Friday 7 February 2014

ഒരു കമ്പി കഥ.


മോഹ ഭംഗമനസ്സിലെ..
1984 ജനുവരിയിലെ അവസാനത്തെ ആഴ്ച്ച സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ജോലിക്കായി ബോംബെയിലേക്ക് വണ്ടി കയറുമ്പോൾ ജോലിയേപ്പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു ആഗ്രഹം കൂടി എന്റെ മനസ്സിൽ ഉണ്ടായിരിരുന്നു. റെഡ് സ്ട്രീറ്റ് ഒന്ന് കാണണം. ഇന്റർനെറ്റും ടീ.വിയും ഒന്നും ഇല്ലാതിരുന്ന അക്കാലത്ത്,  ആ പ്രായത്തിൽ ബോംബെ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു. ഹിന്ദി സിനിമ, ബോംബെ അധോലോകം, പിന്നെ റെഡ് സ്ട്രീറ്റ്. ആ കാലത്ത് എന്റ് പ്രായത്തിലുള്ള പലരുടേയും മനസ്സിൽ പതിഞ്ഞുകിടന്നിരുന്നതും ഇതൊക്കെതന്നെ ആയിരുന്നിരിക്കണം എന്ന് തോന്നുന്നു. എന്തായാലും ബോംബെയിൽ എത്തി സുഹൃത്തിന്റെ കൂടെ താമസമാക്കിശെനിയും ഞായറും സുഹൃത്തിന് ജോലിയില്ലായിരുന്നതിനാൽ ബോംബെ കറങ്ങാൻ  പോകാം എന്ന് പറഞ്ഞു. എവിടെയാണ് ആദ്യം പോകേണ്ടത് എന്ന് സുഹൃത്ത്  ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ റെഡ്സ്ട്രീറ്റിൽ ആദ്യം പോകാമെന്നുള്ള എന്റെ മറുപടി കേട്ട് സുഹൃത്ത് ഒന്നല്ല ഒരു ഒന്നര ഒന്നേമുക്കാൽ ഞെട്ട് ഞെട്ടി. പുള്ളി ഇതുവരെയും  റെഡ് സ്ട്രീറ്റിൽ പോയിട്ടില്ലാ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിലും വലിയ ഞെട്ട് ഞെട്ടി. ഇവനെന്തൊരു മണകുണാഞ്ചൻ എന്നൊരു പുശ്ചം എന്റെ ഉള്ളിൽ പതഞ്ഞ് പൊങ്ങി. അത് ഞാൻ അവനോട് പറയുകയും കൂടി ചെയ്തപ്പോൾ അവനിലെ പൌരുഷം പെട്ടന്നുണർന്നു.  എങ്കിൽ ഇന്ന് അവിടെ പോയിട്ട് തന്നെ കാര്യം എന്ന് അവൻ തീരുമാനിച്ചു. അങ്ങിനെ റെഡ് സ്ട്രീറ്റ് എന്ന ഓമനപ്പെരിൽ അറിയപ്പെടുന്ന ബോംബെയിലെ ഏറ്റവും തിരക്കുള്ള ഗ്രാന്റ് ട്രങ്ക് റോഡിൽ അവിടെ മുൻ പരിചയമുള്ള അവന്റെ മറ്റൊരു സുഹൃത്തിനേയും കൂട്ടി ഞങ്ങൾ എത്തി. മൂന്നും നാലും നിലകളിലായി നിരനിരയായി നിൽക്കുന്ന കെട്ടിടങ്ങളുടെ തുറന്ന വാതിലിലും ജനലിലും എല്ലാം അർത്ഥ നഗ്നകളായ സുന്ദരികൾ വിവിധ പോസ്സുകളിൽ നിൽക്കുന്നു . അവർ മത്തി വിൽ‌പ്പനക്കാരേപ്പോലെ കസ്റ്റമേഴ്സിനെ ക്ഷണിക്കുകയാണ്. ചിരിച്ചും കണ്ണിറുക്കിയും കൈകാട്ടിയുമെല്ലാം. യാതൊരു മറയുമില്ലാത്ത വിൽ‌പ്പന. പുറമേ നിന്നുള്ള ദൃശ്യങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു രണ്ടുമൂന്ന്  ലഡ്ഡുപൊട്ടി. മലയാളിയും നേപ്പാളിയും ബീഹാറിയും തുടങ്ങി ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളെയെല്ലാം അവിടെ കാണാം. അദ്യമായി തൃശൂർ പൂരത്തിന് വെടിക്കെട്ട് കാണാൻ വന്ന കുട്ടിയുടെ ആകാംക്ഷയോടെ റോഡിൽ നിന്ന് ഇതെല്ലാം കണ്ട് വിജ്രംഭിച്ച് നിൽക്കുന്ന  ഞങ്ങളോട് മറ്റേ സുഹൃത്ത് അകത്തേക്ക് പോയാൽ കൂടുതൽ കാഴ്ച്ചകൾ കാണാം എന്നും പേടിക്കേണ്ടാ എന്നും പറഞ്ഞപ്പോൾ കാലിലൂടെ ഒരു വിറയൽ മേലോട്ട് അരിച്ച് കയറി. പിന്നീടൊരിക്കലാകാം എന്ന് പറഞ്ഞ് മനസ്സില്ലാ മനസ്സോടെ അന്ന് അവിടന്ന് മടങ്ങിയപ്പോൾ വീണ്ടും പോയി അകത്തെ കാഴ്ച്ചകൾ കൂടി കാണണം (സത്യമായിട്ടും കാണാൻ മാത്രം) എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പിറ്റേ   ആഴ്ച്ചയിൽ തന്നെ ഒരു  കൊച്ചു കമ്പനിയിൽ ജോയിൻ ചെയ്തു. ജോലിയിൽ കയറി രണ്ടാം ദിവസം ദിവസം നാട്ടിൽ നിന്നും കമ്പി വന്നു. കൃത്യമായി പറഞ്ഞാൽ 1984 ഫെബ്രുവരി നാലാം തീയ്യതി. ഉച്ചയോടെ സുഹ്രുത്ത് കമ്പിയുമായി കമ്പനിയിലെത്തി.   ഉടൻ നാട്ടിലെത്തുക. ഏഴാം തീയ്യതി തൃശ്ശൂർ പോലീസ് ക്യാമ്പിൽ ജോയിൻ ചെയ്യണം. ഇതായിരുന്നു കമ്പി. കമ്പി എന്റെ കയ്യിലിരുന്ന് കമ്പനം കൊണ്ടു. 18 വയസ്സ് പൂർത്തിയായപ്പോൾ പീ.എസ്സ്.സി വഴി പോലീസ് ജോലിക്കായി അപ്ലൈ ചെയ്തത് ഒരിക്കലും ഒരു പോലീസ്കാരനാവാൻ വേണ്ടിയായിരുന്നില്ല. ചുമ്മാ ഒരു രസം. പിന്നീട് മെഡിക്കൽ ചെക്കപ്പിന് വേണ്ടി തൃശൂർ ക്യാമ്പിൽ  പോയപ്പോൾ  ഡോക്ടർക്ക് ഒരു 50 രൂപാ കൊടുത്താൽ ടെസ്റ്റ് പാസ്സാകാം എന്ന് ഇളയപ്പൻ പറഞ്ഞു.   ടെസ്റ്റിന് പോയപ്പോൾ ആ പേരിൽ ഒരൻപത് രൂപാ കൂടി വീട്ടിൽ നിന്നും അടിച്ചെടുക്കുകയും  ചെയ്തു. ആ‍ കാശ് ഡോക്ടർക്ക് കൊടുക്കാതെ മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞപ്പോൾ തൃശൂർ ജോസിൽ കയറി ഒരു ഫസ്റ്റ് ഷോയും കണ്ട് പിന്നെ പത്തൻസിൽ നിന്നും നല്ലൊരു ശാപ്പാടും കഴിച്ച് സുഖമായി വീട്ടിലേക്ക് പോന്നു.
പിന്നീട് ഈ പോലീസ് ജോലിയെക്കുറിച്ച് ഓർക്കുന്നത് തന്നെ ഈ കമ്പി കയ്യിൽ കിട്ടിയപ്പോഴാണ്. ഞാൻ നാട്ടിലേക്ക് പോകുന്നില്ലെന്നും ഈ പോലീസ് ജോലി എനിക്ക് താൽ‌പ്പര്യമില്ലെന്നും ആവത് പറഞ്ഞിട്ടും സുഹൃത്ത് സമ്മതിച്ചില്ല. സർക്കാർ ജോലിയാണ്, ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞ് അവൻ എന്നെ നിർബന്ധിച്ച് കമ്പനിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി വീ‍ണ്ടും ഒരിക്കൽകൂടി റെഡ് സ്ട്രീറ്റിൽ പോകാം എന്ന് ഞാൻ എന്റെ മനസ്സിന് കൊടുത്ത വാക്ക് പാലിക്കാനാകാതെ കമ്പിയുമായി ഞാൻ നാട്ടിലേക്ക് വണ്ടി കയറി, അല്ലാ ആ ദുഷ്ടനെന്നെ കയറ്റി വിട്ടു.. 1984 ഫെബ്രുവരി ഏഴാം തീയ്യതി അങ്കമാലിയിൽ  ട്രെയിനിറങ്ങി വീട്ടിലെത്തി അത്യാവശ്യം ഡ്രസ്സും മറ്റുമെടുത്ത് കാലടി ജംഗ്ഷനിലെത്തി. എന്നെ യാത്രയാക്കാൻ എന്റെ മൂന്ന് സുഹൃത്തുക്കളും കാലടി വരെ വന്നു. അവിടെ ബസ്സ് കാത്ത് നിന്നപ്പോൾ ഒരു ആഗ്രഹം ഒരു ഫോട്ടോ എടുത്താലോ എന്ന്. ഉടൻ കാലടിയിലെ ഏറ്റവും പഴയതും പ്രശസ്താവുമായ കലാ സ്റ്റുഡിയോയിൽ കയറി ഒരു ഫോട്ടോയുമെടുത്തു.
ആ ഫോട്ടോ ഇവിടെ  കാണുന്നത്.. അതിൽ ഇടത്ത് നിന്നും  ആദ്യം ഇരിക്കുന്നത് വർക്കിയച്ചൻ രണ്ട് വർഷം മുൻപ് അവൻ ഞങ്ങളെയൊക്കെ ഇവിടെ വിട്ട് എന്നെന്നേക്കുമായി സ്വയം യാത്ര പറഞ്ഞ് പിരിഞ്ഞുപോയി. അന്ന് ഉച്ച കഴിഞ്ഞ് തൃശൂർ ക്യാമ്പിലെത്തി ജോയിൻ ചെയ്തു. ജോയിൻ ചെയ്താൽ ആദ്യ നടപടി മുടി മുറിക്കലാണ്. എനിക്കാണെങ്കിൽ മുടി എന്റ് ജീവനാണ്. അത് മുറിക്കുന്ന കാര്യം ഓർത്തപ്പോൾ ചങ്ക് പൊട്ടിപ്പോയി. എന്നാൽ ലേറ്റ് ആയി ചെന്നത് കൊണ്ട് അന്ന് എനിക്ക് മുടി മുറിക്കേണ്ടി വന്നില്ല. ഒരു ദിവസ്സം കൂടി എന്റെ മുടിക്ക് ആയുസ്സ് നീട്ടി കിട്ടി. പിറ്റേന്ന് മുതൽ അഭ്യാസം തുടങ്ങി. നാളെ 2014 ഫെബ്രുവരി 7. എന്റെ ആ പോലീസ് ജീവിതത്തിന്റെ തുടക്കത്തിന് 30 വയസ്സ് തികയുകയാണ്. ഇതു വരെ ലീവിലായിരുന്ന ഞാൻ കഴിഞ്ഞ മാസം ബ്രിട്ടീഷ് പൌരത്വം എടുത്തതോടെ ആ ജോലി എന്നെന്നേക്കുമായി എനിക്ക് നഷ്ടമായി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മണ്ടത്തരമായിപ്പോയി അത് എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. വേണ്ടായിരുന്നൂ എന്ന് നാഴികക്ക് നാൽ‌പ്പത് വട്ടം മനസ്സ് മന്ത്രിക്കുന്നു. നഷ്ടബോധം മനസ്സിനെ മഥിക്കുന്നു. ആരെങ്കിലും നിർബന്ധിച്ചോ എന്ന് ചോദിക്കരുത്.. അങ്ങിനെയൊക്കെയങ്ങ് സംഭവിച്ചുപോയി.  ഇനി വരുന്നത് വരുന്നിടത്ത് വച്ച് കാണാം. ഗുഡ് ബൈ റെഡ് സ്ട്രീറ്റ്..ഗുഡ് ബൈ പോലീസ് ജോബ്..
വേദനയോടെ,
ജോയ് ആഗസ്തി,

മുൻ പോലീസ്കാരൻ.

No comments:

Post a Comment