ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Saturday, 3 April 2010
ഈസ്റ്റർ വിചാരം
മനുഷ്യൻ മൃഗത്തിൽ നിന്നും പരിണാമം സംഭവിച്ചുണ്ടായതാണെന്ന് ശാസ്ത്രവും, അതല്ല ദൈവത്തിന്റെ സൃഷ്ടിയാണെന്ന് മതങ്ങളും വാദിക്കുമ്പോഴും ഒരു കാര്യം അടിവരയിട്ടുറപ്പിക്കാതെ വയ്യ. മനുഷ്യന്റെ മൃഗീയതക്ക് മനുഷ്യോൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്. ക്രൈസ്തവ വിശ്വാസമനുസരിച്ച് ആദം ആണ് ആദ്യത്തെ മനുഷ്യൻ. പിന്നീട് ഹവ്വയും അവർക്ക് ആബേലും കായേനും എന്ന് രണ്ടു മക്കളും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊല്ലുന്നതിലൂടെ മൃഗീയതയുടെ മനുഷ്യരൂപം ലോകം ആദ്യം കാണുന്നു. പിന്നീടിങ്ങോട്ട് മൃഗീയതയുടെ എല്ലാ സ്വഭാവ സവിശേഷതകളും പഴയ നിയമം തുറന്നാൽ കാണാൻ കഴിയുന്നുണ്ട്. കൊല്ലും കൊലയും മാത്രമല്ല മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന അതിക്രമങ്ങൾ, കുത്തഴിഞ്ഞ ലൈംഗികത, സ്വവരഗ്ഗ രതി,പീഠനങ്ങൾ , ചതി, വഞ്ചന, അടിമത്ത്വം, വർഗ്ഗീയത, അങ്ങിനെ പലതും. കാലങ്ങൾ മാറി, സാവധാനം മനുഷ്യൻ മാറുകയും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ച ഒരു നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുകയും ചെയ്തു. കാലചക്രം പിന്നേയും തിരിഞ്ഞു കൊണ്ടിരുന്നു. ഒരു പകലിന് ഒരു രാത്രി, ഒരു കയറ്റത്തിന് ഒരിറക്കം, ഒരു സുഖത്തിന് ഒരു ദുഃഖം.ഇതാണല്ലോ പ്രകൃതി നിയമം. ഇത് തന്നെ വീണ്ടും ആവർത്തിക്കപ്പെടും. മൃഗത്തിൽ നിന്നും മനുഷ്യനിലേക്കും വീണ്ടും മൃഗത്തിലേക്കുമുള്ള ആ വൃത്തം ഇപ്പോൾ ഏകദേശം പൂർത്തിയായിക്കോണ്ടിരിക്കുകയാണ്. മൃഗങ്ങൾക്ക് പ്രതികരണ ശേഷിയുണ്ടായിരുന്നെങ്കിൽ മൃഗത്തിൽ നിന്നുമാണ് മനുഷ്യൻ ഉണ്ടായതെന്ന ശാസ്ത്ര വാദത്തിനെതിരെ അവർ മാന നഷ്ടത്തിന് കേസ്സുകൊടുക്കുമായിരുന്നു. മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന പ്രവർത്തികളിലേക്ക് അത്രമാത്രം മനുഷ്യൻ അധഃപതിച്ചു കഴിഞ്ഞു. സമകാലിക ലോക സംഭവങ്ങളിലൂടെ കണ്ണോടിച്ചാൽ നമ്മേക്കാൾ ഭേദം മൃഗങ്ങളാണെന്ന് കാണാം. മൃഗത്തിൽ നിന്നും മനുഷ്യനിലൂടെ സഞ്ചരിച്ച് വീണ്ടും മൃഗത്തിലേക്കുള്ള യാത്രയിലാണ് ഇന്ന് മനുഷ്യൻ. മനുഷ്യനും (Man) മൃഗവും (Animal ) തമ്മിൽ ഒരു M ന്റെ വ്യത്യാസമേയുള്ളൂ. Animal ന്റെ മുൻപിൽ ഒരു M ചേർത്താൽ Man-imal ആയി. മനുഷ്യമൃഗം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിൾകുടി ബന്ധം നാം അറുത്തുമാറ്റി. ജീവിതം ഒരു യന്ത്രത്തിന് തുല്യമാക്കി. ജനിച്ച് വീഴുന്ന കുട്ടികൾ മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ യന്ത്രത്തെ സ്നേഹിക്കുന്നു. അമ്മയുടെ താരാട്ടിന് പകരം അവൻ സ്റ്റീരിയോയിലെ ഘോര സംഗീതം കേട്ടുണരുന്നു, ഉറങ്ങുന്നൂ. മണ്ണിൽ കളിക്കുന്നതിന് പകരം സെക്സും, വയലൻസും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചു വളരുന്നു. നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ട് യന്ത്രങ്ങളോടൊപ്പം വളരുന്ന അവനിൽ സ്നേഹം,ദയ, കാരുണ്യം തുടങ്ങിയ നല്ല വികാരങ്ങൾ കണ്ടില്ലെങ്കിൽ നാം ആരെ കുറ്റം പറയും. ഇവിടെ ബന്ധങ്ങളില്ല, സ്വന്തങ്ങളില്ലാ, സഹോദരനും സഹോദരിയും അച്ഛനും അമ്മയുമില്ല. എല്ലാം ഉപയോഗിച്ച് വലിച്ചെറിയാവുന്ന പലതരം ഗെയിമുകൾ മാത്രം. അപ്പോൾ മൃഗവും മനുഷ്യനും തമ്മിലുള്ള അന്തരം കുറയുന്നു. സ്വന്തം സുഖമാണ് പരമ പ്രധാനം എന്ന് ഏവരും കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാതെ വളരുന്ന യുവത്വം ടോയ്ലറ്റിലൊളിപ്പിച്ച ക്യാമറയിൽ സ്വന്തം സഹോദരിയുടെ നഗ്നത കണ്ട് സായൂജ്യമടയുന്നു. സ്വന്തം വീട്ടിലെ ബെഡ് റൂമിൽ ധൈര്യമായി ഉറങ്ങാൻ മാതാപിതാക്കൾ വരെ പേടിക്കേണ്ടിയിരിക്കുന്നു. അച്ഛനും മകളും തമ്മിൽ, അമ്മയും മകനും തമ്മിൽ, സഹോദരനും സഹോദരിയും തമ്മിൽ, ഗുരുവും ശിഷ്യരും തമ്മിൽ അവിശുദ്ധ ബന്ധങ്ങൾ. ആരോപണങ്ങൾ അങ്ങ് വത്തിക്കാനിൽ വരെ എത്തി നിൽക്കുന്നു. നരകാഗ്നിയിലേക്ക് ഒരു ശലഭത്തേപ്പോലെ പറന്നടുക്കുന്ന ലോകം. ഈ മൂല്യച്യുതിയല്ലേ ഇന്ന് നാം അനുഭവിക്കുന്ന ഈ അശാന്തിക്കെല്ലാം കാരണം. ആര് ആരെ കുറ്റം പറയും? നാം തന്നെയല്ലേ ഇതിനെല്ലാം കാരണക്കാർ. എല്ലാം എന്റെ പിഴ തന്നെ. എങ്ങും നടമാടുന്ന തിന്മകൾ. സർവ്വ നാശത്തിലേക്കുള്ള ഈ കുതിപ്പാണോ പുരോഗതി എന്ന് നാം ഘോരഘോരം വിളിച്ചു കൂവുന്നത്. ഒരു കാര്യത്തിൽ നാം ഭാഗ്യവാന്മാരാണ്. നാശത്തിലേക്കുള്ള ആ ഓട്ടത്തിന്റെ ആദ്യപാദത്തിലാണ് നാമിപ്പോൾ. ഫിനിഷിംഗ് കാണാനുള്ള ആയുസ്സ് നമുക്കെന്തായാലും ഉണ്ടാകില്ല.. നമ്മുടെ അടുത്ത തലമുറകളുടെ കാര്യമാണ് ഏറെ കഷ്ടം. ഈ പോക്ക് പോയാൽ ഈ ലോകത്ത് ഇനി എത്ര തലമുറകൾ കൂടി ഉണ്ടാകും എന്ന് കണ്ടറിയണം. കളങ്കിതമായ ഈ ജനതയെ പുനരുദ്ധരിക്കാൻ ദൈവം ഇനിയും സ്വന്തം തിരുക്കുമാരനെ അയക്കുമോ? അതോ, മറ്റൊരു പ്രളയത്തിലൂടെ സർവ്വവും നശിപ്പിക്കുമോ? അങ്ങിനെ വന്നാൽ പെട്ടകത്തിലേറാൻ നമുക്ക് മറ്റൊരു നോഹിനെ കിട്ടുമോ? അങ്ങിനെ നമുക്ക് പ്രത്യാശിക്കാം. ഏവർക്കും പ്രത്യാശയുടെ ഉത്സവമായ ഈസ്റ്ററിന്റെ ആശംസകൾ.
Thursday, 31 December 2009
Thursday, 24 December 2009
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..
“നീയല്ലോ സ്രുഷ്ടിയും സ്രുഷ്ടാ-
വായതും സ്രുഷ്ടിജാലവും
നീയല്ലോ ദൈവമേ സ്രുഷ്ടി-
ക്കുള്ള സാമഗ്രിയായതും“….(ശ്രീ.നാരായണ ഗുരു)
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..
Tuesday, 1 September 2009
എന്റെ ഓണച്ചിന്തകൾ
ഓണം എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഓർമ്മയിൽ ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. കുളിച്ചു കുറിതൊട്ട്, വാലിട്ട് കണ്ണ് എഴുതി, ഈറൻ മുടിയിൽ മുല്ലപ്പൂവും ചൂടി ഓണപ്പുടവയുമുടുത്ത് നിൽക്കുന്ന ഒരു ഗ്രാമീണ മലയാളി പെൺകൊടിയുടെ ചിത്രം. മുറ്റത്തെ ചാണകം മെഴുകിയ തറയിൽ തീർത്ത പൂക്കളം, വിഭവ സമ്രുദ്ധമായ ഓണ സദ്യ. പിന്നെ കള്ളവും ചതിയുമില്ലാതിരുന്ന, ഏവരും സന്തോഷത്തോടെ വാണിരുന്ന ഒരു നല്ല കാലത്തിന്റെ നാടുവാഴിയായിരുന്ന മഹാബലി തമ്പുരാൻ. നമ്മിലേറെ പേർക്കും ഇത് വാമൊഴിയായും വരമൊഴിയായും എല്ലാം പകർന്നുകിട്ടിയ ചിത്രങ്ങളായിരിക്കും. നാം കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതും എല്ലാം പലപ്പോഴും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നിരിക്കാം. എന്റെ ബാല്യത്തിൽ ഒരിക്കൽ പോലും ഓണത്തിന് ഒരു പുതിയ ഉടുപ്പ് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല. അതുപോലെ അതി വിപുലമായ ഒരു ഓണ സദ്യയും. വീട്ടിൽ ഞാൻ മൂത്ത ആൺ തരിയായിരുന്നത് കൊണ്ട് പൂക്കളം തീർക്കാനും ആരുമുണ്ടായിരുന്നില്ല. ഓണത്തിന് സ്കൂളടക്കുമ്പോൾ പത്തു ദിവസം ചൂണ്ടയിടാൻ പോകാമല്ലോ എന്നുള്ളതുമാത്രമായിരുന്നു എന്റെ സന്തോഷം. പിന്നെ എന്റെ സുഹ്രുത്തുക്കളായ പ്രകാശനും, വേണുവും അവരുടെ സഹോദരിമാരും എല്ലാം പൂക്കൂടയും തോട്ടിയുമായി ഞങ്ങളുടെ പറമ്പുകളിലൂടെ പൂ പറിക്കാൻ വരുമ്പോൾ അവർക്ക് പൂ പറിച്ച് കൊടുക്കുക, രാവിലെ അവരുടെ വീടുകളിൽ പോയി പൂക്കളങ്ങൾ കാണുക, ഇതൊക്കെയാണ് എന്റെ ഓർമ്മയിലെ ഓണങ്ങൾ.
ഓണം മലയാളിയുടെ മനസ്സിന്റെ നന്മയെയാണ് കാണിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ…എല്ലാം അതിലുണ്ട്. ഓണം ഒരേ സമയം ഒരു യാഥാർത്ഥ്യവും ഒരു സങ്കല്പവുമാണ്. ഓണക്കോടിയും സമ്രുദ്ധമായ സദ്യയൂം ഒരു സങ്കല്പം മാത്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങൾക്ക് സന്തോഷവും സമാധാനവും വേണ്ടുവോളം ഉണ്ടായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തെന്നെ, ഓണം ഉണ്ട വയറു പോലെ എന്നുള്ള ചൊല്ലുകളിൽ നിന്നും അന്നത്തെ മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം ഭകഷണമായിരുന്നു എന്ന് കാണാം. ഒരു പക്ഷേ നമ്മിൽ ചിലരുടെയെങ്കിലും ഓർമ്മയിൽ വരെ ഇതായിരുന്നു, ഇക്കാര്യം തന്നെയായിരുന്നു പ്രധാനം. കാലം മാറി. ഇന്ന് വസ്ത്രവും ഭക്ഷണവും എല്ലാം നമുക്ക് യാഥാർത്ഥ്യമായപ്പോൾ സമാധാനവും സന്തോഷവും ഒരു സങ്കൽപ്പം മാത്രമായി മാറുകയാണ്.
അശാന്തിയും അക്രമവും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഓണത്തിന് പ്രസക്ത്തിയേറുകയാണ്. വളരെയേറെ അർത്ഥ തലങ്ങളുള്ള ഓണം ലോകത്തിന് കൊച്ചുകേരളത്തിന്റെ ഒരു മഹത് സംഭാവന തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തുള്ള സാർവ്വ ചരാചരങ്ങൾക്കും പ്രക്രുതിയിൽ തുല്യ അവകാശമാണെന്നും, ഒന്നും മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ അല്ലെന്നുമുള്ള ഒരു മനോഭാവം നമ്മിലുണ്ടായാൽ കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നായ ഒരു മാവേലി നാട് നമുക്ക് സ്രുഷ്ടിക്കാം.
എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ….
Tuesday, 18 August 2009
ഓണപ്പാരടി
ഇത് കഴിഞ്ഞ വർഷം ഓണത്തിന് ചെയ്ത ഒരു സ്കിറ്റിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ചില വരികളെങ്കിലും കാലാനുസ്രുതമല്ലാത്തതായി തോന്നിയേക്കാം. മാവേലിയിൽ നിന്നും ഭരണം മന്ത്രിമാരിലേക്കെത്തിയപ്പോൾ ഉണ്ടായ ചില മാറ്റങ്ങൾ... “മാവേലി നാടു വാണീടും കാലം“ എന്ന രീതിയിൽ...
“മന്ത്രിമാർ നാടു വാണീടും കാലം..
മാലോകർക്കെല്ലാർക്കും കഷ്ടകാലം
വെള്ളവുമില്ലാ..കറന്റുമില്ലാ...കഞ്ഞി
വയ്ക്കുവാനായിട്ടരിയുമില്ലാ...
പച്ചക്കറീകൾ പഴവർഗ്ഗങ്ങൾ..
എല്ലാം തമിഴ് നാട്ടിൽ നിന്നു വേണം
ഉള്ള ക്രുഷി സ്ഥലമെല്ലാം നിങ്ങൾ
ഫ്ലാറ്റ് പണിയാൻ നികത്തിയില്ലേ?
നാട്ടിൽ പണികളതൊന്നുമില്ലാ
ഉള്ള പണിക്കാണേൽ ആളുമില്ലാ..
കൂലിപ്പണി ചെയ്യാൻ പാണ്ടികളും
നോക്കു കൂലി വാങ്ങാൻ പാർട്ടിക്കാരും
കള്ളത്തരവും വഞ്ചനയും
മുഖ്യ പണിയാക്കി മാറ്റി നിങ്ങൾ
ദൈവത്തേപ്പോലും വിലക്കു വിറ്റി-
ട്ടാത്മീയ വ്യാപാരം നടത്തീടുന്നു.
ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യാനിയും
ഈ വ്യാപാരക്കാര്യത്തിൽ ഏകരല്ലോ
പീഢനമിന്നോരു വാർത്തയല്ലാ...
സ്വന്തം വീട്ടിനകത്തും രക്ഷയില്ലാ..
അഛൻ മകളെ വിറ്റിടുന്നൂ തുള്ളി
കള്ളു കുടിക്കുവാൻ കാശിനായി
കന്യാ മഠത്തിലും രക്ഷയില്ലാ
കാരുണ്യ വാരിധേ കാത്തിടേണേ..
ഈ കേരള നാടിനെ കൈവിടല്ലേ?
എല്ലാർക്കും ഓണാശംസകൾ.
