Thursday, 21 February 2013

എന്റെ ഗ്രാമം..

എന്റെ ഗ്രാമം..
ഒരിക്കലൊരിക്കല്‍ ഒരു ഗ്രാമമുണ്ടായിരുന്നു. ലോകം മുഴുവന്‍ പേരുകേട്ട. സര്‍വ്വജ്ഞ പീഠം കയറിയ ശ്രീ ശങ്കരാചാര്യരുടെ ജന്മ ദേശം കൊണ്ട് പുകഴ് പെറ്റ കാലടി എന്ന ഗ്രാമത്തോട് ചേര്‍ന്ന് കിടക്കുന്ന ആ ഗ്രാമത്തിന്റെ പേരാണ് മാണിക്യമംഗലം. ഒരു പേരില്‍ എന്തിരിക്കുന്നൂ എന്ന് ഏതോ ഒരു പെരിയ മനുഷ്യന്‍ പണ്ടെങ്ങോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാലം മാറി. ഇന്ന് പേരിലാണെല്ലാം. അങ്ങിനെയെങ്കില്‍ ലോകത്തെ ഏറ്റവും മനോഹരമായ പേരുള്ള ഒരു ഗ്രാമമായിരിക്കും ഇതെന്നെനിക്ക് തോന്നുന്നു.. എന്നാല്‍ ആഗ്രാമം ഇന്ന് അടിമുടി മാറിയിരിക്കുന്നു. പട്ടണ പ്രവേശം തുടങ്ങിയിട്ട് നാളേറെയായി. ഗ്രാമം മാത്രമല്ലാ, ഞാനുള്‍പ്പെടെയുള്ള ഗ്രാമ വാസികളും. ആ ഗ്രാമത്തിന്റെ തെക്കേ അറ്റത്തായി മൂന്ന് വശവും നെല്പാടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പിലായിരുന്നൂ എന്റെ വീട്. വിശാലമായ ആ പാടത്തിന്റെ വരംബത്ത് നിന്ന് നേരെ നോക്കിയാല്‍ കാലടി പട്ടണത്തിന്റെ കുറെ ഭാഗങ്ങളും വലത്തോട്ട് നോക്കിയാല്‍ കുന്നിന്‍ മുകളില്‍ മരത്തലപ്പുകള്‍ക്ക് മുകളിലായി ശ്രീ ശങ്കരാ കോളേജിന്റെ മുകള്‍ ഭാഗവും കാണാമായിരുന്നൂ. ഇന്ന് ആ കാഴ്ച്ചകളെ ഒക്കെ മറച്ചുകൊണ്ട് സംസ്കൃത സര്‍വ്വകലാശാലയുടെ കെട്ടിടങ്ങളും മെറ്റല്‍ ക്രഷറുകളും റൈസ് മില്ലുകളും മറ്റ് അനവധി വ്യവസായ സംരംഭങ്ങളും നിരന്ന് കിടക്കുന്നൂ. പാടം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ പാടങ്ങളിലായിരുന്നൂ അവധികാലങ്ങളിലേറെയും ചിലവഴിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ മാണിക്യമംഗലം തുറയില്‍ നിന്നും തുടങ്ങുന്ന ഒരു കൈതോട്. അതിന്റെ വശങ്ങള്‍ നിറയെ കൈതയായിരുന്നതിനാല്‍ ഇതിനെ കൈത തോടെന്നാണ് വിളിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ ചുറ്റി വളഞ്ഞൊഴുകുന്ന ഈ തോട്ടിലായിരുന്നൂ ഞങ്ങള്‍ കുളിച്ചിരുന്നതും നീന്തല്‍ പഠിച്ചതും വൈകുന്നേരങ്ങളില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചിരുന്നതും. മിക്കവാറും എല്ലാ വീട്ടുകാരും സ്ത്രീകളുള്‍പ്പെടെ കുളിച്ചിരുന്നതും വസ്ത്രങ്ങള്‍ കഴുകിയിരുന്നതുമെല്ലാം ഇവിടെ തന്നെയായിരുന്നൂ. ഇറിഗേഷന്‍ വരുന്നതിനു മുന്‍പ് ഈ തോട്ടില്‍ ചിറകള്‍ കെട്ടി വെള്ളം തടഞ്ഞ് നിറുത്തി കൈതേക്ക് കൊണ്ടും കൈക്കൊട്ട കൊണ്ടും പാടത്തേക്ക് വെള്ളം തേവി കയറ്റുമ്പോള്‍ കേട്ടിരുന്ന ആ തേക്ക്പാട്ടുകള്‍ ഇന്നൊരു ഓര്‍മ്മ മാത്രം. ഇന്ന് തോട്ടിലെ കൈതയെല്ലാം വെട്ടി ഇരു വശങ്ങളും കരിങ്കല്ല് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. തോട്ടില്‍ ഇന്ന് വെള്ളം തീരെയില്ലാതായിരിക്കുന്നൂ. ആ പഴയ കൈതതോട് ഇന്ന് മരണാസന്നയായി വല്ലപ്പോഴും ഒഴുകുന്നൂ. ഈ തോടിനും അപ്പുറത്തായിരുന്നൂ ഞങ്ങളുടെ കൃഷിയിടം. പാടത്ത് നിന്നും കൊയ്തെടുത്ത കറ്റകള്‍ തലയില്‍ ചുമന്ന് എല്ലാവരും നിരനിരയായി അരക്കൊപ്പം വെള്ളത്തിലൂടെ തോട് വട്ടം കടന്ന് വീട്ടിലെത്തിക്കും. അക്കാലത്ത് വീട്ടിലും പാടത്തും സ്ഥിരമായി പണിക്ക് വന്നിരുന്നത് ചക്കി പുലയിയും കാളി പുലയിയും അവരുടെ വീട്ടുകാരുമായിരുന്നു. ചക്കി പുലയിക്കും കാളി പുലയിക്കും അരയില്‍ ഒരു ഒറ്റമുണ്ടും കഴുത്തിലൂടെ മടക്കിയിടുന്ന ഒരു തോര്‍ത്തുമുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളു.അനാവൃതമായ ആ തുറന്ന മാറുമായിട്ടായിരുന്നൂ‍ മരണം വരെ അവരെവിടെയും നടന്നിരുന്നത്. കറ്റ മെതിച്ച്, നെല്ല് പാറ്റി, അളന്ന്, അവരുടെ പതമ്പ് ( പണിക്കൂലിയായി കിട്ടുന്ന നെല്ലിന്റെ വീതം) ഒരു ഒരു കുട്ടയിലാക്കി മാറ്റി വച്ച് അതേ തോര്‍ത്തുമുണ്ട് ഒന്ന് കഴുകി തോളിലൂടെയിട്ട് അവര്‍ കാലടി ചന്തയില്‍ പോയി കറിക്കുള്ളതും വാങ്ങി ഏറെ വൈകിയായിരിക്കും സ്വന്തം വീട്ടിലെത്തുന്നത്. അവരുടെയൊക്കെ അന്നത്തെ ആ സ്നേഹവും ആത്മാര്‍ത്ഥതയും എത്രയോ വലുതായിരുന്നൂ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം കാലമേറെ കഴിഞ്ഞിട്ടും ആ മുഖങ്ങളൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അവരുടെ മുഖത്തെ ഓരോ ചുളിവുകള്‍ പോലും ഇന്നും എനിക്ക് മനപാഠമാണ്.

സ്കൂള്‍ പൂട്ടുമ്പോള്‍ കുട്ടികളും ചെറുപ്പക്കാരുമെല്ലാം വൈകുന്നേരങ്ങളില്‍ പാടത്ത് എത്തും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പുല്ല് കിളിര്‍ത്തു തുടങ്ങിയിരിക്കും മിക്കവാറും എല്ലാ വീട്ടുകാര്‍ക്കും പശു, കാള, പോത്ത്, എരുമ,ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടകും. അവയെ എല്ലാം രാവിലെ തന്നെ പാടത്ത് മേയാന്‍ വിടും. വൈകിട്ട് ഈ പാടത്താണ് കളികള്‍ മുഴുവനും. ഫുട്ബോള്‍, വോളീബോള്‍, തുടങ്ങിയവക്ക് പുറമേ തൊങ്ങി തൊട്ട്കളി, കോട്ട കളി, കുട്ടിയും കോലും കളി, ഓലപന്തുകളി, കബഡികളി, ഇങ്ങിനെ നിരവധി കളികള്‍. പെണ്‍കുട്ടികളുടെ പ്രധാന വിനോദം കൊത്തം കല്ല് കളിയും വളപ്പൊട്ട്കളി, പിന്നെ “നാരങ്ങ പാല്, ചൂണ്ട്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ“ എന്ന് പാട്ട് പാടിയുള്ള ഒരു തരം കളി, പിന്നെ കൈകള്‍ വട്ടത്തില്‍ കമിഴ്ത്തിവച്ച്കൊണ്ട് ‘അപ്പിനി ഇപ്പിനി വെന്തിപ്പൂ , സ്വര്‍ഗ്ഗാ രാജാ വെള്ളേപ്പം” എന്ന പാട്ടിന്റെ മറ്റൊരു കളി, ഇങ്ങിനെ നിരവധി നിരവധി കളികള്‍. ഇതിനിടയില്‍ പാടത്തിന്റെ അരികില്‍ നില്‍ക്കുന്ന മാവിലെ മാങ്ങ എറിഞ്ഞ് വീഴ്ത്തി അതിനു വേണ്ടിയുള്ള കൊച്ച് കൊച്ച് വഴക്കുകള്‍.. അങ്ങിനെ..അങ്ങിനെ.. തിമിര്‍ത്തു നടന്നിരുന്ന ആ പഴയ കുട്ടിക്കാലവും ആ പഴയ ഗ്രാമവും ഹൃദയത്തില്‍ ഒരു സുഖമുള്ള വേദനയായി നിറഞ്ഞു നില്‍ക്കുന്നൂ. വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന ആ പാടവരമ്പുകളിലൂടെ.. ഒരിക്കല്‍കൂടി കാളി പുലയിക്കും ചക്കിപുലയിക്കുമൊപ്പം കറ്റയും തലയിലേന്തി നടക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍ത്തുപോകുന്നു...

No comments:

Post a Comment