Monday, 29 August 2016

മരണാനന്തരം..

ഇതിന് മുൻപ് എന്നേക്കാൾ പ്രായം കുറഞ്ഞവരും പ്രായം കൂടിയവരുമായ ഞാനറിയുന്ന പലരും മരിച്ചപ്പോഴും ഞാൻ ഇതുപോലെ ഞെട്ടിയില്ല. കാരണം,അവരൊക്കെ മരിച്ചപ്പോഴും എനിക്ക് ഇപ്പോഴെങ്ങും മരണമില്ലെന്ന ഒരഹങ്കാരത്തിലാണ് ഞാൻ ജീവിച്ചത്. ഇതിപ്പോ ഇത്ര പെട്ടന്ന് മരിക്കുമെന്ന് ഞാൻ പോലും കരുതിയില്ലല്ലോ. പിന്നെങ്ങിനെ ഞെട്ടാതിരിക്കും. എന്റെ മരണ വാർത്തയറിഞ്ഞ് ആദ്യം ഞെട്ടിയതും ഈ ഞാൻ തന്നെയായിരുന്നു.

അന്ന്  ഒരു ഉച്ച,ഉച്ചര, ഉച്ചേമുക്കാലോടെയായിരുന്നു അത് സംഭവിച്ചത്. ഡോക്ടർ എന്റെ മരണം കൺഫോം ചെയ്തപ്പോൾ വാര്‍ത്ത കേട്ട് ഞെട്ടലുകളുടെ ഒരു സുനാമി തന്നെയായിരുന്നു.  ചിലർ ഞെട്ടൽ അഭിനയിച്ചു. ചിലക്ക് ഇതൊന്നും കേട്ടിട്ട് ഒരു ഞെട്ടലും ഉണ്ടായില്ല.  എപ്പോ, എന്തായിരുന്നു, എന്നാലും ഇത്ര പെട്ടന്ന്.. ഹൊ ഭയംങ്കരം തന്നെ, ഇത്രയേയുള്ളൂ മനുഷന്റെ കാര്യം.. എന്നാ പൊതുദർശനം, ഇവിടാണോ അതോ നാട്ടിലാണോ അടക്ക്. വാർത്ത കേട്ടവരുടെ നാവുകളിൽ നിന്നും അറിയാതെ തന്നെ സ്വാഭാവിക ചോദ്യങ്ങളുയർന്നു. എന്നെ സംബന്ധിച്ചിടത്തോളം മരണം കഴിഞ്ഞ് പിന്നെ ഒരെട്ട് പത്ത് ദിവസത്തേക്ക് ഞെട്ടാനേ നേരമുണ്ടായുള്ളൂ. ഞാൻ ഒരു സംഭവമാണെന്ന് ഞാൻ മരിച്ച് കഴിഞ്ഞേ എനിക്ക് മനസ്സിലായുള്ളൂ, നാട്ടുകാർക്കും.

ആദ്യത്തെ നടുക്കം തീർന്നയുടനെ വാർത്ത മിന്നൽ വേഗത്തിൽ ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും വിവിധ മീഡിയകളിലൂടെ പറപറന്നു. വാട്സ് ആപ്പ്, മെസ്സേജ്, ഫോൺ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും സംഗതി ഒരുവിധമുള്ള മലയാളികൾക്കിടയിലൊക്കെ എത്തി. ഡ്യൂട്ടിയിലായിരുന്നവരുടെ ഫോണുകളിൽ മെസ്സേജുകൾ വന്നിരുന്ന് ശ്വാസം മുട്ടി. ഓൺലൈൻ പത്രങ്ങൾ ബ്രേക്കിംഗ് ന്യൂസായി കിട്ടിയ കാര്യങ്ങൾ ശെരിയാണോ എന്ന് പോലും അന്വേഷിക്കാതെ വൺ ലൈനായും ടു ലൈനായും ഒക്കെ തട്ടി. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് കാച്ചാം എന്ന് അടിവരയിട്ടെഴുതി നിറുത്തി  കൂടുതൽ വിവരങ്ങൾക്കായി അവര്‍ നാനാ ദിക്കുകളില്‍  പരതി. പരേതനു എത്ര വയസ്സായി, എന്താണ് മരണ കാരണം, കള്ള് കുടിക്കുമായിരുന്നൊ, ഭാര്യ എന്ത് ചെയ്യുന്നു, കുട്ടികൾ, അവരുടെ പേര്, വയസ്സ്, ക്ലാസ്സ്, നാട്ടിലെ വിശേഷങ്ങൾ അങ്ങിനെ എല്ലാം അവർ ഒരു രക്ഷിതാവിനേപ്പോലെ തിരക്കി. പിറ്റേന്ന് ഒരു മെയിൻ വാർത്തക്കായി ഒന്നും കിട്ടാതിരുന്ന  അവർ എന്റെ മരണത്തിൽ ഉള്ളാലെ സന്തോഷിച്ചു. എന്റെ ഫേസ് ബുക്കിൽ കയറി കിട്ടാവുന്ന ഫോട്ടോകളെല്ലാം തപ്പിയെടുത്ത് ഫോട്ടോഷോപ്പിൽ കയറ്റി ഒന്നുകൂടി സുന്ദരമാക്കി. എന്നെ പൂക്കളാൽ അലംകൃതമായ ഫ്രെയിമിനുള്ളിൽ കയറ്റി അവർ ആദരാഞജലികൾ അർപ്പിച്ചു.
പിറ്റേന്നത്തെ പത്രത്തിൽ മെയിൻ ന്യൂസിന് മുകളിൽ ഞാൻ പത്രത്തിന്റെ മൊത്തം വലുപ്പത്തിൽ ജ്വലിച്ച് നിന്നു. ഓരോ പത്രങ്ങൾ കൊടുത്ത തലക്കെട്ടുകൾ കണ്ട് ഞാൻ പിന്നെയും ഞെട്ടി. അവർ എന്നെക്കുറിച്ചെഴുതിയതൊക്കെ വായിച്ച് ഞാൻ മോർച്ചറിയിൽ കിടന്ന് തലതല്ലിച്ചിരിച്ചു. കലാ, കായിക, സാമൂഹിക,സാംസ്കാരിക, ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ ഞാൻ ഒരു വലിയ സംഭവമായിരുന്നൂ എന്നും, എന്നേപ്പോലെ സൽ സ്വഭാവിയും, ദാനശീലനും, മാതൃകാ പുരുഷനുമായ മറ്റൊരാൾ ഇന്ന് ഈ യൂ.കെയിൽ ഇല്ലെന്നും വരെ അവർ വെച്ച് കാച്ചി. ഇതൊക്കെ വായിച്ച് എന്നെയറിയാത്ത പാവങ്ങളിൽ പലരും ഇതൊക്കെ വിശ്വസിച്ചു.

അന്ന് വൈകിട്ട് മുതൽ വീട്ടിൽ പ്രാർത്ഥനക്കാരുടെ ബഹളമായിരുന്നു. പിറ്റേന്ന് പത്രങ്ങളിൽ പരേതന്റെ വീട്ടിൽ പ്രാർത്ഥന നടന്നു എന്നത്  വരെ മറ്റൊരു  വാർത്തയായി വന്നു. പിന്നീടങ്ങ് നാട്ടിലേക്കെടുക്കും വരെ ഒരു മാരത്തൺ പ്രാർത്ഥന തന്നെയായിരുന്നു. അച്ചന്മാരുടെ വക,  കുടുംബ യൂണിറ്റ്കാരുടെ വക, സ്ഥലത്തെ വിശുദ്ധരുടെയും ,വിശുദ്ധകളുടെയും വക, അയൽപക്കക്കാരുടെ വക,  സ്വന്തക്കാരുടെ വക എന്ന് വേണ്ട, ഇത് വരെ പള്ളിയിൽ പോകാത്ത പലരും നിവൃത്തികേട്കൊണ്ട് അവിടെയെത്തി പ്രാർത്ഥനകളിൽ പങ്ക്കൊണ്ടു. പ്രാർത്ഥനയില്ലാത്ത ഒരിടവേളക്കായി ഭാര്യയും മക്കളും കൊതിച്ചു. ഒരൽ‌പ്പം സ്വസ്ഥത കിട്ടിയിരുന്നെങ്കിൽ എന്നവർ ആത്മാർത്ഥമായും ആഗ്രഹിച്ചു.
നേരാ നേരങ്ങളിൽ അയൽവക്കക്കാർ  ഊഴമിട്ട് എത്തിച്ച വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങൾ കഴിച്ച് മക്കൾക്ക് മരിച്ച എന്നോട് പോലും ദേഷ്യമായി. ഒരു കഷണം ചിക്കൻ കാലിന് വേണ്ടി അവർ കൊതിച്ചു.

എന്നെ പൊതു ദർശനത്തിന് വയ്ക്കുന്ന ദിവസമാറിയാൻ ജനം ധൃതി പിടിച്ചു. എത്രയും നേരത്തെയറിഞാലല്ലേ ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്യാൻ പറ്റു. അങ്ങിനെ ആ ദിവസമെത്തി. കറുത്ത സാരിയാണോ അതോ വെളുത്ത സാരിയാണോ, അതല്ലാ കോട്ടാണോ അന്ന് ഉടുക്കുന്നതെന്നൊക്കെ അടുത്ത കൂട്ടുകാരികൾ പരസ്പരം ചോദിച്ചറിഞ്ഞു. ഇതിനിടയിൽ എന്റെ അസോസ്സിയേഷൻ മീറ്റിംഗ് കൂടി. ബോഡി നാട്ടിലയക്കാൻ പണപ്പിരിവില്ലെന്നറിഞ്ഞതോടെ ഭാരവാഹികൾക്ക് സന്തോഷമായി. സംഘടനയുടെ ഘജനാവ് കാലിയാണെന്ന സത്യം അവർക്കല്ലേയറിയൂ. ഒടുവിൽ ഒരു റീത്ത് വയ്ക്കാൻ തീരുമാനമായി. അതിനുള്ള  കാശിനായി അവർ പിരിവെടുത്തു. ‘എനിക്ക് റീത്ത് വയ്ക്കാൻ അവർ പിരിവെടുത്തു എന്ന തിരുവെഴുത്ത് അങ്ങിനെ പൂർത്തിയായി.
അങ്ങിനെ ആ ദിവസം എന്നെ അറിയുന്നവരും അറിയാത്തവരുമായ നിരവധിപേർക്ക് വേണ്ടി പള്ളിയിൽ ഞാൻ നീണ്ട് നിവർന്ന് കിടന്നുഅവരുടെ ആദരാഞജലികൾ കണ്ട് എനിക്ക് ഒരേസമയം ചിരിയും സങ്കടവും വന്നു. പിന്നീട് നടന്ന അനുശോചനയോഗത്തിൽ എന്റെ വീരശൂര പരാക്രമങ്ങൾ അവർ അക്കമിട്ട് നിരത്തി. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തവരും എന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരും ഒക്കെ  എന്നെക്കുറിച്ച് പറയുന്നത്കേട്ടപ്പോൾ എന്റെ ചത്ത് മരവിച്ച രോമങ്ങൾ പോലും കൂട്ടമായി  എഴുന്നേറ്റ് നിന്ന് കൈകൂപ്പിപ്പോയി.

പിറ്റേന്ന് ഞാൻ നാട്ടിലേക്ക് പറന്നു. അവിടെ പുതുതായി ഞാൻ പണികഴിപ്പിച്ച  വീട്ടിൽ മുറ്റത്തൊരുക്കിയ പന്തലിൽ എന്നെ അവർ കിടത്തി. അന്നെനിക്കൊത്തിരി സങ്കടം വന്നു.എങ്ങിനെ സങ്കടിക്കാതിരിക്കും? ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയതും, കടം മേടിച്ചും പണിത ആ കൊട്ടാര സദര്‍ശമായ വീട്ടിൽ താമസിച്ച് കൊതി തീർന്നില്ല. അതിന് മുൻപേ ഇങ്ങിനൊരു പോക്ക് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോഎന്നെ യാത്രയാക്കാൻ നാട്ടുകാരും ബന്ധുജനങ്ങളുമൊക്കെയെത്തി. വീഡിയോ ക്യാമറയുമായി ലൈവ് സ്ട്രീം ടീം എനിക്ക് ചുറ്റും വട്ടം കറങ്ങി. എന്നെക്കുറിച്ച് ഒന്നുമറിയാത്ത വികാരിയച്ചൻ എന്റെ ഭക്തിയെപ്പറ്റിയും, മനുഷ്യ സ്നേഹത്തെപ്പറ്റിയും, കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെപ്പറ്റിയുമൊക്കെ സുദീര്‍ഘം  കള്ളം പ്രസംഗിച്ചു. പള്ളിയിലേക്കുള്ള പോക്കിൽ ഞാൻ പണിത് വാടകക്ക് കൊടുത്ത ഷോപ്പിംഗ് കോംബ്ലക്സിലെ വാടകക്കാർ വരിയായി എന്റെ പിന്നാലെ നടന്നു. അവരുടെ മുഖത്ത് ദുഖവും അകത്ത് സന്തോഷവും മിന്നിമറയുന്നത് ഞാൻ കണ്ടു. ജീവിച്ചിരിക്കേ വാടക തരാത്ത അവർ ഇനി അത് തരുമോ? മക്കളായിട്ട് ഇനി ഇവിടെ വന്ന് വാടക മേടിക്കുമെന്ന് തോന്നുന്നില്ല. മക്കളില്ലാതെ ഭാര്യ ഇവിടെ വരുമോ? ഇതൊക്കെയോര്ത്ത്  എനിക്ക് പെട്ടിയിൽ കിടന്നിട്ട് കിടപ്പുറക്കുന്നുണ്ടായിരുന്നില്ലയൂറോപ്പിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കി നാട്ടിൽ പണിതുയത്തിയതും ഉണ്ടാക്കിയതും ഒക്കെ ഇനി ആരനുഭവിക്കും എന്നോർത്ത് എന്റെ ചങ്ക് തകർന്നു.എന്നാല്‍ യൂ.കേയിലായിരുന്നപ്പോള്‍ ജീവിതം ആസ്വദിച്ചോ? അതുമില്ല. ഓരോ വര്‍ഷവും ഹോളിഡെ പോകാമെന്ന്‍ മക്കള്‍ പറയുമ്പോള്‍ അടുത്ത വര്‍ഷമാകട്ടെ, പിന്നത്തെ വര്‍ഷമാകട്ടെ എന്നിങ്ങനെ അവധി പറഞ്ഞ്  പറഞ്ഞു എങ്ങും പോയുമില്ല. സത്യത്തില്‍ അതൊക്കെയോര്‍ത്തു എനിക്ക് കുറ്റബോധം വന്നു. ശീതീകരിച്ച മൊബൈൽ മോർച്ചറിക്കുള്ളിൽ കിടന്നിട്ടും ഞാൻ വിയർത്തു കുളിച്ചു. മലയാളിക്ക് മരിച്ചാലും സമാധാനത്തോടെ ഉറങ്ങാനാവില്ലെന്ന് അന്നെനിക്ക് ബോധ്യപ്പെട്ടു.  സന്തോഷത്തോടെ ജീവിതം   അടിച്ചു പൊളിച്ച് കഴിയണമെന്ന മോഹം തകർത്ത മരണത്തെ ഞാൻ ശപിച്ചു. എന്നാല്‍ എല്ലാം അനുഭവിച്ചിട്ടേ ഞാൻ പോകൂ എന്ന വാശിയിൽ പെട്ടിയിൽ നിന്ന് പുറത്തേക്ക് ചാടാന്‍  ഞാൻ ഒരുങ്ങിയതും പെട്ടിയുടെ മൂടി വന്ന് അടഞ്ഞതും ഒരുമിച്ചായിരുന്നു. പിന്നെ പതുക്കെ താഴൊട്ട്. പിന്നെ അതുക്കും മേലേ പൂഴി വീഴുന്ന കലപില ശബ്ദം മാത്രം...

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

മരണാനന്തരം  പാർട്ട് -2

ഏറെ ദിവസത്തെ ഉറക്ക ക്ഷീണം എന്നെ ആകെ തളർത്തിയിരുന്നു. എന്നെ ഏകനാക്കി  എല്ലാവരും പോയതിലുള്ള വിഷമം ഉള്ളിലുണ്ടായിരുന്നെങ്കിലും ക്ഷീണം മൂലം  പതുക്കെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. അഗാധമായ ആ ഉറക്കത്തിൽ  എപ്പോഴോ ഒരു  ചിറകടി ശബ്ദം കേട്ട് ഞാൻ കണ്ണുതുറന്നു. അപ്പോൾ എന്റെ പെട്ടിക്കരികിൽ രണ്ട് ആത്മാക്കൾ എന്നെത്തന്നെ സുക്ഷിച്ചു നോക്കി സങ്കടപ്പെട്ടിരിക്കുന്നത് ഞാൻ കണ്ടു. പാതിരാത്രിയിൽ പ്രേതങ്ങൾ പുറത്തിറങ്ങുമെന്ന് പണ്ട് വായിച്ചത് അപ്പോഴെനിക്കോർമ്മ  വന്നുഅവരെ ഞാൻ സൂക്ഷിച്ചു നോക്കി. അത് എന്റെ ചെറുപ്പത്തിലേ മരണപ്പെട്ടു പോയ എന്റെ   അപ്പാപ്പനും അമ്മമ്മയുമായിരുന്നു. എന്റെ അപ്രതീക്ഷിതമായ വരവിൽ അവർ വളരെ സങ്കടപ്പെട്ടു. ഞാൻ ചുറ്റിലും നോക്കി. അപ്പോൾ അങ്ങ് ദൂരെ  നിരവധി പേർ എന്നെ നോക്കി നില്ക്കുന്നത് ഞാൻ കണ്ടു. അവരിൽ എന്റ കുടുംബത്തിൽ നിന്നും നേരത്തേ മരണപ്പെട്ടവരെയെല്ലാം വിളിച്ച് ഓരോരുത്തരെയായി   അപ്പാപ്പനും അമ്മാമ്മയും എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നെ എന്റെ അയല്ക്കാരും ഞാൻ അറിയുന്ന ഇടവകക്കാരും ഒക്കെ എന്റെ അരികിൽ  എത്തി കുശലാന്വേഷണം നടത്തി. പിന്നെ എത്തിയത്   ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു  . അവർ പേരും നാളും വിശേഷങ്ങളും ഒക്കെ ആരാഞ്ഞു. യൂ.കെയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ സ്കോച്ച് കൊണ്ടുവന്നിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. സ്കോചച്ചെന്ന് കേട്ടപ്പോഴേ എനിക്കൊരു ഉണർവ്വ് കിട്ടിയപോലെ. ഒരൽപം തൊണ്ട നനക്കാൻ കിട്ടിയിരുന്നെങ്കിൽ ഞാനും ആഗ്രഹിച്ചു. ഈ പെട്ടിയുടെ സൈഡിൽ  രണ്ടെണ്ണം എടുത്തു വച്ചിരുന്നെങ്കിൽ ഒന്ന് ചുണ്ട് നനക്കാമായിരുന്നെനിക്ക് തോന്നിമരിക്കുന്നതിന്റെ തലേ ആഴ്ച ഓഫറിൽ കിട്ടിയ അഞ്ചെട്ടെണ്ണം വാങ്ങി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് വച്ചിരുന്ന കാര്യം അപ്പോഴാണെനിക്ക് ഓര്മ്മ വന്നത്. അതിൽ രണ്ടെണ്ണം രണ്ട് ദിവസം കൊണ്ട് തീര്ത്തു . രണ്ടാമത്തേത്തിന്റെ അവസാനത്തോടെ എന്റെ കാര്യവും തീരുമാനമായി. എന്റെ   ഈ ദുശ്ശീലം തന്നെയായിരുന്നല്ലോ   എന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം എന്നോർത്തപ്പോൾ എനിക്ക് അതിയായ കുറ്റബോധം തോന്നി. ഡോക്ടർ എത്രയോ വട്ടം വാണിംഗ് തന്നതാണ്. കേട്ടില്ല. ഭാര്യയും മക്കളും ദിവസവും കരഞ്ഞപേക്ഷിച്ചപ്പോഴും കേട്ടില്ല. നാളെയാകട്ടേ, നാളെയാകട്ടെ  എന്ന് പറഞ്ഞ്  മനപ്പൂർവം നീട്ടി  വച്ചു  . എന്നാൽ വിധി  അതിനനുവദിച്ചില്ല. കുറ്റം എന്റേത് തന്നെ. ഇനി  ഞാനില്ലാത്ത വീട്ടിൽ  ഭാര്യയുടേയും മക്കളുടേയും കഷ്ടപ്പാട് എന്തായിരിക്കും എന്നോർത്തപ്പോൾ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത എന്റെ കണ്ണിൽ  നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഡ്രൈവിംഗ് അറിയാത്ത അവളെ ഇനി ആര് ഡ്യൂട്ടിക്ക് കൊണ്ട് പോകും, കൊണ്ടുവരും.? മക്കളെ തനിച്ചാക്കി അവൾ  എങ്ങിനെ നൈറ്റ് ഡ്യൂട്ടിക്ക് പോകും?. അവരെ  ആര് സ്കൂളിൽ കൊണ്ടാക്കും? പപ്പായെന്ന് വിളിക്കാൻ ഇനി അവർക്കാരുണ്ട് ? അവരെ താലോലിക്കാനും അവരുടെ സങ്കടങ്ങൾ കേൾക്കാനും കളി ചിരികൾ കാണാനും  ഇനി എനിക്കാവില്ലല്ലോ? ഓരോന്നോർക്കുന്തോറും എന്റെ   സങ്കടം കൂടിക്കൂടി വന്നു. എന്റെ കരച്ചിൽ കണ്ട്  ചെറുപ്പക്കാർ കാര്യമന്വേഷിചു. എന്റെ മദ്യപാനവും ഭാര്യയുടേയും മക്കളുടേയും കാര്യമൊക്കെ ഞാൻ വിവരിച്ചപ്പോൾ അവർ  കളിയാക്കി  ചിരിച്ചു. ഇതേ ദുശ്ശീലം  കൊണ്ട് തന്നെയാണ്  ഞങ്ങളും ഇത്ര നേരത്തേ ഇവിടെ എത്തിയതെന്ന് അവർ പറഞ്ഞപ്പോൾ, എന്നെക്കാള്‍ മുന്‍പേ ജീവിതം നശിപ്പിച്ചവരുണ്ട് എന്നറിഞ്ഞപ്പോള്‍  എനിക്കാശ്വാസമായി.  എന്തായാലും ഞാൻ അവരെക്കാൾ ഭേദം തന്നെ.

പിന്നെയും ആത്മാക്കൾ എത്തിക്കൊണ്ടിരുന്നു. അവർ  ഇവിടുത്തെ   അസോസ്സിയേഷന്റെ ഭാരവാഹികളാണെന്നും എന്നെ അസോസ്സിയേഷന്റെ മെമ്പർ ആക്കുവാനാണ് വന്നതെന്നും കേട്ടപ്പോൾ ഞാൻ അമ്പരന്നുപോയി. ഈ സിമിത്തേരിയിലും അസോസ്സിയേഷനോ? എനിക്ക് വിശ്വാസം ആയില്ല. അപ്പോഴാണറിയുന്നത് അവിടെ ഒരസ്സോസിയേഷനല്ലാ, നിരവധി അസോസ്സിയേഷനുകൾ ഉണ്ടെന്നും മറ്റും. ഏതാനും വര്ഷം മുന്പ് വരെ DMA (Dead Men`s Association)  എന്ന പേരിൽ ഈ ഒരു അസോസ്സിയേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീട് അത് പിളർന്ന് പല പല അസോസ്സിയേഷനുകളായീന്നും കേട്ടപ്പോൾ ഇതിൽ ഭേദം അങ്ങ് യൂ.കെയിലെ  അസോസ്സിയേഷനുകളാണെനെനിക്ക് തോന്നി. DMA കൂടാതെ   DMCA( Dead Men`s Cultural Association), FDM(Friends of Dead Men) തുടങ്ങി നിരവധി അസോസ്സിയേഷനുകൾ അതിൽ ചിലത് മാത്രം. DMA  യുടെ വാർഷിക പ്രോഗ്രാം നവംബർ രണ്ടിന് ഈ സിമിത്തേരിയിൽ വച്ച് എല്ലാ വർഷവും നടക്കുമെന്നും അതിന് ജീവിചിരിക്കുന്നവർ വരെ എത്തുമെന്നും  പറഞ്ഞപ്പോഴാണ് നവംബർ 2  മരിച്ച ആത്മാക്കളുടെ ദിവസമാണല്ലോ എന്നെനിക്കോർമ്മ വന്നത .മാത്രമല്ലാ പ്രാദേശിക തലത്തിലും ജില്ലാതലത്തിലും ദേശീയ തലത്തിലും ഒക്കെ സംഘടനകൾ ഉണ്ടത്രേ. ഇവരുടെ ദേശീയ സംഘടനയാണത്രേ 'ഉദ്മ' (Union of Dead Men`s Association).  ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി. പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്നപോലായി കാര്യങ്ങൾ. കുഴിയിലേക്കെടുത്താലും നമ്മുടെ ശീലങ്ങൾ നമ്മുടെ കൂടെയുണ്ടാകുമെന്ന് എനിക്ക് ബോധ്യപ്പെട്ടു.   ജീവിച്ചിരുന്നപ്പോൾ ഉള്ള സംഘടനയിലെല്ലാം പ്രവർത്തിച്ച് ആവശ്യത്തിനു ധനനഷ്ടവും മാനഹാനിയും കുടുംബ കലഹവും സമ്പാദിച്ചതാണ് . ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ.  അതുകൊണ്ട് ആലോചിച്ച് മറുപടി പറയാമെന്നു പറഞ്ഞ് അവരെ പറഞ്ഞുവിട്ടു.

അപ്പോൾ അതാ വരുന്നു മറ്റൊരു കൂട്ടർ. പ്രവാസ ജീവിതത്തിനിടയിൽ മരണപ്പെട്ടവരുടെ  സംഘടനയായ PDMA(Pravasi Dead Men`s Association,)  എന്നാ സംഘടനാ ഭാരവാഹികൾ ആയിരുന്നു അവർ. ഒക്ടോബർ 31ന് ഹാലോവീൻ ആഘോഷമാണ് അവരുടെ ഏറ്റവും വലിയ ആഘോഷം. DMC ക്കാര്ക്ക്  ഇവരുടെ ആഘോഷത്തിനോട് താല്പ്പര്യമില്ല. ഇതൊരു സിമിത്തേരിയാണെന്നും അതുകൊണ്ട് ഇവിടെ ക്രിസ്ത്യൻ പാട്ടുകളും സ്കിറ്റുകളും മാത്രമേ പാടുള്ളൂ എന്ന DMCക്കാരുടെ പിടിവാശിയാണു ഇങ്ങിനെ ഒരു സംഘടന ഉണ്ടാക്കാൻ ഇടയായതെന്നുമാണ് PDMA പറയുന്നത്. മരണം ഒരിക്കലേ ഉള്ളൂ, അത് ആസ്വദിക്കണം എന്നാണിവരുടെ പക്ഷം. അതുകൊണ്ട് തന്നെ  ഇവരുടെ  ആഘോഷത്തിൽ ഡിസ്കോയോ, റാപ്പോ, ബോളീവുഡ് ഡാൻസോ എന്തിന്  കാബറെ വരെ ആകാം. പ്രവാസികൾ എല്ലാം ഇതിൽ ചേർന്നുകഴിഞ്ഞെന്നും എത്രയും വേഗം ഇതിൽ ചേരണമെന്നും ഉള്ള അവരുടെ നിർബന്ധത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി  അപ്പോഴാണവർ പറയുന്നത്  അടുത്ത മാസം   നമ്മുടെ സംഗമമുണ്ടെന്ന്. യുറോപ്പിൽ വച്ച് മരിച്ചവർക്കായുള്ള നാലാമത്  യുറോപ് സംഗമം.   ഇത് കൂടാതെ അമേരിക്കയിൽ വച്ച് മരിച്ചവർക്കായുള്ള അമേരിക്കൻ സംഗമംഗൾഫ്കാരുടേതായി ഗൾഫ്  സംഗമം അങ്ങിനെ  വേറെയും ഒരുപാട് സംഗമങ്ങളുണ്ടത്രെഎല്ലാം കേട്ടപ്പോൾ എനിക്കാവേശമായി.  ഉടനെ തന്നെ  അതിൽ ഒരംഗത്വമെടുക്കുകയും ഒക്ടോബർ 31ന് ഹാലോവിൻ ഡേക്ക്  എന്റെ വകയായി  ഒരു പ്രോഗ്രാമം ചെയ്യാമെന്നേൽക്കുകയും ചെയ്തു . ഒക്ടോബർ 31ന്  ഇനി  വളരെ കുറച്ചു ദിവസമേയുള്ളു . അതിന് മുൻപേ പ്രോഗ്രാം തയ്യാറാക്കണം. ഒരു ഓട്ടൻ തുള്ളൽ   തന്നെയാകട്ടെ  അല്ലേ?  എന്റെ കഥ തന്നെ തീമാക്കുകയും ചെയ്യാം.എപ്പടി? അങ്ങിനെ ഞാന്‍ഹാലോവീന്‍ഡേക്കുള്ള  ഓട്ടം തുള്ളലിന്‍റെ  പ്രിപ്പരേഷന്സു തുടങ്ങി.  അപ്പോ എല്ലാവർക്കും അഡ്വാന്‍സ്  ഹാലോവീൻ ഡേ ആശംസകൾ..
.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

മരണാനന്തരം - അവസാന ഭാഗം.

അങ്ങിനെ ഹാലോവീൻ പാര്‍ട്ടി കഴിഞ്ഞിട്ടു ആഴ്ച ഒന്നായി. ഇതുവരെ കിടന്നിടത്തുനിന്ന് പൊങ്ങാൻ കഴിഞ്ഞിട്ടില്ല. എങ്ങിനെ പൊങ്ങും. പൈപ്പ് തുറന്ന് വിട്ട പോലല്ലേ പോയിക്കൊണ്ടിരിക്കുന്നത്. ഒരു വല്ലാത്ത സദ്യയായിപ്പോയി. നല്ല നാടൻ മത്തങ്ങാകൊണ്ടുള്ള വിഭവങ്ങൾ  ആണല്ലോ എന്ന് കരുതി തീറ്റയിൽ  ഒരു പിശുക്കും കാട്ടിയില്ല. നന്നായിട്ട്  തട്ടി വിട്ടുമത്തങ്ങാ ചമ്മന്തി മുതൽ മത്തങ്ങാ പായസം വരെ എല്ലാം മത്തൻ ചേർത്ത വിഭവങ്ങൾ മാത്രം. പക്ഷേ അതിൽ  പകുതിയും  പ്ലാസ്റ്റിക് മത്തനായിരുന്നെന്നു തൂറ്റ് തുടങ്ങിയപ്പോഴേ എല്ലാവരും അറിഞ്ഞുള്ളൂ .  അങ്ങിനെ മായം കുഴിയിലും എത്തിക്ഷീണം മാറുന്നില്ല. വീണ്ടും മയക്കത്തിലേക്ക് വീഴുമ്പോഴാണു അവരെത്തിയത് ഇവിടുത്തെ ഒരു പ്രധാന പ്രാർത്ഥന ഗ്രൂപ്പിൽ പെട്ടവരായിരുന്നു അവർ. തൊട്ടടുത്ത കുഴിയിലാണ് പ്രാര്‍ത്ഥന. ചെല്ലണം പോലും.  ഇവിടെ  അയൽപക്കക്കാരുടെ പ്രാർത്ഥന കൂട്ടായ്മയില്ല എല്ലാവരും ഒരിട്ടാവട്ടത്താണല്ലോ കഴിയുന്നത്. പിന്നെയോ? പല പല രീതിയിൽ മരണപ്പെട്ടവരുടേതായിരുന്നു എല്ലാ പ്രാർഥനാ ഗ്രൂപ്പുകളുംവണ്ടി ഇടിച്ച് മരിച്ചവരുടെ ഒരു ഗ്രൂപ്പ്, ക്യാൻസർ വന്ന് മരിച്ചവരുടെ ഒരു ഗ്രൂപ്പ് എന്ന് വേണ്ടാ എയിഡ്സ് വന്നവരുടെ വരെ പ്രാർഥനാ ഗ്രൂപ്പുകളുണ്ട് . അതിൽ ഏറ്റവും വലിയ ഗ്രൂപ്പില്‍ പെട്ടവരായിരുന്നു ആ വന്നവര്‍ലംഗ്സും ലിവറും  ഇല്ലാത്തവരുടെ  ഈ ഗ്രൂപ്പിൽ പെട്ടതുകൊണ്ടാണു ഇവർ എന്നെ ക്ഷണിക്കാന്‍ എത്തിയത്.   തൊട്ടടുത്ത കുഴിയിലായിരുന്നു പ്രാര്‍ത്ഥന.  പ്രാര്‍ത്ഥനക്ക് ശേഷം അടിപൊളി ശാപ്പാടും. പ്രാര്‍ത്ഥനക്കായിരുന്നോ അതോ ശാപ്പാടിനായിരുന്നോ പ്രാധാന്യം എന്ന് ചോദിച്ചാല്‍ കുഴങ്ങുകയേയുള്‍ളുളു..

എന്റെ ഓര്‍മ്മകള്‍ വീണ്ടും എന്റെ മരണ ദിവസത്തിലേക്കെത്തി, അന്ന് വൈകിട്ട് പ്രാര്‍ത്ഥനക്കാര്‍ വീട്ടിലെത്തിയതും പല പല ചര്‍ച്ചകള്‍ നടത്തിയതുമൊക്കെ. ബോഡി നാട്ടിലെത്തിക്കാന്‍ പണപ്പിരിവെടുക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.. എന്നാല്‍ ഭാര്യയുടെ അഭിപ്രായംകൂടി അറിഞ്ഞിട്ട് മതി എന്ന തീരുമാനത്തില്‍ അവര്‍ ഭാര്യയോട് അഭിപ്രായം ആരാഞ്ഞു.. കാശെന്ന് കേട്ടപ്പോള്‍ ആ ദുഖത്തിലും അവള്‍ക്ക്  ഒരു ചഞ്ചലിപ്പ്. അവരുടെ നിര്‍ബന്ധത്തില്‍ ഒരു വേള അവള്‍ അതിന് സമ്മതിച്ച് പോയേനെ. എങ്കിലും ഇക്കാര്യത്തില്‍ നേരത്തേ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്ന കാര്യം  അവള്‍ക്ക് പെട്ടാന്നോര്‍മ്മ വന്നു. ആയിടക്ക് മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി പണപ്പിരിവെടുക്കുമ്പോഴായിരുന്നു ഇക്കാര്യത്തില്‍ നമുക്ക് ഒരു പിരിവ് വേണ്ടാ  എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിയത്ഇത്രയും കാലം വിശ്രമമില്ലാതെ പണി ചെയ്തു. നാട്ടില്‍ രണ്ട് തലമുറക്ക് കഴിയാനുല്ല വക എസ്റ്റേറ്റായിട്ടും വീടായിട്ടും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം ഇവിടെ വന്നതിന് ശേഷമാണ് ഉണ്ടാക്കിയത്. ഒരു പ്രാവശ്യം എല്ലാവരും കൂടി നാട്ടില്‍ ഹോളീഡേക്ക് പോകണമെങ്കില്‍ ഫ്ലൈറ്റ് ചാര്‍ജ്ജ് ഉള്‍പ്പെടെ ചുരുങ്ങിയത് 8-10 ലക്ഷം രൂപ പൊടി പൊടിക്കും. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഈ ചിലവ് ഉണ്ട്. ചിലപ്പോ ഇടക്ക് വേറെയും പോകും. ഇതിനൊന്നും ആരുടെയും പിരിവ് മേടിച്ചല്ലല്ലോ പോകുന്നത്. വീടുണ്ടാക്കിയതും ഷോപ്പിംഗ് കോമ്പ്ലക്സ് ഉണ്ടാക്കിയതും ആരുടെയും പണംകൊണ്ടല്ലാ. എന്നാല്‍ ഇതിനൊക്കെ പണം കണ്ടെത്താന്‍ ഒരു പിരിവും ഇല്ലാതെ കഴിഞ്ഞെങ്കില്‍ സ്വന്തം ബോഡി നാട്ടില്‍ കൊണ്ടുപോകാനുള്‍ള 2500 പൌണ്ട്  പിരിക്കാന്‍ എന്‍റ്റെ അഭിമാനം അനുവദിച്ചില്ല.  ഇനി ഞാന്‍ മരിച്ചെന്ന് കരുതി അവളും കുടുംബവും പട്ടിണി കിടക്കേണ്ടി വരുകയുമില്ല. നാട്ടിലെ വിടും കടയും ഉണ്ടാക്കാന്‍ യു.കെയിലെ വീട് റീമോര്‍ട്ഗേജ് ചെയ്ത് ലക്ഷങ്ങള്‍ എടുത്തതും കൂടാതെ ലോണ്‍ എടുത്തതും ഒന്നും ഇനി തിരിച്ചടക്കേണ്ടല്ലോ മാത്രമല്ലാ വേണമെങ്കില്‍ നാട്ടിലേക്കയച്ച പോലെ തന്നെ നാട്ടില്‍ നിന്നും പണം തിരിച്ച് ഇങ്ങോട്ടും അയക്കാന്‍ പറ്റും. അതുകൊണ്ട് ഈ പിരിവ് ആവശ്യമില്ലാ എന്ന ആ തിരുമാനം അവള്‍ അവരോട് അറിയിച്ചു.

ഇനി ജീവിച്ചിരിക്കുന്നവരോട് എനിക്ക് ഇത്രയേ പറയാനുള്‍ളൂ. ജീവിച്ചിരിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ചും, മരണശേഷമുള്‍ള സ്വര്‍ഗ്ഗജീവിതത്തെക്കുറിച്ചുമൊക്കെ ഒരുപാട് തയ്യാറെടുപ്പുകളും തീരുമാനങ്ങളുമൊക്കെയെടുക്കുന്ന നിങ്ങള്‍ക്ക് ഈ യാത്രയേക്കുറിച്ച് മാത്രം എന്തേ ഒരു തയ്യാറെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ഒരു യാത്ര എല്ലാവര്‍ക്കും ഉണ്ടാകും എന്നിരിക്കലും ആയതിന് വേണ്ടി എന്ത് പ്രിപ്പറേഷനാണ് നിങ്ങള്‍ എടുത്തിട്ടുള്‍ളത്?  രണ്ടായിരത്തി അഞ്ഞൂറ് പൌണ്ട് മുതലുള്‍ള നിരവധി ഫ്യൂണറല്‍ പ്ലാനുകളും ലൈഫ് ഇന്‍ഷുറന്‍സ് സ്കീമുകളും നിലവിലുണ്ട്. ആയതിനു വേണ്ട പണം ഗഡുക്കളായോ ഒറ്റത്തവണയായോ അടക്കാം. അല്ലെങ്കില്‍ നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ സൂക്ഷിക്കാം. ഇത്തരം കരുതലുകളൊന്നും ഇല്ലെങ്കില്‍ തന്നെയും അഞ്ചോ പത്തോ ആയിരം പൌണ്ട് ബാങ്ക് ലോണ്‍ കിട്ടാന്‍  ഒത്തിരി സമയമൊന്നും വേണ്ട താനും.   ഭീമമായ ഒരു തുക ഇക്കാര്യത്തില്‍ വേണ്ടിവരുമെന്ന മിഥ്യാ ധാരണയായിരിക്കാം ഒരു പിരിവ് പലരും നല്‍കുന്നതും വാങ്ങുന്നതും. എന്നാല്‍ ഇത്തരം ഒരു സഹായം ആവശ്യമുള്‍ളവരും ഇവിടുണ്ട് എന്ന കാര്യം കാണാതെ പോകുന്നില്ല. അവരെ നിശ്ചയമായും സഹായിക്കണം. സഹായിച്ചേ പറ്റു.
ഒരൊറ്റ കാര്യം കൂടി എഴുതി ഞാന്‍ ഇതവസാനിപ്പിക്കുകയാണ്.
ജീവിതകാലം മുഴുവന്‍ പണിയെടുത്ത് ഉണ്ടാക്കിയ പണം സ്വന്തം ശവസംസ്കാരത്തിനെങ്കിലും ഉപയോഗിക്കാന്‍ മടികാണിക്കാതിരിക്കൂ മലയാളീ...എന്നിട്ട്  അഭിമാനത്തോടെ യാത്രപോകൂ, മനുഷ്യരെക്കൊണ്ട്   പറയിപ്പിക്കാതെ..."




