ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Thursday, 11 December 2008
ക്രിസ്തുമസ്സ് ആശംസകള്‍
മാന്യ വായനക്കാര്‍ക്ക് എന്റെ ക്രിസ്തുമസ്സ് ആശംസകള്‍. ഇതൊരല്‍പ്പം നേരത്തേയായിപ്പോയില്ലേയെന്ന് ചോദിച്ചാല്‍... ആണ്. എന്നാല്‍ ആണോ? ....അല്ല. കാരണം, ഇനി അവധിക്കാലമാണ്. ഞാന്‍ പുത്രകളത്രാദികളോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്. വിടുവായന് തവളകള്‍ പതിവായി കരഞ്ഞിരുന്ന, തോടുകളും കുളങ്ങളും വയലേലകളുംകൊണ്ട് സമ്രുദ്ധമായിരുന്ന എന്റെ നാടിന്റെ ആ ഭൂതകാല സ്മരണകളുടെ മാണിക്യച്ചെപ്പൂം മനസ്സിലേറ്റി, മാണിക്യമംഗലം എന്ന ഞങ്ങളുടെ ആ കൊച്ചുഗ്രാമത്തിലേക്ക്. ഗ്രാമഭംഗിയെല്ലാം "ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്" പോലുള്ള വമ്പന്‍ കമ്പനികളുടെ പാര്‍പ്പിട സമുച്ചയങ്ങളും, നിരവധി ചെറുകിട-വന്‍കിട വ്യവസായശാലകളുംകൊണ്ട് ഗ്രാമമോ നഗരമോ എന്നുപറയാനാവാതെ ഒരുതരം അവിയല്‍പരുവത്തിലെത്തി നില്ക്കുന്ന ആ മണ്ണിലേക്ക് ഒരു ഹ്രുസ്വ യാത്ര. ശ്രീ. ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പുണ്യമായ ഭൂമിയിലേക്കു, കാലടിയിലേക്ക് എന്റെ വീട്ടില്‍നിന്നും ഒരു കല്ലേറുമാത്രം ദൂരം. ആ പുണ്യഭൂമി ഇന്ന് മണല്‍ മാഫിയയുടേയും, ഗുണ്ടാസംഘങ്ങളുടേയും കൈപ്പിടിയിലാണ്.കരിംചന്തക്കും മായംചേര്‍ക്കലിനും നേരത്തെ കീര്‍ത്തികേട്ടിരുന്നു. അരിയുടെ കേരളത്തിലെ മൊത്തവ്യാപാരം നിയന്ത്രിക്കുന്ന കാലടിയില്‍, വെള്ളയരി റെഡ്-ഓക്സൈഡ് എന്ന മാരകവിഷം ചേര്‍ത്ത് മട്ടയരിയാക്കി വില്‍ക്കുന്നത് മില്ലുകാരുടെ ഒരു സാദാപരിപാടി മാത്രം. നല്ല വിലയുണ്ടായിരുന്നകാലത്ത്, ജാതിക്കാപത്രി പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കി കടല്‍കടത്തിയിട്ടുള്ള വിരുതന്മാരും ഇവിടുണ്ട്. പകുതി മണലും, ബാക്കി മണ്ണും മെറ്റല്‍പൊടിയും ചേര്‍ത്തുപണിത ഇടമലയാര്‍ അണക്കെട്ടിന്റെ മായം ചേര്‍ത്ത സിമന്റ് മുഴുവനും അഥികാരികളുടെ ഒത്താശയോടെ കയറ്റിവിട്ട് കോടികള്‍ പോക്കറ്റിലാക്കിയ, അക്കാലത്ത് "സിമന്റ് കുഞ്ഞെന്നും", ഇപ്പോള്‍ "കുഞ്ഞേട്ടന്" എന്നും മാലോകര്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിക്കുന്ന മിടുമിടുക്കന്മാര് വിലസുന്ന അഭിനവ കുട്ടിശ്ശങ്കരന്‍മാരുടെ മണ്ണിലേക്കുള്ള യാത്ര. അതൊക്കെ അവിടെ നില്ക്കട്ടെ. നമുക്ക് ക്രിസ്തുമസ്സിലേക്ക് തിരിച്ചുവരാം. ക്രിസ്തുമസ്സ് എന്നു കേള്‍ക്കുമ്പോഴേ ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരു പാട്ടുണ്ട്.. എന്റെ കുട്ടിക്കാലത്ത് കരോള്‍ സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ അപ്പനപ്പൂപ്പന്മാര് പാടിക്കേട്ടിരുന്ന ഒരു പഴയ പാട്ട്. ഒരു പുസ്തകത്താളിലും അച്ചടിച്ചുവന്നിട്ടില്ലാത്ത ഈ പാട്ട് ഏറെ ശ്രമപ്പെട്ടാണു സമ്പാദിച്ചത്. വായ്മൊഴിയായി പലരില്‍നിന്നും കേട്ടത് വരമൊഴിയായി, ഒരു ക്രിസ്തുമസ്സ് സമ്മാനമായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രത്യക്ഷം പ്രത്യക്ഷമിന്നൂ ദേശീകാരേ...........
ദേവനിക്ഷിതിയില്‍ ജാതനായി... അല്ലേലൂയാ...
മുന്നാമരുള്‍ചെയ്തപോലേ ദേശീകാരേ.........
മേട്ടില്‍, ഇന്നൂ രാത്രീ മധ്യാനേരം അല്ലേലൂയാ.....
ആലാഹാപുത്രന്‍ നമുക്കായി ദേശീകാരേ..........
ഒരു ബാലനായവതരിച്ചു....ഹല്ലേലൂയാ.....
സ്വര്‍ഗ്ഗമണ്ടലം തുറന്നൂ...ദേശീകാരേ....
സ്രുഷ്ടിവര്‍ഗ്ഗമോടെ ദേവദൂതര്‍ ഹല്ലേലൂയാ.....
ബസ്ലഹം മലമ്പുറത്തു..ദേശീകാരേ.....
ഒരു പുല്‍ക്കൂട്ടിലുറങ്ങുന്നുണ്ണീ ഹല്ലേലൂയാ....
യൌസേപ്പും മറിയവും മദ്ധ്യേ.. ദേശീകാരേ..
ഉണ്ണിയുറക്കംതെളിഞ്ഞാനന്തിച്ചൂ...ഹല്ലേലൂയാ...
കട്ടില്‍മെത്തയില്ലീവിടെ ..ദേശീകാരേ....
കുറേ പൊട്ടവൈക്കോലിന്‍മേല്‍ നിദ്രാ.. ഹല്ലേലൂയാ...
കട്ടിയായ മഞ്ഞുകൊണ്ടു ദേശീകാരേ....
ഉണ്ണീ...ഞെട്ടീവിറച്ചീടുന്നയ്യൊ...ഹല്ലേലൂയാ...
കാള കഴുതയുമുണ്ട്... ദേശീകാരേ....
ഞങ്ങളോടുകൂടെ കാഴ്ച്ചകൊടുത്തല്ലേലൂയാ...
തത്തകള്‍ പുകഴ്ത്തിസ്തൂതി ..ദേശീകാരേ...
ഇതാ... പക്ഷിവര്‍ഗ്ഗമൊന്നായ് സ്തുതി പാടുന്നല്ലേലൂയാ..
നിങ്ങള്‍ ചൊന്ന സത്യാവാര്‍ത്ത ദേശീകാരേ...
ഇന്നൂ..പുത്തനായി കേട്ടൂ ഞങ്ങള്‍ ..ഹല്ലേലൂയാ...
ഹല്ലേലൂയാ എന്നാ സ്തൂതീ വാനോര്‍സ്തോത്രമേ..
നിങ്ങളിന്നൂതന്നെ ചെന്നാര്‍ക്കണമല്ലേലൂയാ....
ഈ പാട്ട് അറിയാമെന്നുള്ളവരില്‍നിന്നും തിരുത്തലുകള്‍ ക്ഷണിക്കുന്നൂ.
Subscribe to:
Post Comments (Atom)
2 comments:
നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു. ഒപ്പം ക്രിസ്തുമസ് ആശംസകളും...
:)
ആ പാട്ട് അറിയാത്തതിനാല്‍ അതെപ്പറ്റി അഭിപ്രായമൊന്നും പറയാനില്ല.
ശ്രീകുട്ടന്റെ ആശംസകള്‍ നന്ദിയോടെ കൈപ്പറ്റിയിരിക്കുന്നു. വീണ്ടും സന്ധിക്കുംവരേക്കും വണക്കങ്ങള്‍.
Post a Comment