Saturday, 23 May 2009

മൂല്യ ശോഷണം


കഴിഞ്ഞ ദിവസം ‘ബഹുമന്യനായ‘ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക്. “ ഒരു സുപ്രഭാതത്തിൽ ഡെൽഹിയിൽ നിന്നും ഒരാൾ തിരുവനന്തപുരത്ത് വന്നിറങ്ങുന്നു. അയാൾ ലോകസഭയിലേക്ക് മത്സരിക്കുന്നു. ഒരുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുന്നു. എന്താണ് കാരണം?. കേരളത്തിലെ ജനങ്ങൾക്ക് “രാഷ്ട്രീയ മൂല്യ ശോഷണം” സംഭവിച്ചിരിക്കുന്നു.” എങ്ങിനെ ചിരിക്കാതിരിക്കും. ചുരുങ്ങിയത് ഒരു അഞ്ചാറു ബോംബേറും പിന്നെ ബസ്സു കത്തിക്കലും വടിവാളാക്രമണവും പോലീസ്സിനെ കല്ലെറിയലും നടത്താതെ രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് കൊടുക്കരുതെന്ന് ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു സഖാക്കളെ! മൂല്യ ശോഷണമല്ല, മറിച്ച് “മൂലധന”( Das Kapital )ത്തിനാണ് ശോഷണം സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല. ലോകമെമ്പാടും. പുതിയ തന്ത്രങ്ങൾ എടുത്താലേ ഇനി ജീവിച്ചുപോകാൻ പറ്റൂ സഖാവേ. ലാൽ സലാം...

Saturday, 16 May 2009

കോരനു കഞ്ഞി കുമ്പിളിൽ തന്നെ


ആരു ജയിച്ചാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. ഇക്കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനു വോട്ട് ചെയ്തതിനാലാണ് മാർക്സിസ്റ്റ് പാർട്ടി തോൽക്കാൻ കാരണം എന്ന് പാർട്ടി നേതാക്കൾ തുറന്ന് പറയുന്നത് കേൾക്കുമ്പോൾ പരോക്ഷമായി കോൺഗ്രസ്സാണ് യഥാർദ്ഥ മതേതര പാർട്ടി എന്ന മറ്റൊരുകാര്യം കൂടി അവർ സമ്മതിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ “വൈരുദ്ധ്യാത്മക ഭൌതിക വാദം“ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതായിരിക്കാം ഈ തോൽവിയുടെ കാരണം എന്ന് ഈ എളിയ എനിക്ക് തോന്നുന്നു. അവരുടെ വൈരുദ്ധ്യങ്ങളിലേക്ക് ഒന്നെത്തിനോക്കാം.
1.അഴിമതിക്കെതിരെ പോരാട്ടം.+ ഇപ്പോൾ അഴിമതിയിൽ മുങ്ങിയ മന്ത്രിമാരും നേതാക്കന്മാരും.

2.സ്ത്രീ പീഡനത്തിനെതിരെ പോരാട്ടം + സ്വന്തം മന്ത്രി മാർ തന്നെ പ്രതികൾ, അവരുടെ മക്കൾ പ്രതികൾ.

3.സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം.+ വിദേശപണം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.

4.സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടം + സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളേയും പരസ്യമായി തന്നെ സ്വീകരിക്കുന്നു.

5.ലളിത ജീവിതം ലക്ഷ്യം + ആഡംബര ജീവിതം, ഖജനാവിലെ പണം വേണ്ടതിനും വേണ്ടാത്തതിനും ധൂർത്തടിക്കുന്നതിൽ മത്സരം

6.ജനങ്ങൾക്ക് സ്വൈര്യ ജീവിതവും സാമൂഹിക സുരക്ഷിതത്വവും. + എവിടെയും അക്രമവും, ഗുണ്ടായിസവും തെമ്മാടിത്തരവും മാത്രം.

7.ഏവർക്കും തുല്യ നീതി + പാർട്ടിക്കെതിരായി വിധി പറഞ്ഞാൽ സുപ്രീം കോടതിയേയും തെറി പറയുന്ന ധാർഷ്ട്യം.

8. വർഗ്ഗീയതക്കെതിരെ പോരാട്ടം + തീവ്ര വർഗ്ഗീയ പാർട്ടിയെ വരെ കൂട്ടു പിടിക്കുന്ന രീതി,( സി.പി.ഐ (മദനി) എന്ന രീതിയിലേക്കു പാർട്ടി അധ:പതിച്ചിരിക്കുന്നു).

പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള ഈ വൈരുദ്ധ്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

Tuesday, 14 April 2009

ഐശ്വര്യ


പൂർണ്ണമായ വിഷു ദിനാശംസകൾ........

Sunday, 12 April 2009

ഈ രക്തത്തിൽ എനിക്ക് പങ്കില്ല


സൂക്ഷിച്ചുനോക്കൂ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രനെ ഒരു ചുംബനത്തിലൂടെ ഒറ്റുകൊടുത്ത ഈ ചുണ്ടുകൾ നമ്മുടെ ചുണ്ടുകൾ തന്നെയല്ലേ? അന്ന് യൂദാസിന് 30 വെള്ളിക്കാശ് കിട്ടി. അതു തീരെ മോശമല്ലാത്ത ഒരുതുകയുമായിരുന്നു. അതുകൊണ്ടാണല്ലോ കുശവന്റെ പറമ്പ് വാങ്ങിയത്. ഇന്ന് വെറും 3 ഓട്ടക്കാശിനു വേണ്ടി എത്രപേരെ വേണമെങ്കിലും ഒറ്റുകൊടുക്കാൻ സ്വന്തം രാജ്യത്തെ വരെ ഒറ്റുകൊടുക്കുവാൻ, നമുക്കു ചുറ്റും എത്രായിരം യൂദാസുമാർ.... .സത്യം ഇന്നും കുരിശിൽ കിടന്നു പിടയുന്നു... പീലത്തോസുമാർ അധികാരസിംഹാസനങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് പ്രസ്താവിക്കുന്നു..“ഈ രക്തത്തിൽ എനിക്കോ എന്റെ പാർട്ടിക്കോ പങ്കില്ലാ.....”. ദൈവമേ, ഞങ്ങൾ ചെയ്യുന്നതെന്തെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഞങ്ങളോട് പൊറുക്കേണമേ....

“ഏവർക്കും പുനരുദ്ധാനതിരുന്നാളിന്റെ ആശംസകൾ“

Tuesday, 31 March 2009

ഇന്നെന്റെ ദിനം


അമ്മക്കൊരു ദിനം
അച്ഛനൊരു ദിനം
വ്രുദ്ധർക്കൊരു ദിനം
വികലാംഗർക്കൊരു ദിനം
അദ്ധ്യാപകർക്കും, കമിതാക്കൾക്കും,
തൊഴിലാളികൾക്കും വെവ്വേറെ ദിനം
ദിനങ്ങളോരോന്നായി പൊഴിഞ്ഞു വീഴുംബോഴും
ക്ഷമയോടെ ഞാൻ കാത്തിരുന്നു......
വരും എനിക്കും ഒരു ദിനം...
ഒടുവിൽ വന്നല്ലോ ആ ദിനം
ഇന്നല്ലോ ആ ദിനം.
അഖില ലോക വിഡ്ഡികളേ....
നിങ്ങൾക്കേവർക്കും
ഈ പമ്പര വിഡ്ഡിയുടെ
വിഡ്ഡിദിനാശംസകൾ.....
സസ്നേഹം,
മണ്ടൻ പോലീസ്.....

Monday, 30 March 2009

ആമ്മേൻ



“ആമ്മേൻ” എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയ കാര്യങ്ങളാണു എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.
“സ്ലം ഡോഗ് മില്ല്യണയറിൽ” ചേരികളിലെ ജീവിതം കാണിച്ചപ്പോൾ ഇൻഡ്യ മുഴുവനും ചേരികളാണെന്നും, നാം എല്ലാവരും ചേരിനിവാസികളാണെന്നും തെറ്റിദ്ധരിച്ച വിദേശികളുണ്ട്. അതുപോലെ ഒരു അച്ചനോ ഒരു കന്യാസ്ത്രീയോ സഭക്ക് ചീത്തപ്പേരുണ്ടാക്കിയതുകൊണ്ട് സഭ മുഴുവനും അത്തരക്കാരാണെന്ന് ധരിക്കുന്നത് ശുദ്ധ അസംബന്ധം. എന്നാൽ ഇത്തരക്കാർ സഭയിൽ ഇല്ലേയില്ല എന്നൊക്കെയുള്ള വിഡ്ഡിത്തരങ്ങൾ വിളമ്പുന്നത് അതിലേറെ അസംബന്ധം. ലോകത്താകമാനമുള്ള 400,000 കത്തോലിക്കാ പുരോഹിതരിൽ ഒരു ശതമാനമെങ്കിലും ഇത്തരക്കാരാണെന്ന് പരിശുദ്ധ പിതാവ് ബനഡിക്ട് 16- മൻ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് കണ്ണടച്ചിരുട്ടാക്കിയതുകൊണ്ട് കാര്യമില്ല. (വിശദ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക. http://www.timesonline.co.uk/tol/comment/faith/article3142511.ece പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരക്കാർ ഇൻഡ്യയിൽ തുലോം കുറവാണെന്നത് ആശ്വാസകരം തന്നെ. സമൂഹത്തിന്റെ എല്ലാ മേഘലകളിലും ഇത്തരം തിന്മകളുണ്ട്. ലോകം വളരുന്നതോടൊപ്പം ഇത്തരം തിന്മകളും അതിനൊപ്പം തന്നെ വളർന്നുകൊണ്ടിരിക്കും.കോൺ വെന്റുകളിലും സെമിനാരികളിലും കഴിയുന്നവർ നമ്മുടെ തന്നെ സഹോദരങ്ങളും പ്രതീകങ്ങളുമല്ലേ. അവരെ മനുഷ്യരായി കാണുക. കാലഹരണപ്പെട്ട ചില കാനോൻ നിയമങ്ങളുടെ പേരിൽ വൈകാരികമായും സാമൂഹികപരമായുമെല്ലാം അടിച്ചമർത്തപ്പെട്ട അവരോട് അല്പം സഹാനുഭൂതി കാണിക്കുക. സഭാ ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സഭാ നേത്രുത്വം തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഭയക്കേസ്സിൽ സഭാ നേത്രുത്വം എടുത്ത നിലപാടുകൾ സഭക്ക് കൂടുതൽ കളങ്കമുണ്ടാക്കാൻ മാത്രമേ സഹായിച്ചുള്ളൂ. അതുകൊണ്ട് “ആമ്മേൻ“ എന്ന പുസ്തകത്തിന്റെ പേരിൽ കൂടുതൽ പ്രതികരിച്ച് വീണ്ടും ഒരു വിവാദത്തിലേക്ക് സഭ ചാടാതിരിക്കുന്നതാണു ബുദ്ധി എന്നു തോന്നുന്നു. മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ ചൊല്ല്.
ആമ്മേൻ

Sunday, 22 March 2009

ഹാപ്പി മദേഴ്സ് ഡേ....


എല്ലാ അമ്മമാര്‍ക്കും, ഉടന്‍ അമ്മയാകാന്‍ പോകുന്ന ഇവര്‍ക്കും മദേഴ്സ് ഡേ ആശംസകള്‍......