ജോണ്‍ മാഷിന്


ഓര്‍മ്മകള്‍ മരിക്കുമോ?

കൃത്യമാമിടവേളകളിലെത്തിയിരുന്നൊരാവിളി
പെട്ടെന്നൊരു ദിനം നിലച്ചുപോയ്.
വ്യക്താമായൊന്നും പറയാതെയാച്ചെങ്ങാതി
മൃത്യുവിൻ വിളികേട്ടങ്ങ് യാത്രയായി.

മറുവിളിയില്ലേലും പരിഭവമില്ലാതെപ്പിന്നെയും.
പിന്നെയും കൃത്യമായെത്തുമാവിളി,
കരുണാർദ്രമായൊരാവിളിയില്ലിനി
കരളിന്റെയുള്ള് പിളരുന്ന പോലെ

മരണത്തിൻ ചിറകേറിച്ചില
രെങ്ങോ മറയുമ്പോൾമാത്രമാ
ണാവരെനാമോർക്കയുള്ളൂ
അവരിലെനന്മ നാം കാൺകയുള്ളൂ..

മരണമില്ലെനിക്കെന്നൊരഹങ്കാര
മാണെന്നഹങ്കരത്തിന്നാധാര
മെന്നറിയുന്നനേരമേ
എന്നിലെയെന്നെയും ഞാനറിയൂ..

മരണത്തിൻ തേരേറിപ്പോയൊരു മാഷേ
നിൻ സ്മരണകൾ വേരറ്റ് പോകില്ലൊരുനാളും.










ഐ പ്രൌഡ് റ്റു ബി ആൻ എട്ടാം വാർഡുകാരൻ...

ആഗസ്റ്റ് 15നും ഇൻഡ്യ ക്രിക്കറ്റ് ജയിക്കുമ്പോഴും മാത്രം കുറേ ആളുകൾ പറയുന്ന ഒരു വാചകമുണ്ട്. I proud to be an Indian. സത്യത്തിൽ പാസ്സ്പോർട്ടിലല്ലാതെ ജീവിതത്തിൽ എവിടെയെങ്കിലും ഒരു ഇൻഡ്യാക്കാരനായി ജീവിക്കുന്ന ആരെങ്കിലുമുണ്ടോ? തെക്കനും വടക്കനും, തമിഴനും, തെലുങ്കനും, പഞ്ചാബിയും,മദ്രാസിയുമൊക്കെയായി കഴിയുന്നവരല്ലേ എല്ലാവരും. ബംഗ്ലാദേശികൾ എന്ന് പറയുമ്പോൾ തന്നെ മലയാളിക്ക് അവർ മറ്റേതൊ രാജ്യക്കാരനായിട്ടാണ് തോന്നുന്നത്. ഒരിക്കൽ മാതൃഭൂമിയിലോ മറ്റോ ഇതിനെക്കുറിച്ച് ഒരു ലേഖനം വായിച്ചതോർക്കുന്നു. കേരളത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ബംഗ്ലാദേശികൾ കൊണ്ടു പോകുന്നൂ എന്ന്. ഇൻഡ്യാക്കാർ തന്നെയായ ബംഗ്ലാദേശിയോടുള്ള മനോഭാവം ഇങ്ങിനെയെങ്കിൽ കേരളത്തിലേക്ക് എത്തുന്ന വിദേശപണത്തിന്റെ കണക്കെടുത്താൽ അന്യ രാജ്യക്കാർ നമ്മെ എങ്ങിനെ കരുതണം?
ഒരോ സംസ്ഥാനത്തും ഓരോ നിയമങ്ങൾ, ഓരോ നികുതികൾ ഓരോരോ ആചാരങ്ങൾ എന്നുവേണ്ട കേരളത്തെ മറ്റൊരു രാജ്യമായിട്ട് തന്നെയല്ലേ നാം വിളിക്കുന്നത്. ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യം. ഗോഡ്സ് ഓൺ കണ്ട്രി.
ഇനി വിദേശത്ത് ജീവിക്കുന്ന ആർക്കെങ്കിലും ഈ ഇൻഡ്യാക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതാത് ഭാഷ സംസാരിക്കുന്നവർ മാത്രം സഹകരിക്കുന്നൂ, സംഘടിക്കുന്നു. ഇവിടൊരു തമിഴനെ കണ്ടാൽ പോലും നമുക്ക് പുശ്ചം.
അതുകൊണ്ട് ഈ ഐ ആം നോട്ട് പ്രൌഡ് റ്റു ബി ആൻ ഇൻഡ്യൻ. മറിച്ച്, ഞാൻ ജനിച്ച് വളർന്നതും, കളിച്ചു നടന്നതും, എന്നെ അറിയുന്നവരും ഞാനറിയുന്നവരുമായ എന്റെ അയൽക്കാരുള്ള എന്റെ എട്ടാം വാർഡിനെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.
ഞാൻ ഒരു എട്ടാം വാർഡുകാരനാണ്.

എല്ലാ എട്ടാം വാ‍ർഡുകാരും എന്റെ സഹോദരീ സഹോദരന്മാരാണ്.