Friday 7 February 2014

ഒരു തറ പോസ്റ്റ്.



മാണിക്യമംഗലം തുറയുടെ പടിഞ്ഞാറെ അറ്റത്തുനിന്നും തുടങ്ങി അറൂറ്റി, ചെമ്പിച്ചേരി പാടങ്ങളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി തെക്ക് പെരിയാറ്റിൽ അവസാനിക്കുന്ന കൈതത്തോടിന്റെ കുറുകെയുള്ള പ്രധാന പാത പണ്ട് ഒരു തോടായിരുന്നു. ഇന്നത് തോടും റോഡുമല്ലാത്തവിധത്തിലാണ് എന്നത് മറ്റൊരു കാര്യം.. ഈ പാതയിൽ നിന്നും വടക്കോട്ടുള്ള വരമ്പത്തുകൂടി ഒരു നൂറു വാര നടന്നാൽ ഞാൻ ജനിച്ച് വളർന്ന എന്റെ അപ്പന്റെ തറവാട് വീടായി. ചാണകം മെഴുകിയ തറയും അറയും നിലയും ഉള്ള ഓടിട്ട വീടായിരുന്നു. പുറമേ നിന്ന് നോക്കിയാൽ വലിയ വീടായിരുന്നെങ്കിലും അറയും നിലയും കാരണം അകത്ത് സൌകര്യങ്ങൾ തീരെ കുറവായിരുന്നു. ആ വീട്ടിലെ തറയിലെ ചാണകം ഒരുപാട് എന്റെ ദേഹത്ത് പറ്റിയിരുന്നൂ എന്റെ ചെറുപ്പ കാലത്ത്. കാരണം മറ്റൊന്നുമല്ല. ചെറുപ്പത്തിൽ എനിക്ക് പായിൽ കിടന്ന് മുള്ളുന്ന സ്വഭാവം ഉണ്ടായിരുന്നു. ചാണകം മെഴുകിയ തറയിൽ കൈതപ്പായ വിരിച്ച് അതിൽ കിടന്ന് മുള്ളിമുള്ളി കൈതപ്പായയുടെ നടുഭാഗം വലിയ വട്ടത്തിൽ ദ്രവിച്ച് പോയിരുന്നു. നേരം വെളുത്ത് എഴുന്നേൽക്കുമ്പോൾ മൂത്രത്തോടൊപ്പം ചാണകം മേലാസകലം ഉണങ്ങി പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. എനിക്ക് 13 വയസ്സുള്ളപ്പോൾ അപ്പൻ വേറെ വീട് വച്ച് ഞങ്ങൾ അങ്ങോട്ട് മാറി. ആ വീടിന്റെ തറ സിമന്റിട്ടതായിരുന്നു. അവിടെയും എന്റെ മൂത്രമൊഴി തുടർന്നു. എങ്കിലും കട്ടിൽ ഉണ്ടായിരുന്നതിനാൽ മൂത്രമൊഴിക്കലുകൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. എന്റെ ഈ ശീലം മാറ്റുവാൻ അമ്മ പല പൊടിക്കൈകളും പ്രയോഗിച്ച് നോക്കി. മുള്ളൻ തവളയെ വറുത്തു തന്നു. പിന്നെ എന്റെ തന്നെ മൂത്രത്തിൽ അരി കുതിർത്തി അത് വറുത്ത് തന്നു. എന്നിട്ടും തഥൈവ. എന്റെ ആ ശീലം അനസ്യൂതം തുടർന്നു. എന്ന് വരെ എന്ന് ഞാൻ പറയുന്നില്ല. എങ്കിലും എനിക്കതിൽ വലിയ കുണ്ഠിതമൊന്നും തോന്നിയതുമില്ല. കാരണം എന്റെ അയൽക്കാരിയും എന്നേക്കാൾ പ്രായമുള്ളതുമായ വരയിലാൻ അന്നമ്മയും ഇതേ സ്വഭാവക്കാരിയായിരുന്നു. അന്നമ്മ കല്യാണം കഴിയുന്നത് വരെ പായിൽ കിടന്ന് മുള്ളുമായിരുന്നെന്ന് അവരുടെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ( കല്യാണം കഴിഞ്ഞ് മുള്ളിയോ എന്ന് ആരും ചോദിക്കരുത്. സത്യമായിട്ടും എനിക്കറിയില്ല.). അത് പോട്ടെ. ഇടക്കെപ്പോഴോ എന്റെ മുള്ളൽ താനെ നിന്നു. പിന്നീട് കല്യാണവും കഴിഞ്ഞ് ഞാൻ സ്വന്തമായി പണിത വീട്ടിലേക്ക് മാറി. ആ വീടിന്റെ തറ മാർബ്ബിൾ പതിച്ചതായിരുന്നു. ഏറെ കഴിയുന്നതിന് മുൻപ് ഈ ബ്രിട്ടനിലേക്ക് കുടിയേറി. ഇവിടെ വന്ന് വാടകവീട്ടിൽ താമസം തുടങ്ങി. പിന്നെ ആ വീട് തന്നെ വിലക്ക് വാങ്ങി. ആ വീടിന്റെ തറ കാർപ്പറ്റ് ഇട്ടതായിരുന്നു. അവസാനമായി 3 കൊല്ലം മുൻപ് പഴയ വീട് വിറ്റ് ഇപ്പോ താമസിക്കുന്ന ഈ വീട് വാങ്ങി. ഈ വീടിന്റെ തറ നല്ല ഗ്ലോസ്സി ലാമിനേറ്റഡ് ഫ്ലോറാണ്. അങ്ങിനെ വിവിധ തരത്തിലുള്ള തറകളുള്ള വീടുകളിൽ മാറി മാറി ജീവിച്ചെങ്കിലും ഒരു കാര്യം മാത്രം മാറിയില്ല. എന്റെ തറ സ്വഭാവം. എങ്കിലും ഇക്കാര്യത്തിലും എനിക്കൊരു കുണ്ഠിതവുമില്ല. കാരണം എന്റെ കൂടെയാണല്ലോ ഇവിടെയുള്ള ഭൂരിപക്ഷം പേരും. ..=തറ, ..=പറ.

No comments:

Post a Comment