീന്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സ് ഹ്രുദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദിപറഞ്ഞു.
ചിത്രങ്ങള്‍ :- CLICK ON PHOTO GALLERY

Thursday, 27 November 2008

തീവ്രവാദവും രാഷ്ട്രീയ പാര്‍ട്ടികളും

ഇന്നു ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണു മതതീവ്രവാദം.എന്നാല്‍ ഈ തീവ്രവാദം ഇത്രമേല്‍ ശക്തിപ്പെടാന്‍ എന്താണു കാരണം? ഇതിന്റെ വേരുകള്‍ തേടിച്ചെന്നാല്‍ അതു ചെന്നെത്തുക രാഷ്ട്രീയത്തിലായിരിക്കും. ഇന്‍ഡ്യയുടെ കാര്യം തന്നെയെടുക്കുക. രാഷ്ട്രീയ ലക്ഷിയങ്ങള്‍ക്കുവേണ്ടി അഘണ്ടഭാരതത്തെ വെട്ടിമുറിച്ചു. അവിടന്നിങ്ങോട്ട് മതതീവ്രവാദവും രഷ്ട്രീയ തീവ്രവാദവും ഒരേപോലെ തഴച്ചു വളര്‍ന്നു. പക്ഷേ ഈ രഷ്ട്രീയ തീവ്രവാദത്തെ നാം കണ്ടിട്ടും കണിടില്ലെന്നു നടിക്കുന്നു.ഈ മതതീവ്രവാദികളെയെല്ലാം ഊട്ടിവളര്‍ത്തുന്നത് ഈ രഷ്ട്രീയപാര്‍ട്ടികള്‍ തന്നെയല്ലേ?.ഈ മതതീവ്രവാദ സംഘടനകളെല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകള്‍ തന്നെയല്ലേ?.ആര്‍.എസ്സ്.എസ്സ്, എന്‍.ഡി.എഫ്.ത്ടങ്ങിയവ ഉദാ. ഇനി സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യയില്‍ മതതീവ്രവാദത്തില്‍ മരിച്ചവരേക്കള്‍ എത്രയൊ മടങ്ങ് അപരാധികളും നിരപരാധികളും രാഷ്ട്രീയ എതിരാളികളുടെ ബോംബേറിലും കത്തിമുനയിലും പൊലിഞ്ഞിരിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും സമരവും ഹര്‍ത്താലും ബന്തും നടത്തി എത്രയോ കോടികളുടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചിരിക്കുന്നു. എത്രയോ പേരുടെ ഭാവി തുലച്ചിരിക്കുന്നു. ഉദാ:- രജനീ എസ്സ്.ആനന്ത് എന്ന തേ***ശ്ശി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഡീ.വൈ.എഫ്.ഐ. എന്ന സംഘടന കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്ക് കണക്കുണ്ടോ. അതുപോലെ എത്രയൊ അക്രമ സംഭവങ്ങള്‍ സ്വതത്ര ഇന്‍ഡ്യയില്‍, സാക്ഷരകേരളത്തില്‍ നിത്യേന നടക്കുന്നു. കണ്ണൂര്‍ എന്ന ഒരിട്ടാവട്ടത്തുമാത്രം രഷ്ട്രീയതീവ്രവാദികളാല്‍ കൊല്ലാപ്പെട്ടവരെത്ര? എന്നാല്‍ ഇതിനോടെല്ലാമുള്ള നമ്മുടെ ഭരണകൂടത്തിന്‍റ്റെയും നാമോരോരുത്തരുടേയും സമീപനം കാണുമ്പോള്‍ ഇതെല്ലം ചെയ്യാന്‍ അവര്‍ക്ക് ഭരണഘടനാപരമായി അവകാശമുണ്ട് എന്നുവരെ സംശയിച്ചുപോയാല്‍ അധികപ്പറ്റാവില്ല. ഇല്ലെങ്കില്‍ത്തന്നെ നാംതന്നെ അതിനുള്ള അവകാശം അവര്‍ക്ക് കനിഞ്ഞുനല്‍കിയിട്ടുണ്ടല്ലോ. എത്രയോ തവണ തൂക്കിലേറ്റേണ്ട എത്രയോ രാഷ്റ്റ്രീയനേതാക്കള്‍ നമുക്കുണ്ട്. കേന്ദ്ര-സംസ്ഥാനമന്ദ്രിമാരില്‍ എത്രപേര്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടാത്തവരായിട്ടുണ്ട്. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്നും പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി അവരുടെ ആസനത്തിലൂടെ കയറ്റുമെന്നും പൊതുവേദികളില്‍ പ്രസംഗിച്ചവനെ പിടിച്ച് ആഭ്യന്തരവകുപ്പേല്‍പ്പിച്ചതില്‍ നമുക്കും പങ്കില്ലേ. ഇവരൊക്കെ നമ്മെ നയിക്കന്‍ യോഗ്യരാണോ? ആണു എന്നുതന്നെയാണു എന്റെ അഭിപ്രായം. കാരണം ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരും ഇവരുടെ നേര്‍ പ്രതീകങ്ങള്‍ തന്നെയാണ്. ഒരവസരം കിട്ടിയാല്‍ സൂചി കടത്തേണ്ടിടത്ത് നാം തൂമ്പ കടത്തും. പുരക്ക് തീവച്ച് നാം കഴുക്കോലൂരും. അതുതന്നെയല്ലേ ഇപ്പോള്‍ നടക്കുന്നതും. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റക്കെട്ടായി അതിനെ നേരിടുന്നതിനുപകരം ഇന്റലിജന്‍സിന്റെ പിഴവ്,ആഭ്യന്ത്ര മന്ത്രിയുടെ കഴിവില്ലായ്മ എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവര്‍ക്ക് ഇതൊക്കെ ഒരു ആഘോഷമല്ലേ?. മറിച്ച് ഈ ലണ്ടനിലും അമേരിക്കയിലുമെല്ലാം സ്ഫോടനം നടന്നപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനങ്ങളും മാധ്യമങ്ങളും എല്ലാം അതിനെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്നത് നമുക്കറിയാം. മനുഷ്യന്റെ മനസ്സ് വായിക്കാനുള്ള ഒരു സംവിധാനം കണ്ടെത്തുന്നതുവരെ ഈ ലോകത്തൊരു ഇന്റലിജന്സ് വിഭാഗത്തിനും എല്ലാക്കാര്യവും മുന്‍കൂട്ടി കണാനോ തടയാനോ പറ്റില്ല. നിന്റെ വീട് കത്തിക്കണമെന്നു ഞാന്‍ തീരുമാനിച്ചാല്‍ അത് നീ അറിഞ്ഞാല്‍ പോലും എത്ര ദിവസം ഉറക്കമിളച്ചിരുന്നത് തടയാന്‍ നിനക്കു പറ്റും. പക്ഷേ എനിക്കോ?. എന്നെങ്കിലുമൊരുദിവസം രാത്രിയുടെ ഏതോ ഒരുയാമത്തില്‍ കടന്നുവന്ന് 10 മിനിറ്റുകൊണ്ടത് സാധിച്ചു വരാം. പക്ഷേ, നിന്റെ അയല്‍ക്കാര്‍ നിനക്കൊപ്പം ഉണ്ടെങ്കില്‍ അവരെയെല്ലാം കണ്ണുവെട്ടിച്ച് കാര്യം നടത്താന്‍ എനിക്കുകഴിഞ്ഞെന്നുവരില്ല. അതിന്, നിന്റെ വീട് കത്തിയിട്ട് കഴുക്കോലൂരാന്‍ കാത്തിരിക്കുന്നവരുള്ളപ്പോള്‍ മകനേ മ്രുഷ്ടാന്നവും കഴിച്ച് നിദ്രാ ദേവിയേയും തൊഴുത് കിടന്നുറങ്ങൂ. നാളത്തെ പ്രഭാതം കാണാന്‍ പറ്റിയാല്‍ എഴുന്നേല്‍ക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുക. ഗുഡ് നൈറ്റ്.

Monday, 24 November 2008

വിലക്കപ്പെട്ട കനിയും സഭയും

1. സഭാവസ്ത്രം സ്വീകരിക്കുന്നവരില്‍ ഒരു വിഭാഗം മാനസീകരോഗികളാകുന്നു
2. അഭയാ കേസ്സുമായി ബന്ധപ്പെട്ട ഒരു വൈദികന്റെ മുറിയില്‍ നിന്നും അശ്ലീലപുസ്തകങ്ങളും സീ.ഡി.കളും കണ്ടെടുത്തു.

ഇക്കഴിഞ ദിവസങ്ങളി്‌ല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണിവ.
ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണു എന്റെ വിശ്വാസം. മനുഷ്യന്റെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളെ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബൈ-പ്രൊഡക്ടുകളില്‍ ഒന്നല്ലേ ഈ മാനസീക രോഗം. കോപം, വൈരാഗ്യം,പുഛം തുടങ്ങി വേറേയുമുണ്ട് ഉപോല്‍പ്പന്നങ്ങള്‍. എന്നുകരുതി മാനസീക രോഗത്തിനു കാരണം ഇതു മാത്രമാണെന്നു വിവക്ഷയില്ല. ഒരു അണക്കെട്ടില്‍ വെള്ളം നിറഞ്ഞാല്‍ എന്തു ചെയ്യും. ഒന്നുകില്‍ മെയിന്‍ ഷട്ടര്‍ തുറന്നിടുക. അല്ലെങ്കില്‍ സ്ലൂയീസ് വാല്‍വ് തുറക്കുക. അങ്ങിനെ അണക്കെട്ടിനെയും നദിയേയും സംരക്ഷിക്കാം. ഇല്ലെങ്കില്‍ വെള്ളം നിറഞ്ഞ് അണക്കെട്ട് പൊട്ടും. അല്ലെങ്കില്‍ നിറഞ്ഞ് കവിഞ്ഞൊഴുകി ഇരുകരകളേയും നശിപ്പിക്കും.

വൈദീകര്‍ക്കും സന്യാസിനീകള്‍ക്കും ദാമ്പത്യ ജീവിതം പാടില്ലെന്നു ക്രിസ്തു പറഞ്ഞതായി വേദപുസ്ത്തകത്തില്‍ ഒരിടത്തും ഞാന്‍ വായിച്ചിട്ടില്ല. മറിച്ച് നിങ്ങള്ക്കു ആകാശത്തിലെ നക്ഷ്ത്രങ്ങള്‍ പോലെയും, ഭൂമിയിലെ മണല്‍ത്തരി പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടെ എന്നു പറഞ്ഞിട്ടുണ്ടുതാനും. സഭയിലെതന്നെ ചില ഉപവിഭാഗങ്ങളില്‍ വൈദീകര്‍ക്ക് ദാമ്പത്യജീവിതം അനുവദനീയമണു. ദമ്പത്യജീവിതവും ദൈവീകവേലയും അവര്‍ ഒരുമിച്ചുകൊണ്ടുപോകുന്നു. അതുകൊണ്ടു സഭ വളരാതിരിക്കുകയോ, അവിടെ ദൈവത്തിനു പ്രസക്തി ഇല്ലാതാവുകയൊ കുറയുകയോ ചെയ്യുന്നില്ല. ലോകത്തില്‍ ആകെ രണ്ടു മനുഷ്യര്‍ മാത്രമുണ്ടായിരുന്നപ്പോഴും (ആദവും ഹവ്വയും) വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചതായും അവര്‍ അതു ഭക്ഷിച്ചതായും നമുക്കു ബൈബിളില്‍ കാണാം. പിന്നെ എന്തിനു ദൈവം വിലക്കാത്ത ഈ കനി ഇവര്‍ക്ക് വിലക്കിയിരിക്കുന്നു?. ഇതു കഴിക്കാനും ത്യജിക്കാനും ഉള്ള അവകാശം അവര്‍ക്കുമാത്രമായി കൊടുത്തുകൂടേ?. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ സന്യാസീസന്യാസിനികളാകുന്ന ഇവര്‍ ശിഷ്ടകാലം മുഴുവനും മാനസീക പിരിമുറുക്കത്തില്‍ കഴിയാനിടവരുകയും ഇവരില്‍ ചിലരെങ്കിലും മാനസീക രോഗികളാകുകയും ചെയ്യുന്നുണ്ടെങ്കില്‍ സഭതന്നെയല്ലേ ഇതിനെല്ലം കാരണക്കാര്‍?.

ഇനി ഇത്തരത്തിലുള്ള മാനസീക രോഗികള്‍ സഭയില്‍ മാത്രമാണോ ഉള്ളതു?. നമുക്കു ചുറ്റിലും ഇത്തരക്കാരെ കാണാം. പങ്കാളിയില്‍ നിന്നും കിട്ടേണ്ടതു കിട്ടാതെ വരുമ്പോള്‍ അതു നല്‍കാന്‍ കഴിവുള്ളവരെ തേടിപ്പോകുന്നവരുണ്ടു. മറ്റൊരുവിഭാഗം മഞ്ഞ പുസ്തകങ്ങള്‍ വായിച്ചും സീ ഡി. കള്‍ കണ്ടും അതിലൊരാളായി സ്വയം മാറി ഒരു സാങ്കല്‍പിക ലോകത്തിലെത്തപ്പെട്ട് സ്വയം സംത്രുപ്തിയടയുന്നു. അങ്ങിനെ വികാരനദിയിലെ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നു അണക്കെട്ടിനേയും ന്ദിയേയും രക്ഷിക്കുന്നു. ഇതിനൊന്നും ശ്രമിക്കാതെ ഇതെല്ലം തന്റെ വിധിയെന്നു കരുതി ഭക്തി മാര്‍ഗ്ഗത്തിലും മറ്റു സമൂഹിക സംസ്കാരിക മണ്ടലങ്ങളിലും തങ്ങള്‍ക്കുള്ളതും ഇല്ലാത്തതുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും, ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കും അതിനുമുന്‍പേ അവര്‍ കഴിവുകെട്ട പങ്കാളിയുടെമേലും കുടുംമ്പത്തിലും ആധിപത്യം സ്ഥാപിച്ചിരിക്കും. ചിലര്‍ക്കാകട്ടെ എല്ലാത്തിനോടും ഒരുതരം വിരക്തിയായിരിക്കും അവര്‍ സ്വയം ഉള്‍വലിഞ്ഞവരായി കാണും. ഇതെല്ലം മാനസീക രോഗത്തിന്റെ വിവിധ തലങ്ങളാണെന്നു മാത്രം. ഇത്തരക്കാരായ കുറച്ചു സ്ത്രീകളെയെങ്കിലും നിങ്ങള്‍ക്കറിയാമായിരിക്കും.

ഈ വൈദീകരും പഞ്ചഭൂതങ്ങള്‍ കൊണ്ടു സ്റുഷ്ടിക്കപ്പെട്ട വിചാരവും വികാരവും ഒക്കെയുള്ള സാധാരണ മനുഷ്യര്‍ തന്നെയല്ലേ?. ചുരുക്കിപ്പറഞ്ഞാല്‍ അവരും "വികാരി"കളല്ലേ?. അതുകൊണ്ടു അവര്‍ അണക്കെട്ടു പൊട്ടിപ്പോകാതിരിക്കന്‍ സ്ലൂയിസ് വാല്‍വുകള്‍ തുറക്കട്ടെ. അല്ലെങ്കില്‍ മെയിന്‍ ഷട്ടര്‍ തുറക്കാന്‍, അതായതു ദാമ്പത്യജീവിതം നയിക്കന്‍ സഭാനിയമങ്ങല്‍ പരിഷ്കരിക്കട്ടെ. ഇനിയും ഒരു അഭയ ഉണ്ടാകാതിരിക്കട്ടെ.വൈദീകര്‍ക്കും സന്യാസിനികള്‍ക്കും സെക്സ് നിഷേധിച്ച സഭ തന്നെയല്ലെ ഒരു പരിധിവരെ ഈ പാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി?. പാപങ്ങള്‍ സ്റുഷ്ടിക്കുന്നതും പാപികളെ സ്റുഷ്ടിക്കുന്നതും അവര്‍ തന്നെ.
ആമ്മേന്‍.