Tuesday, 28 September 2010

കോമൺ വെൽത്ത് ഷെയിം

ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന പുത്തൻ പുത്തൻ ഗൈയിംസ് വാർത്തകൾ ഓരോ ഇൻഡ്യക്കാരന്റെയും അഭിമാനം വാനോളം ഉയർത്തുകയാണ്. ഒടുവിലായി പാമ്പ് പിടുത്തം കൂടി മത്സര ഇനമായി ചേർക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു


ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും മുഴുവൻ സ്വർണ്ണവും തൂത്ത് വാരി ഇൻഡ്യ കുതിക്കുകയാണ്..

ലോകത്തിന്റെ മുന്നിൽ തങ്ങളുടെ തനി സ്വഭാവം ഇതാണെന്ന് കാണിക്കാൻ സഹായിച്ച ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാ‍ലും അധികമാകില്ല. ഇതാണ് ലോകരേ യധാർത്ഥ ഇൻഡ്യ. നാണക്കേടിന്റെ ഇൻഡ്യ. അഴിമതിയുടെ ഇൻഡ്യ. കെടുകാര്യസ്ഥതയുടെ ഇൻഡ്യ. 2003 നവംബറിൽ കോമൺ വെൽത്ത് ഗെയിംസ് നടത്താൻ ഇൻഡ്യക്ക് നറുക്ക് വീണപ്പോൾ മുതൽ ഇതിന്റെ പേരിൽ കോടികൾ മുടക്കിയുള്ള വിദേശ പര്യടനങ്ങൾ. 5 വർഷത്തെ പര്യടനങ്ങളും വിശദമായ പഠനങ്ങളും കഴിഞ്ഞ് പണി തുടങ്ങിയത് 2 വർഷം മുൻപ്. ഇനി ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാലും പണികൾ ബാക്കി. ഇതിന് വേണ്ടി രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ കഴുതകളേപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം 75 ഇൻഡ്യൻ രൂപ. ഈ ഗെയിസിന് വേണ്ടി വരുന്ന മുതൽ മുടക്ക് 1.5 ബില്ല്യൺ പൌണ്ട്. ആയിരക്കണക്കിന് കോടികളിൽ സിംഹ ഭാഗവും പോകുന്നത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്ക്. പ്രാഥമിക സൌകര്യങ്ങൾ പോലും ഇല്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ 45 പേർ ഇത് വരെ അപകടങ്ങളിൽ മരിച്ചുവെന്ന് സർക്കാർ കണക്ക്. ഇൻഡ്യക്കാരന്റെ “വേറിട്ട വൃത്തിയിൽ” അസുഖം ബാധിച്ച് മരിച്ചവർ ഇതിലും എത്രയോ മടങ്ങ്. ഇൻഡ്യ വളരുകയാണെന്ന് കണക്കുകളിൽ. പക്ഷേ ഒരു ഇൻഡ്യക്കാരൻ എവിടെ നിൽക്കുന്നു എന്ന് ലോകത്തെ അറിയിക്കാൻ ഈ കോമൺ വെൽത്ത് കൊണ്ട് നമുക്ക് സാധിച്ചല്ലോ. അഭിമാനിക്കൂ ഇൻഡ്യാ, അഭിമാനിക്കൂ.

No comments:

Post a Comment