Saturday, 6 April 2013

പൊന്നിൻ കുരിശുമുത്തപ്പോ..


നാളെ മലയാറ്റൂർ പുതുഞായറാഴ്ച്ച. മലയാറ്റൂരും പുതുഞായറുമെല്ലാം ഗൃഹാതുരത്വത്തിന്റെ ചെറുനോവുകളായി വീണ്ടും മലകയറുകയാണ്. കുണ്ടും കുഴിയും കയറ്റവും ഇറക്കവവും ഒക്കെയായി ആ ഓർമ്മകളങ്ങിനെ മനസ്സിൽ കിടന്ന് കിതക്കുന്നു. എത്ര പ്രാവശ്യം മലകയറിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. പിച്ചവച്ച് തുടങ്ങുന്നതിനും മുൻപേ അമ്മയുടെ ഒക്കത്തിരുന്നും മലകയറിയതായി അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആദ്യമൊക്കെ വീട്ടുകാരോടൊപ്പം, പിന്നെ കൂട്ടുകാർക്കൊപ്പം, പിന്നെ ഔദ്യോഗികാർത്ഥം. ഞങ്ങളുടെ വീട്ടിൽ നിന്നും മലയാറ്റൂർ താഴത്തേ പള്ളിയിലേക്ക് ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. പണ്ടൊക്കെ ആ പ്രദേശങ്ങളിലുള്ളവരൊക്കെ നടന്നാണ് മലയാറ്റൂർക്ക് പോയിരുന്നത്. കൊടുംബാംഗങ്ങൾ ഒന്നിച്ചും അയൽക്കാരൊന്നിച്ചും അല്ലെങ്കിൽ പള്ളിക്കാരൊന്നിച്ചുമൊക്കെ നടന്ന് പോകും. അന്നൊക്കെ പോകുന്ന വഴിക്കെല്ലാം  ഇടക്കിടക്ക്  വഞ്ചികളിലും വലിയ വാർപ്പുകളിലും കലങ്ങളിലുമൊക്കെ മലകയറാൻ പോകുന്നവർക്ക് ഒരു നേർച്ചയായി ഫ്രീ സംഭാരംവിതരണം ഉണ്ടായിരുന്നു. ഉപ്പും വേപ്പിലയുമൊക്കെയിട്ട് നാടൻ മോരുകൊണ്ടുട്ടാക്കിയ സംഭാരം. അതുകൊണ്ട് ദാഹം ഒരു പ്രശ്നമേ അല്ലായിരുന്നു. വണ്ടിക്കൂലിയും വേണ്ടാ, വെള്ളാത്തിന് കാശും വേണ്ട. നേർച്ചയിടാനുള്ള കാശ് മാത്രമായിട്ടായിരിക്കും പലപ്പോഴും പോവുക. കുറച്ച് വളർന്നപ്പോൾ കൂട്ടുകാരോടൊപ്പം അൽ‌പ്പം കൂടി ഫ്രീ ആയി പോകാൻ തുടങ്ങി. വൈകിട്ട് വെയിൽ ചായുമ്പോൾ യാത്ര തിരിക്കും. താഴത്തെ പള്ളിക്കടവിൽ എത്തി ഒരു രണ്ട് മണിക്കൂർ പുഴയിൽ അർമ്മാദിക്കും. പിന്നെ പതുക്കെ മലകയറ്റം. മുകളിലെത്തി വടക്കേ പാറചെരുവിൽ തോർത്ത് വിരിച്ച് കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോൾ മലയിറങ്ങും. പുഴയിലെത്തി പിന്നെയും ഒരു കുളി. പിന്നെ വീട്ടിലേക്ക്.  പോരും വഴി വീണ്ടും ഇഷ്ടം പോലെ സംഭാരവും കഴിച്ച് ഉച്ചയോടെ വീട്ടിലെത്തും. അങ്ങിനെ കാലങ്ങൾ കഴിയവേ ജോലിസംബന്ധമായിട്ടായിരുന്നൂ പിന്നീടുള്ള മലകയറ്റങ്ങൾ. രസകരമായ നിരവധി അനുഭവങ്ങൾ.. പ്രായത്തിന്റെ ചാപല്യങ്ങൾ..ഓർക്കുമ്പോൾ സന്തോഷവും സങ്കടവും നിരാശയുമൊക്കെ മാറിമറിയുന്നൂ. ഇനി എന്നാണാവോ മല കയറാൻ കഴിയുക. കഴിഞ്ഞാൽ തന്നെ അനുഭവങ്ങൾക്ക് ആ പൊന്നിന്റെ തിളക്കമുണ്ടാകില്ലെന്നുറപ്പ്. എങ്കിലും ഒരോ ആശകൾ.. പൊന്നിൻ കുരിശുമുത്തപ്പോ.. പൊന്മല കയറ്റം..

No comments:

Post a Comment