Saturday, 23 May 2009
മൂല്യ ശോഷണം
കഴിഞ്ഞ ദിവസം ‘ബഹുമന്യനായ‘ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക്. “ ഒരു സുപ്രഭാതത്തിൽ ഡെൽഹിയിൽ നിന്നും ഒരാൾ തിരുവനന്തപുരത്ത് വന്നിറങ്ങുന്നു. അയാൾ ലോകസഭയിലേക്ക് മത്സരിക്കുന്നു. ഒരുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുന്നു. എന്താണ് കാരണം?. കേരളത്തിലെ ജനങ്ങൾക്ക് “രാഷ്ട്രീയ മൂല്യ ശോഷണം” സംഭവിച്ചിരിക്കുന്നു.” എങ്ങിനെ ചിരിക്കാതിരിക്കും. ചുരുങ്ങിയത് ഒരു അഞ്ചാറു ബോംബേറും പിന്നെ ബസ്സു കത്തിക്കലും വടിവാളാക്രമണവും പോലീസ്സിനെ കല്ലെറിയലും നടത്താതെ രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് കൊടുക്കരുതെന്ന് ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു സഖാക്കളെ! മൂല്യ ശോഷണമല്ല, മറിച്ച് “മൂലധന”( Das Kapital )ത്തിനാണ് ശോഷണം സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല. ലോകമെമ്പാടും. പുതിയ തന്ത്രങ്ങൾ എടുത്താലേ ഇനി ജീവിച്ചുപോകാൻ പറ്റൂ സഖാവേ. ലാൽ സലാം...
Saturday, 16 May 2009
കോരനു കഞ്ഞി കുമ്പിളിൽ തന്നെ
ആരു ജയിച്ചാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. ഇക്കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനു വോട്ട് ചെയ്തതിനാലാണ് മാർക്സിസ്റ്റ് പാർട്ടി തോൽക്കാൻ കാരണം എന്ന് പാർട്ടി നേതാക്കൾ തുറന്ന് പറയുന്നത് കേൾക്കുമ്പോൾ പരോക്ഷമായി കോൺഗ്രസ്സാണ് യഥാർദ്ഥ മതേതര പാർട്ടി എന്ന മറ്റൊരുകാര്യം കൂടി അവർ സമ്മതിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ “വൈരുദ്ധ്യാത്മക ഭൌതിക വാദം“ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതായിരിക്കാം ഈ തോൽവിയുടെ കാരണം എന്ന് ഈ എളിയ എനിക്ക് തോന്നുന്നു. അവരുടെ വൈരുദ്ധ്യങ്ങളിലേക്ക് ഒന്നെത്തിനോക്കാം.
1.അഴിമതിക്കെതിരെ പോരാട്ടം.+ ഇപ്പോൾ അഴിമതിയിൽ മുങ്ങിയ മന്ത്രിമാരും നേതാക്കന്മാരും.
2.സ്ത്രീ പീഡനത്തിനെതിരെ പോരാട്ടം + സ്വന്തം മന്ത്രി മാർ തന്നെ പ്രതികൾ, അവരുടെ മക്കൾ പ്രതികൾ.
3.സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം.+ വിദേശപണം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.
4.സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടം + സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളേയും പരസ്യമായി തന്നെ സ്വീകരിക്കുന്നു.
5.ലളിത ജീവിതം ലക്ഷ്യം + ആഡംബര ജീവിതം, ഖജനാവിലെ പണം വേണ്ടതിനും വേണ്ടാത്തതിനും ധൂർത്തടിക്കുന്നതിൽ മത്സരം
6.ജനങ്ങൾക്ക് സ്വൈര്യ ജീവിതവും സാമൂഹിക സുരക്ഷിതത്വവും. + എവിടെയും അക്രമവും, ഗുണ്ടായിസവും തെമ്മാടിത്തരവും മാത്രം.
7.ഏവർക്കും തുല്യ നീതി + പാർട്ടിക്കെതിരായി വിധി പറഞ്ഞാൽ സുപ്രീം കോടതിയേയും തെറി പറയുന്ന ധാർഷ്ട്യം.
8. വർഗ്ഗീയതക്കെതിരെ പോരാട്ടം + തീവ്ര വർഗ്ഗീയ പാർട്ടിയെ വരെ കൂട്ടു പിടിക്കുന്ന രീതി,( സി.പി.ഐ (മദനി) എന്ന രീതിയിലേക്കു പാർട്ടി അധ:പതിച്ചിരിക്കുന്നു).
പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള ഈ വൈരുദ്ധ്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
Subscribe to:
Posts (Atom)