Wednesday, 10 April 2013

ഓർമ്മയിലെ വിഷു


.
ഓണം പോലെ അത്ര കളര്‍ഫുള്‍ അല്ലാ വിഷു സ്മരണകള്‍. എങ്കിലും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനുണ്ടാകുമല്ലോ.  അത്തരം ഒന്ന് രണ്ട് ഓർമ്മകൾ മാത്രമേ എനിക്ക് വിഷുവിനെക്കുറിച്ചുള്ളൂ.

1.പറയത്ത്കാരും പനമനക്കാരുമായിരുന്നൂ ഞങ്ങളുടെ നാട്ടിലെ രണ്ട് ജന്മി കുടുംബങ്ങൾ. പറയത്ത്കാർ മേനോന്മാർ ആയിരുന്നു. വലിയ വിക്റ്റോറിയൻ സ്റ്റൈലിലുള്ള വീടുകളായിരുന്നു പറയത്തുകാരുടെ. വീടിനുമുൻപിലെ ചുവരിൽ  കാട്ടുപോത്തിന്റെ ഒറിജിനൽ തലകളും സിംഹത്തിന്റേയും ആനയുടേയുമൊക്കെ തലയുടെ പ്രതികകളു  ഉണ്ടാക്കി വച്ച വീതികൂടിയ വാ‍രാന്തകളുള്ള വലിയ ഇരുനില വീടുകൾ. രണ്ടാം നിലയിലെ ഇറയിൽ തൂക്കിയിട്ട നീലപെയിന്റടിച്ച  മുളയുടെ ഹൊറിസോണ്ടൽ ബ്ലൈൻഡ്സ്. അവിടുത്തെ പത്മനാഭമേനോൻ എന്നയാളുടെ അടുത്ത് വളരെ ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം ഒരിക്കൽ വിഷുകൈനീട്ടം വാങ്ങാൻ പോയതോർമ്മയുണ്ട്.  എന്റെ കൂട്ടുകാരൻ തോട്ടങ്കര ജോസിന്റെ അപ്പൻ പറയത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നുമൂന്ന് പൈസയാണ് അന്ന് പറയത്തെ പപ്പനേമാൻ എന്ന് വിളിക്കുന്ന പത്മനാഭമേനോൻ വിഷുകൈനീട്ടമായി തന്നത്അദ്ദേഹത്തിന്റെ അനുജനോ മറ്റോ ഒരു രണ്ട് പൈസയും തന്നു. വിഷുവിന്റെന്ന്  രാവിലെ ഒത്തിരി പേർ അവിടെ കൈനീട്ടം വാങ്ങാൻ  പോകുമായിരുന്നു. ആ വീടുകളുടെ മുന്നിലൂടെയാണ് ഞങ്ങൾ സ്കൂളിലേക്ക് എളുപ്പത്തിൽ നടന്ന് പോവുക. പറമ്പിൽ ധാരാളം മാവുകളും വാളൻപുളി മരങ്ങളും ഉണ്ടായിരുന്നു. സ്കൂളിൽ പോകുമ്പോൾ മാങ്ങയും പുളിയുമൊക്കെ പെറുക്കിയെടുത്ത് തിന്നും. നാട്ടിലെ കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കുമൊക്കെ സദ്യ ഉണ്ടാക്കുവാനുള്ള ഓട്ട് വാർപ്പ് ഇവിടുന്നാണ് എല്ലാരും കൊണ്ടു പോവുക. പല വലിപ്പത്തിലുള്ള ധാരാളം വാർപ്പ്കൾ അവർക്കുണ്ടായിരുന്നിരിക്കണം. വീടിന്റെ പുറകിൽ മാണിക്യമംഗലം തുറ. തുറയിൽ നിന്ന് പ്രത്യേകം തോട് വെട്ടി വെള്ളം എത്തിച്ഛിരുന്ന ചെങ്കല്ലുകൊണ്ട് പടവുകൾ കെട്ടിയൊതുക്കിയ ഒരു കുളവും കുളക്കരയിൽ കുളപ്പുരയും അവർക്കുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവരുടേയും പണസംബന്ധമായ ആവശ്യങ്ങൾക്ക് ഈ പറയത്ത്കാരെയാണ് ആശ്രയിച്ഛിരുന്നത്. നാട്ടുകാർക്ക് പണത്തിന് ആവശ്യം വന്നാൽ  വീടിന്റെ ആധാരം പണയം വച്ചും സ്വർണ്ണം പണയം വച്ചുമൊക്കെ നാട്ടുകാർ  പണം വാങ്ങുന്നത് ഈ പറയത്തുകാരിൽ നിന്നായിരുന്നു.. നാട്ടുകാർക്കെല്ലാം അവരോട് നല്ല ബഹുമാനവും സ്നേഹവുമായിരുന്നു. പണ്ട് വയനാട്ടിൽ നക്സൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ മത്തായിയേയും അതുപോലെ മറ്റ് പല ജന്മിമാരേയും  തലവെട്ടി കൊന്ന കാലം. ഈ പറയത്തെ ഏമാന്മാരെയും ഇതുപോലെ കൊല്ലുമെന്ന് അവർക്ക് ഒരു ഊമ കത്ത് കിട്ടി. കത്ത് കിട്ടിയതോടെ ഇവർ ആകെ ഭയന്നു. ഈ വിവരം നാട്ടിൽ എല്ലാവരും അറിഞ്ഞു..  എന്റെ അപ്പനുൾപ്പെടെ നാട്ടിലുള്ള ആണുങ്ങളെല്ലാം ജാതിമത ചിന്തയില്ലാതെ ഏതാണ്ട് ഒരാഴ്ച്ചയിലധികം അവരുടെ വീടുകളുടെ മുൻപിൽ  കുറുവടിയും വെട്ടുകത്തിയുമായി കാവൽ നിന്നുഒരുപക്ഷേ ആ പഴയ ജന്മികുടിയാൻ ബന്ധമോ അതുമല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള  ഊഷ്മള ബന്ധങ്ങളോ ഒക്കെയായിരിക്കാം  ഒരു സമൂഹത്തെ മുഴുവൻ അവർക്ക് വേണ്ടി കാവലിരിക്കാൻ പ്രേരിപ്പിച്ചത്. ഇന്നാണെങ്കിൽ ജാതിയുടേയും കൊടിയുടേയും പേരിൽ അല്ലാതെ ആരെങ്കിലും പോകുമോ? .

2.എന്റെ ബാല്യത്തിൽ ഞങ്ങളുടെ വീടിന്റെ കിഴക്കേ അതിരില്‍ താമസിച്ചിരുന്നത് കുറുമ്പന്‍ പുലയനും അദ്ദേഹത്തിന്റെ മക്കളും ആയിരുന്നു. ആകെ ഒരു പുലയ കുടുംബമേ ഞങ്ങളുടെ ആ പ്രദേശത്ത്  ഉണ്ടായിരുന്നുള്ളു. കുറുമ്പന്‍ പുലയന്‍റെ മകന്‍ വേലായുധന്‍ ചേട്ടനും ഭാര്യ തങ്കമ്മ ചേച്ചിയും പിന്നെ മകള്‍ ആശയും . ആശക്കും  എന്റെ അതെ പ്രായം തന്നെയായിരുന്നു.. എന്റെ ബാല്യ കാലത്തിലെ ഏക കൂട്ടുകാരിയും ഈ ആശ തന്നെയാണ്. വിഷുവിനും ഓണത്തിനും എനിക്കും ആശക്കൊപ്പം തങ്കമ്മ ചേച്ചി സദ്യ വിളമ്പും.  രണ്ട് മുറിയും ഒരു അടുക്കളയും ഒരു ഇറയവും ഉള്ള ആ തേക്കാത്ത വീടിന്റെ  ചാണകം മെഴുകിയ  തറയില്‍ ഒരു പായ മടക്കിയിട്ടു അതിന്റെ മുന്നില്‍ ഇലയിട്ടാണ് സദ്യ വിളമ്പിയിരുന്നത്. അത് കൂടാതെ വിഷുവിന്റെ പായസവും വിഷുക്കട്ടയും മറ്റും തങ്കമ്മ  ചേച്ചി വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ വേലായുധന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും ആശയും കുറെ ദുരെ മറ്റൊരു  സ്ഥലം വാങ്ങി അവിടെ വീട് വച്ച് അങ്ങോട്ട്‌ താമസം മാറ്റി. പിന്നെ കുറുമ്പന്‍ പുലയനു അവിടെ കിടന്നു മരിക്കണം എന്നായിരുന്നു ആഗ്രഹം. അത്കൊണ്ട് കുറുമ്പന്‍ പുലയന്‍ ഒറ്റക്ക് അവിടെ താമസിച്ചു. ഒരഞ്ചാറു കൊല്ലം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അവിടെ തന്നെ അദ്ദേഹത്തെ ദഹിപ്പിക്കുകായും ചെയ്തു. തങ്കമ്മ ചേച്ചിയും മറ്റും പോയതോടെ എന്റെ വിഷുവും അവരോടൊപ്പം പോയി. പിന്നീട് വിഷു ആഘോഷിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ്. എന്റെ പ്രിയ സുഹൃത്ത് ഗോഗുലിന്റേയും സുമതിയുടേയും വീട്ടിൽ. ഇക്കൊല്ലം ആഘോഷം ഉണ്ടോ ആവോ?  ഇതുവരെ അവരൊന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക മാന്ദ്യം വിഷുവിനേയും ബാധിച്ചോ എന്നൊരു സംശയം . ഇത് വായിച്ചെങ്കിലും അവർ വിളിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ, എല്ലാവർക്കും നേരത്തേ തന്നെ വിഷുവിന്റെ ആശംസകളോടെ നിറുത്തുന്നു.

No comments:

Post a Comment