ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Sunday, 22 August 2010
മാവേലിയും ഓണവും പിന്നെ ഞാനും
“മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ”
ഇതാണ് ഓണത്തിന്റെ അന്ത:സത്ത. ഈ വരികൾ ഒന്നിരുത്തി വായിച്ചാൽ ഒരു വിരോധാഭാസം നമുക്ക് കാണാം. മാവേലി നാട് ഭരിക്കുന്നു. പ്രജകൾ ഭരിക്കപ്പെടുന്നു. അപ്പോൾ ഇതിനിടയിൽ ഭരണം നടപ്പാക്കാൻ തീർച്ചയായും കുറേ ഭരണകർത്താക്കളും കാണും. ഇവിടെ തന്നെ ജനം മൂന്ന് തട്ടിലാണ്. അപ്പോൾ അവിടെ തീർച്ചയായും അസംതൃപ്തിയും,അടിച്ചമർത്തലും, അസ്വാതന്ത്ര്യവും എല്ലാം കാണും. അപ്പോൾ എങ്ങിനെ ഏവരും ആമോദത്തോടെ ഒന്നായി കഴിയും. അങ്ങിനെ നോക്കിയാൽ ഏവരുമൊന്നായി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.
ഇതെല്ലാം ഏവരും സമന്മാരായി സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം സ്വപ്നം കണ്ട അടിച്ചമർത്തപ്പെട്ട നമ്മുടെ പൂർവ്വികരുടെ ഒരു വലിയ ആഗ്രഹം മാത്രമായി മാത്രമേ കാണാൻ പറ്റൂ. ഒരു മരീചിക പോലെ അനുനിമിഷം അകന്നുകൊണ്ടിരിക്കുന്ന ഒരിക്കലും സഫലമാകാത്ത ഒരു സുന്ദര സ്വപ്നം.
എങ്കിൽ പിന്നെ ഈ ഓണവും മാവേലിയും മഹാബലിയും ഒക്കെ എന്താണ്? ഇവിടെയാണ് നമ്മുടെ പ്രസക്തി. ഈ മാവേലിയും മഹബലിയുമൊക്കെ നാം തന്നെയായാൽ ഇവിടെ ഓണം പുലരും. അതെങ്ങിനെ നമുക്ക് മാവേലിയാകാൻ പറ്റും? തീർച്ചയായും നാം മനസ്സുവച്ചാൽ നമുക്കതിന് കഴിയും. മരച്ചില്ലയിൽ കൊക്കുരുമ്മി രസിക്കുന്ന ഇണക്കിളികളെ അമ്പെയ്യാൻ ഓങ്ങി നിൽക്കുന്ന വേടനോട് കവി പറയുന്നു “മാ നിഷാദ”. സംസ്കൃതത്തിൽ ‘മാ‘ എന്നാൽ അരുത്. ‘നിഷാദം’ കാട്ടാളൻ അല്ലെങ്കിൽ വേടൻ. ‘അരുത് കാട്ടാളാ’ എന്നർത്ഥം. അപ്പോൾ മാ വേലി എന്നാൽ ‘വേലി’ അല്ലെങ്കിൽ ‘മതിലുകൾ അരുത്’ എന്നർത്ഥം. ഏത് മതിലുകൾ? നമ്മുടെ മനസ്സിലും, ചിന്തയിലും, പ്രവർത്തിയിലുള്ള മതിലുകൾ. ഉത്തമനും അധ:മനുമെന്ന, പണ്ഡിതനും പാമരനുമെന്ന, കുചേലനും കുബേരനുമെന്ന, കറുത്തവനും വെളുത്തവനുമെന്ന മതിലൂകൾ, ജാതി മത വർഗ്ഗ വർണ്ണ മതിലുകൾ. ഇവ ഇല്ലാതായാൽ എല്ലാം നമുക്ക് നേടാം. ഈ ലോകത്തെ സമസ്ത ജീവ ജാലങ്ങൾക്കും അതിന്റേതായ കഴിവും കർത്തവ്യവുമുണ്ട്. ഒരു തേനീച്ചക്ക് സാധിക്കുന്നത് ഒരു ആനക്ക് സാധിക്കില്ല. ഒരു മിന്നാമിനുങ്ങിന് സാധിക്കുന്നത് ഉഗ്രപ്രതാപികളെന്ന് നടിക്കുന്ന നമുക്ക് സാധിക്കുമോ? അപ്പോൾ നാം എല്ലാത്തിനേയും എല്ലാവരേയും അംഗീകരിക്കണം. അതിന് നാം എന്ത് ചെയ്യണം? നാം മഹാബലിയാകണം. എങ്ങിനെ? നമ്മുടെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾ, ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ, പ്രവർത്തികൾ തുടങ്ങി എല്ലാം നാം മറ്റുള്ളവർക്ക് വേണ്ടി ബലികഴിച്ചാൽ നാം മഹാബലിയായി. മറ്റുള്ളവരുടെ സന്തോഷത്തിനായി നമ്മുടെ സന്തോഷങ്ങൾ ബലികഴിക്കുക. ഇങ്ങിനെ ഓരോരുത്തരും പ്രവർത്തിച്ചാൽ, ഇത്തരം നല്ല ചിന്തകൾ നമ്മെ ഭരിച്ചാൽ നമ്മുടെ പൂർവ്വികർ കണ്ട ഓണം എന്ന ആ മഹത് സ്വപ്നം പൂവണിയും.
ഏവർക്കും തിരുവോണാശംസകൾ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment