Saturday, 2 March 2013

കൃഷ്ണങ്കുട്ടിയും യൂറോപ്യൻ ക്ലോസറ്റും പിന്നെ ഞാനും.


1985.ഗുജറാത്തിൽ വർഗ്ഗീയ കലാപം നടക്കുന്ന സമയം. തൃശ്ശൂർ ക്യാമ്പിൽ ട്രൈനിംഗ് കഴിഞ്ഞ് ഞങ്ങൾ മൂന്ന് ബാച്ചിലായി 600 പോലീസുകാർ എന്തിനും തയ്യാറായി നിൽക്കുന്നു. നല്ല തിളച്ച് മറിഞ്ഞ് എന്തിനും തയ്യാറായി  നിൽക്കുന്ന പ്രായം.  ഞങ്ങളെ കലാപ ബാധിത പ്രദേശത്തേക്ക് അയക്കാൻ തീരുമാനമായി. ഞങ്ങൾ 600 പോലീസുകാർ കൂടാതെ കുക്ക്, ഡോബിമാർ, ബാർബർമാർ, ഓഫീസേഴ്സ് തുടങ്ങി ഏകദേശം 800ഓളം പേർ കെട്ടും കിടക്കയും നമ്മുടെ മലയാളത്തിൽ പോലീസ് എന്നെഴുതിയ ജീപ്പുകളുമൊക്കെയായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു.  ഞങ്ങൾക്കായി ഒരു സ്പെഷ്യൽ ട്രെയിൻ തന്നെ അറേഞ്ച് ചെയ്തിരുന്നു. പോകുന്ന പോക്കിൽ നിറുത്തിയ റെയിൽവേ സ്റ്റേഷനുകളൊക്കെ കാലിയാക്കിയാണ് പോക്ക്. ഭാഷ അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങിയവർ അതിലും കുറവ്. ആന കരിമ്പിൻ കാട്ടിൽ കയറിയതു പോലെയായിരുന്നു ഒരോ റെയിൽവേ സ്റ്റേഷനിലേയും അവസ്ഥ. മറ്റ് ട്രെയിനുകൾക്കെല്ലാം പോകാൻ വേണ്ടി നിറുത്തി നിറുത്തിയായിരുന്നു ഞങ്ങളുടെ ട്രെയിൻ പോയിരുന്നത്. ഒടുവിൽ മൂന്ന് ദിവവ്സം കഴിഞ്ഞ് വൈകിട്ട് ഗുജറാത്തിലെത്തി. എല്ലായിടത്തും കർഫ്യൂ ആയിരുന്നു. പട്ടാളം ആയിരുന്നു ലോ ആൻഡ് ഓർഡർ കൈകാര്യ്ം ചെയ്തിരുന്നത്. അവരെ മാറ്റി എല്ലാ കവലകളിലും ഞങ്ങളെ പോസ്റ്റ് ചെയ്തു.അങ്ങിനെ ഞാനും കൃഷണങ്കുട്ടിയുമടക്കമുള്ള ഒരു സെക്ഷൻ  ഗുജറാത്തിലെ സമ്പന്നന്മാർ താമസിക്കുന്ന നാരായൺപുര എന്ന സ്ഥലത്തെ ഒരു പിക്കറ്റ് പോസ്റ്റിൽ എത്തി.  അവിടെ പുതുതായി പണിതീർത്ത, എന്നാൽ എല്ലാ പണികളും തീർന്ന ഒരു പോഷ് വീടായിരുന്നു ഞങ്ങൾക്ക് താമസിക്കാൻ കിട്ടിയത്. ചെന്ന പാടെ ഓരോരുത്തരായി കുളിക്കലും നനക്കലും തുടങ്ങി . മൂന്ന് ദിവസം കഴിഞ്ഞാണ് കുളിക്കുന്നത്. ടോയ്ലറ്റിലെ ഷവറിൽ  എല്ലാരും കുളിച്ചു. പുതിയ കെട്ടിടമായിരുന്നത് കൊണ്ട് ബക്കറ്റുകളോ മറ്റോ അവിടെ ഉണ്ടായിരുന്നില്ല. ടോയ്ലറ്റിൽ തന്നെ താഴെയിട്ട് മുഷിഞ്ഞ യൂണിഫോമുകളും കഴുകി ഓരോഒരുത്തരായി കുളികഴിഞ്ഞിറങ്ങി. അങ്ങിനെ കൃഷ്ണങ്കുട്ടിയും കുളിയും നനയും കഴിഞ്ഞ് വന്ന് വസ്ത്രം ഉണക്കാൻ വിരിച്ചു . കൊല്ലം ജില്ലക്കാരനും ജയന്റെ ആരാധകനുമായ കൃഷ്ണങ്കുട്ടി രൂപത്തിലും ഒരു ചെറിയ ജയൻ തന്നെയാണ് കേട്ടോ. നല്ല ഉരുക്ക് ബോഡിയും. അങ്ങിനെ കൃഷ്ണങ്കുട്ടിയുടെ വസ്ത്രങ്ങളുടെ കൂട്ടത്തിൽ അവന്റെ  ഒരു വെള്ള ബനിയനും നീലം മുക്കി അതും വിരിച്ചു. അത് കണ്ടപ്പോൾ ഞങ്ങൾക്കൊരു സംശയം. ബക്കറ്റില്ലാത്ത ടോയ്ലറ്റിൽ കൃഷ്ണങ്കുട്ടി എങ്ങിനെ ബനിയൻ നീലം മുക്കി?. അപ്പോഴാണ് കൃഷ്ണങ്കുട്ടി നീലം കലക്കാനുപയോഗിച്ച ആ പാത്രം ഞങ്ങളെ കാട്ടി തന്നത്. കൊല്ലം ജില്ലയിലെ അരയ സമുദായക്കാരനായിരുന്ന കൃഷ്ണങ്കുട്ടിയുടെ പ്രഭാതകർമ്മങ്ങൾ ഏറ്റുവാങ്ങിയിരുന്നത് കായലിലെ കുഞ്ഞോളങ്ങളായിരുന്നതിനാലും ഞങ്ങളുടെ ക്യാമ്പിൽ യൂറോപ്യൻ ക്ലോസറ്റ് ഇല്ലാതിരുന്നതിനാലും
യൂറോപ്യൻ ക്ലോസറ്റ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കൃഷ്ണങ്കുട്ടി ആ ക്ലോസറ്റിലെ വെള്ളത്തിൽ നീലം കലക്കിയെങ്കിൽ അവനെ നമുക്ക് കുറ്റപ്പെടുത്താനാവുമോ. പിറ്റേന്ന് ഒരു ബക്കറ്റും വാങ്ങി അതേ യൂറോപ്യൻ ക്ലോസറ്റ്  ആദ്യമായി ഉപയോഗിച്ചവരിൽ ഞാനും ഉൾപ്പെടും. അവിടെ തുടങ്ങിയതാണ് ഈ യൂറോപ്പ്മായുള്ള ബന്ധം. ഇന്നും ക്ലോസറ്റിൽ നീല വെള്ളം കണ്ടാൽ  കൃഷ്ണങ്കുട്ടിയുടെ മുഖം അതിൽ തെളിഞ്ഞു വരും. 

No comments: