Sunday, 24 March 2013

കൊഴുക്കട്ടയും കൊച്ചപ്പാപ്പന്റെ കോണകവും..


ഇന്ന് കൊഴുക്കട്ട ശെനിയാഴ്ച. എല്ലാവരും കൊഴുക്കട്ടയൊക്കെ തിന്ന് വിശ്രമിക്കുമയായിരിക്കും, അല്ലേ?   എല്ലാവർക്കും കൊഴുക്കട്ട തിരുന്നാളിന്റെ ആശംസകൾ. ഭാര്യക്ക് ഇന്ന് ലോംഗ്ഡേ ആയതുകൊണ്ട് ഇന്നലെതന്നെ കൊഴുക്കട്ടയുണ്ടാക്കി. അതിൽ രണ്ടെണ്ണവും ഒരു കട്ടങ്കാപ്പിയും കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊഴുക്കട്ടയെക്കുറിച്ച് രണ്ട് വാക്കെഴുതാമെന്ന് തോന്നിയത്. കേരളത്തിൽ മാത്രം കണ്ട് വന്നിരുന്നതും അതിപുരാതന കാലം മുതലേ ഓശാന തിരുന്നാളിന്റെ തലേദിവസം, അതായത് ഓശാന ശെനിയാഴ്ച്ച മാത്രം വീടുകളിൽ ഉണ്ടാക്കിയിരുന്നതുമായ ഈ കൊഴുക്കട്ട ഇന്ന് വിദേശങ്ങളിലുള്ള മലയാളി കടകളിൽ സുലഭം. അത്കൊണ്ട് തന്നെ ഈ കൊഴുക്കട്ടക്ക് ആ പഴയ കൊഴുക്കട്ടയുടെ പവിത്രതയോ പരിശുദ്ധിയോ ഒന്നും ആരും കൽ‌പ്പിക്കുന്നില്ല. എപ്പോ വേണമെങ്കിലും ആർക്കും വാങ്ങി കഴിക്കാം എന്നായിരിക്കുന്നു.  എങ്കിലും വീടുകളിൽ ഉണ്ടാക്കാത്തവരും ഉണ്ടാക്കാൻ അറിയില്ലാത്തവരും ഉടനേ പോയി റെഡിമെയ്ഡ് കൊഴുക്കട്ട വാങ്ങി ചൂടാക്കി കഴിക്കുക.  നല്ല കറുകറുത്ത ശർക്കരയിൽ ഉണ്ടാക്കിയ .. പിന്നെ അത് വെന്ത് പൊട്ടി അതിൽനിന്നും ഒലിക്കുന്ന ആ ശർക്കര ലായനിയും കൂട്ടി അപ്പാടെ വിഴുങ്ങി.. പിന്നെ കയ്യിലെ വിരലുകൾക്കിടയിലൂടെ ഒലിക്കുന്ന  ശർക്കര ലായനി നക്കി തുടച്ച് .. പിന്നെ അത് ഇരുന്ന പിഞ്ഞാണി പല പ്രാവശ്യം നക്കി തുടച്ച്.. ഇതൊക്കെയല്ലേ ആ പഴയ കാലത്തെ കൊഴുക്കട്ടയുടെ ഓർമ്മകൾ.  എന്നാൽ ഇതിനപ്പുറം എനിക്ക് മറ്റൊരോർമ്മകൂടിയുണ്ട്. എന്റെ കൊച്ചപ്പാപ്പന്റെ ഓർമ്മകൾ. പേര് പൈലി, ജനിച്ച തീയ്യതി ആർക്കും അറിയില്ല, പക്ഷേ ദിവസം അറിയാം. ഒരു ശെനിയാഴ്ച്ച. അതെ ഒരു കൊഴുക്കട്ട ശെനിയാഴ്ച്ചയായിരുന്നു അദ്ദേഹം ഭൂജാതനായത്. അത്കൊണ്ട് തന്നെ എന്റെ കൊച്ചപ്പാപ്പന്റെ ബെർത്ത് ഡേയായി എല്ലാ കൊല്ലവും ഈ ശെനിയാഴ്ച്ചയാണ് ആഘോഷിക്കുന്നത്. ബെർത്ത്ഡേ കേക്കിന് പകരം അന്ന് കൊഴുക്കട്ട മുറിച്ച് ബെർത്ത്ഡേ ആഘോഷിക്കും. (ചുമ്മാ)  കൊഴുക്കട്ട തിരുന്നാളിന്റന്ന് ജനിച്ചത്കൊണ്ട് അദ്ദേഹത്തെ നാട്ടുകാർ കൊഴുക്കട്ട പൈലി എന്നായിരുന്നൂ വിളിച്ചിരുന്നത്.  നല്ല അധ്വാനശീലനായ കൊച്ചപ്പാപ്പൻ മരിച്ചിട്ട് ഇപ്പോ രണ്ട് വർഷം ആകാറായി. അദ്ദേഹത്തെ സ്മരിക്കുംബോൾ  ആദ്യം എനിക്കോർമ്മ വരുന്നത് അദ്ദേഹത്തിന്റെ മുഷിഞ്ഞ കോണകങ്ങളായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് കൊച്ചപ്പാപ്പന്റെ വീട്. കൊച്ചപ്പാപ്പന്റെ വീട്ടിലെ കിണർ എന്റെ വീട്ടിലിരുന്നാൽ കാണാം  രാവിലെ മുതൽ പാടത്തും  പറമ്പിലും അധ്വാനിച്ച് 12 മണിയോടെ കൊച്ചപ്പാപ്പൻ  നേരെ കിണറ്റിൻ കരയിലെത്തി വെള്ളം കോരി കുളിക്കും ഒരു തോർത്ത് മുണ്ടും അടിയിൽ ഒരു കോണകവുമാണ് പണി ചെയ്യുംബോഴുള്ള സ്ഥിരം വേഷം. അങ്ങിനെ തന്നെയായിരിക്കും കുളിക്കുന്നത്. കുളിക്കുന്നതോടൊപ്പം തോർത്ത്മുണ്ട് അഴിച്ചെടുത്ത് അലക്ക് കല്ലിലിട്ട് തല്ലി അലക്കും. ഈ സമയം കൊച്ചപ്പാപ്പന്റെ അരയിലെ കോണകം വളരെ വ്യക്തമായി കാണാം. മണ്ണും ചളിയും പുരണ്ട് ഒരു മണ്ണിന്റെ കളറായിരുന്നു കൊച്ചപ്പാപ്പന്റെ കോണകങ്ങൾക്ക്. പിന്നീട് തോർത്ത് പിഴിഞ്ഞുടുത്ത ശേഷം  അരയിലെ കോണകം അഴിച്ച് അതും തല്ലി അലക്കും. പിന്നീട് അയയിൽ കിടക്കുന്ന കോണകമെടുത്ത് അരയിൽ കെട്ടും  അലക്കിയ കഴിഞ്ഞ കോണകം കിണറ്റിൻ കരയിലെ മുരുക്കിന്റെ കാലിൽ നിന്നും തെങ്ങിലേക്ക് വലിച്ച് കെട്ടിയ നേർത്ത കമ്പി അയയിൽ തൂക്കിയിടും. കാറ്റത്ത് പറന്ന് പോകാതിരിക്കാൻ ഒരു തല കമ്പിയിൽ കെട്ടിയിടും. ഇത് എനിക്കോർമ്മവച്ച കാലം മുതൽ ഈ യൂ.കെയിലേക്ക് വരുന്നത് വരെ ഞാൻ കണ്ടിരുന്ന സ്ഥിരം കാഴ്ച്ചയായിരുന്നു. മൊത്തം മൂന്ന് കോണകങ്ങളാണ് കൊച്ചപ്പാപ്പന് ഉണ്ടയിരുന്നത്. രണ്ടെണ്ണം  അയയിലും ഒരെണ്ണം അരയിലും. കൊച്ചപ്പാപ്പൻ തന്റെ സന്തത സഹചാരിയായിരുന്ന കോണകങ്ങളെ അനാധമാക്കി  യാത്ര പറഞ്ഞപ്പോൾ നമുക്ക് നഷ്ടമായത് എന്റെ കൊച്ചപ്പാപ്പനെ മാത്രമല്ലാ മറിച്ച് മഹത്തായ ഒരു സംസ്കാരം തന്നെയായിരുന്നില്ലേ? എങ്കിലും സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്ന  കൊച്ചപ്പാന് എന്റെ ജന്മദിനാശംസകൾ നേരുന്നു. കൊച്ചപ്പാപ്പന്റെയുംമം അമ്മാമ്മയുടേയും ഫോട്ടോയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.

No comments: