Sunday 26 May 2013

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.

ഗ്രാമ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ.
അകലങ്ങളിലിരിക്കുംബോഴാണ് ബന്ധങ്ങളുടെ വിലയറിയുക എന്നാണ് പറയുന്നത്. അത് വളരെ സത്യമായ ഒരു കാര്യമാണ്  നാം നിസ്സാരരെന്ന് കരുതുന്ന പലരേയും അകലെയിരിക്കുംബോഴാണ് നാം വിലയിരുത്തേണ്ടത്.  നാം അറിയുന്ന ഓരോരുത്തരെയും ഒരു നിമിഷം ഒന്ന്‍ ശെരിയായി വിലയിരുത്താൻ ശ്രമിച്ചാൽ അവരിലെ നന്മകളെ നമുക്ക് കാണാന്‍ കഴിയും. അപ്പോള്‍ നമ്മേക്കാൾ എത്രയോ ഉയരങ്ങളിലാണിവർ എന്നും നമുക്ക് മനസ്സിലാകും .  അപ്പോ നമുക്ക് ഇവരോടുള്ള സ്നേഹം ഇരട്ടിക്കും.  പലപ്പോഴും നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം അവരുടെ കുറ്റങ്ങളിലൂടെയും  കുറവുകളിലൂടെയും ആയിരിക്കും നാം ആദ്യം ഓര്‍ക്കുക. അവരിലെ നന്മകള്‍ നാം കണ്ടെത്തുമ്പോഴേക്കും ഒരുപക്ഷേ  അവരിൽ പലരും ഈ ലോകം വിട്ടു പോയികഴിഞ്ഞിരിക്കും. എന്റെ രണ്ട്ട് സുഹൃത്തുക്കള്‍ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ  മരണപ്പെട്ടു. അവരില്‍ പല കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നു എങ്കിലും അവര്‍ക്ക് അതിലേറെ നന്മകള്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവിന്  അവരുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഫോട്ടോയിൽ കാണുന്നതും ഇതുപോലെ ചില കുറവുകളുള്ള ഒരു മനുഷ്യനാണ്. പേര് കൊസ്തോപ്പ്. കൊസ്തോപ്പേട്ടൻ എന്റെ അയൽക്കാരനാണ്. വയസ്സ് ഒരു എഴുപത്തിയഞ്ചിനും എൺപതിനും ഇടക്ക് കാണും. ഞാൻ കണ്ട് തുടങ്ങിയ കാലം മുതലേ കൊസ്തോപ്പേട്ടൻ ഇങ്ങിനെയൊക്കെതന്നെയാണ്. ആ രൂപം ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്റെ ഗ്രാമത്തിന്റെ പഴയ മുഖമാണത്. ആ മുഖത്ത് കാണുന്ന അതേ ലാളിത്യവും നിഷ്കളങ്കതയും തന്നെയാണ് അകത്തും.  മൊണാലിസയുടെ ഇനിയും നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത ആ ഭാവം പോലെ തന്നെ നിർവ്വചിക്കാനാകാത്ത ഒരു ഭാവം  ഈ ഫോട്ടോയിലും കാണുന്നില്ലെ? വസ്ത്ര ധാരണത്തിൽ നമ്മുടെ രാഷ്ട്ര പിതാവിനേപ്പോലെയാണ് കൊസ്തോപ്പേട്ടൻ.  അർത്ഥ നഗ്നനായ കൊസ്തോപ്പേട്ടന്റെ സ്ഥായിയായ രൂപവും  ഭാവവും ഇത് തന്നെയാണ്.. ഒരു ഒറ്റമുണ്ടും പിന്നെ ഒരു കൊന്തയും സ്വന്തമായുള്ള കൊസ്തോപ്പേട്ടൻ ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന നന്മനിറഞ്ഞ ചുരുക്കം ചില അപൂവ്വ ജീവികളിൽ ഒരാളാണ്. വിശുദ്ധ കൊസ്തോപ്പേട്ടൻ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കാം. വിവാഹിതനല്ലാത്തതുകൊണ്ടും ചാരിത്ര്യം നഷ്ടപ്പെട്ടിട്ടില്ലാ എന്നെനിക്കുറപ്പുള്ളതുകൊണ്ടും മാത്രമല്ല, മറിച്ച് ആർക്ക് എന്ത് സഹായവും ചെയ്യാൻ കൊസ്തോപ്പേട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും എന്നത്കൊണ്ടുകൂടിതന്നെയാണ് ഞാൻ കൊസ്തോപ്പേട്ടനെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ്ത്. അൽഭുതങ്ങൾ ഒന്നും ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ  സഭക്ക് അദ്ദേഹത്തെ വിശുദ്ധനാ‍ായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും  ഞങ്ങളുടെ നാടിന്റെ  പുണ്യം തന്നെയാണ് ഈ കൊസ്തോപ്പേട്ടൻ . കൊസ്തോപ്പ് ചേട്ടന്റെ ഒരു കൈ മുഴുവനായും നിവരില്ല. അത് പകുതിയേ നിവരൂ. അത് ഒരു "L"  ഷെയ്പ്പിൽ അങ്ങിനെ നിൽക്കും. എന്നാൽ ആ പോരായ്മ തന്നെയാണ് കൊസ്തോപ്പേട്ടന്റെ വിജയവും.. ഞങ്ങളുടെ ഗ്രാമത്തിലുള്ള മിക്ക വീടുകളിൽ നിന്നും രാവിലേയും വൈകിട്ടും പാൽ ഡയറിയിലെത്തിക്കുക എന്നതാണ് കൊസ്തോപ്പേട്ടന്റെ പ്രധാന തൊഴിൽ. ഒരു മൂന്ന് നാല് വീടുകളിൽ നിന്നുള്ള പാൽ പാത്രങ്ങൾ തന്റെ ആ നിവരാത്ത “L" ഷെയിപ്പ് കൈതണ്ടയിൽ  ഒരു ഹാങ്ങറിൽ എന്ന പോലെ തൂക്കിയിടും . എന്നിട്ട് പാൽ ഡയറിയിലേക്ക് ഒരു നടത്തമാണ്. നടത്തം അല്ല, ഓട്ടം എന്ന് തന്നെ പറയാം. ഒന്നല്ലാ, പലവട്ടം. മഴയും വെയിലും ഒന്നും കാര്യമാക്കാതെയുള്ള  ഈ നടത്തം തന്നെയായിരിക്കാം ഈ എഴുപതുകളിലും കൊസ്തോപ്പേട്ടന്റെ യുവത്വത്തിന്റെ കാരണം. മുടങ്ങാതെ പള്ളിയിൽ പോകുന്ന കൊസ്തോ‍പ്പേട്ടന്  പക്ഷേ മരണത്തെ ഭയങ്കര ഭയമാണ്. ആരെങ്കിലും ഞങ്ങളുടെ നാട്ടിൽ മരിച്ചാൽ പിന്നെ ഒരു രണ്ടാഴ്ച്ചത്തേക്ക് ആ ഏരിയായിലുള്ളവർ അവരുടെ പാല്  ഒറയൊഴിക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ സ്വന്തമായി ഡയറിയിലെത്തിക്കേണ്ടി വരും. വികൃതി ചെറുക്കന്മാർ കൊസ്തോപ്പേട്ടനെ വിളിക്കുന്നത്  മൊട്ടകൊസ്തോപ്പ് എന്നാണ്. എന്താണങ്ങിനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ അതിന്റെ കാരണം എനിക്കും, വിളിക്കുന്നവർക്കും കൊസ്തോപ്പേട്ടനും അറിയില്ലആ വിളി  കേട്ടാൽ കൊസ്തോപ്പേട്ടന്റെ ഭാവം മാറും. പിന്നെ വിളിക്കുന്നവന് വയറ് നിറയെ കിട്ടും. ചിലർ അൽ‌പ്പം കൂടി ക്രൂരരാകാറുണ്ട്. അവർ കൊസ്തോപ്പേട്ടന്റെ ആ അനാവൃത മാറിടങ്ങൾ നിഷ്ടൂരം ഞെരിച്ച് അദ്ദേഹത്തെ വേദനിപ്പിച്ച്  അതിൽ ആനന്ദം കൊള്ളും. കരയുകയല്ലാതെ മറ്റൊന്നു ചെയ്യാൻ ഈ പാവത്തിനാവില്ല.  ഫെയ്സ് ബുക്കിൽ എന്റെ അനുജൻ അപ്ലോഡ് ചെയ്ത കൊസ്തോപ്പേട്ടന്റെ ഫോട്ടോ കണ്ടപ്പോഴാണ് കൊസ്തോപ്പേട്ടനെ ഞാനൊന്ന് പഠിക്കാൻ ശ്രമിച്ചത്. അപ്പോൾ   കൊസ്തോപ്പേട്ടനെക്കുറിച്ച് രണ്ട് വക്കെഴുതണമെന്നും തോന്നി.  ഗ്രാമ വിശുദ്ധിയുടെ അവസാനിച്ചുകൊണ്ടിരിക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ്  നന്മ നിറഞ്ഞ മനസ്സുള്ള ഈ കൊസ്തോപ്പ് ചേട്ടൻകൊസ്തോപ്പേട്ടന് എല്ലാവിധ ആയുരാരോഗ്യങ്ങളും നേർന്നുകൊണ്ട് നിറുത്തുന്നു..