Tuesday, 1 September 2009

എന്റെ ഓണച്ചിന്തകൾ



ഓണം എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഓർമ്മയിൽ ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. കുളിച്ചു കുറിതൊട്ട്, വാലിട്ട് കണ്ണ് എഴുതി, ഈറൻ മുടിയിൽ മുല്ലപ്പൂവും ചൂടി ഓണപ്പുടവയുമുടുത്ത് നിൽക്കുന്ന ഒരു ഗ്രാമീണ മലയാളി പെൺകൊടിയുടെ ചിത്രം. മുറ്റത്തെ ചാണകം മെഴുകിയ തറയിൽ തീർത്ത പൂക്കളം, വിഭവ സമ്രുദ്ധമായ ഓണ സദ്യ. പിന്നെ കള്ളവും ചതിയുമില്ലാതിരുന്ന, ഏവരും സന്തോഷത്തോടെ വാണിരുന്ന ഒരു നല്ല കാലത്തിന്റെ നാടുവാഴിയായിരുന്ന മഹാബലി തമ്പുരാൻ. നമ്മിലേറെ പേർക്കും ഇത് വാമൊഴിയായും വരമൊഴിയായും എല്ലാം പകർന്നുകിട്ടിയ ചിത്രങ്ങളായിരിക്കും. നാം കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതും എല്ലാം പലപ്പോഴും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നിരിക്കാം. എന്റെ ബാല്യത്തിൽ ഒരിക്കൽ പോലും ഓണത്തിന് ഒരു പുതിയ ഉടുപ്പ് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല. അതുപോലെ അതി വിപുലമായ ഒരു ഓണ സദ്യയും. വീട്ടിൽ ഞാൻ മൂത്ത ആൺ തരിയായിരുന്നത് കൊണ്ട് പൂക്കളം തീർക്കാനും ആരുമുണ്ടായിരുന്നില്ല. ഓണത്തിന് സ്കൂളടക്കുമ്പോൾ പത്തു ദിവസം ചൂണ്ടയിടാൻ പോകാമല്ലോ എന്നുള്ളതുമാത്രമായിരുന്നു എന്റെ സന്തോഷം. പിന്നെ എന്റെ സുഹ്രുത്തുക്കളായ പ്രകാശനും, വേണുവും അവരുടെ സഹോദരിമാരും എല്ലാം പൂക്കൂടയും തോട്ടിയുമായി ഞങ്ങളുടെ പറമ്പുകളിലൂടെ പൂ പറിക്കാൻ വരുമ്പോൾ അവർക്ക് പൂ പറിച്ച് കൊടുക്കുക, രാവിലെ അവരുടെ വീടുകളിൽ പോയി പൂക്കളങ്ങൾ കാണുക, ഇതൊക്കെയാണ് എന്റെ ഓർമ്മയിലെ ഓണങ്ങൾ.
ഓണം മലയാളിയുടെ മനസ്സിന്റെ നന്മയെയാണ് കാണിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ…എല്ലാം അതിലുണ്ട്. ഓണം ഒരേ സമയം ഒരു യാഥാർത്ഥ്യവും ഒരു സങ്കല്പവുമാണ്. ഓണക്കോടിയും സമ്രുദ്ധമായ സദ്യയൂം ഒരു സങ്കല്പം മാത്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങൾക്ക് സന്തോഷവും സമാധാനവും വേണ്ടുവോളം ഉണ്ടായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തെന്നെ, ഓണം ഉണ്ട വയറു പോലെ എന്നുള്ള ചൊല്ലുകളിൽ നിന്നും അന്നത്തെ മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം ഭകഷണമായിരുന്നു എന്ന് കാണാം. ഒരു പക്ഷേ നമ്മിൽ ചിലരുടെയെങ്കിലും ഓർമ്മയിൽ വരെ ഇതായിരുന്നു, ഇക്കാര്യം തന്നെയായിരുന്നു പ്രധാനം. കാലം മാറി. ഇന്ന് വസ്ത്രവും ഭക്ഷണവും എല്ലാം നമുക്ക് യാഥാർത്ഥ്യമായപ്പോൾ സമാധാനവും സന്തോഷവും ഒരു സങ്കൽപ്പം മാത്രമായി മാറുകയാണ്.
അശാന്തിയും അക്രമവും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഓണത്തിന് പ്രസക്ത്തിയേറുകയാണ്. വളരെയേറെ അർത്ഥ തലങ്ങളുള്ള ഓണം ലോകത്തിന് കൊച്ചുകേരളത്തിന്റെ ഒരു മഹത് സംഭാവന തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തുള്ള സാർവ്വ ചരാചരങ്ങൾക്കും പ്രക്രുതിയിൽ തുല്യ അവകാശമാണെന്നും, ഒന്നും മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ അല്ലെന്നുമുള്ള ഒരു മനോഭാവം നമ്മിലുണ്ടായാൽ കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നായ ഒരു മാവേലി നാട് നമുക്ക് സ്രുഷ്ടിക്കാം.
എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ….

No comments: