ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Saturday, 3 April 2010
ഈസ്റ്റർ വിചാരം
മനുഷ്യൻ മൃഗത്തിൽ നിന്നും പരിണാമം സംഭവിച്ചുണ്ടായതാണെന്ന് ശാസ്ത്രവും, അതല്ല ദൈവത്തിന്റെ സൃഷ്ടിയാണെന്ന് മതങ്ങളും വാദിക്കുമ്പോഴും ഒരു കാര്യം അടിവരയിട്ടുറപ്പിക്കാതെ വയ്യ. മനുഷ്യന്റെ മൃഗീയതക്ക് മനുഷ്യോൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്. ക്രൈസ്തവ വിശ്വാസമനുസരിച്ച് ആദം ആണ് ആദ്യത്തെ മനുഷ്യൻ. പിന്നീട് ഹവ്വയും അവർക്ക് ആബേലും കായേനും എന്ന് രണ്ടു മക്കളും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊല്ലുന്നതിലൂടെ മൃഗീയതയുടെ മനുഷ്യരൂപം ലോകം ആദ്യം കാണുന്നു. പിന്നീടിങ്ങോട്ട് മൃഗീയതയുടെ എല്ലാ സ്വഭാവ സവിശേഷതകളും പഴയ നിയമം തുറന്നാൽ കാണാൻ കഴിയുന്നുണ്ട്. കൊല്ലും കൊലയും മാത്രമല്ല മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന അതിക്രമങ്ങൾ, കുത്തഴിഞ്ഞ ലൈംഗികത, സ്വവരഗ്ഗ രതി,പീഠനങ്ങൾ , ചതി, വഞ്ചന, അടിമത്ത്വം, വർഗ്ഗീയത, അങ്ങിനെ പലതും. കാലങ്ങൾ മാറി, സാവധാനം മനുഷ്യൻ മാറുകയും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ച ഒരു നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുകയും ചെയ്തു. കാലചക്രം പിന്നേയും തിരിഞ്ഞു കൊണ്ടിരുന്നു. ഒരു പകലിന് ഒരു രാത്രി, ഒരു കയറ്റത്തിന് ഒരിറക്കം, ഒരു സുഖത്തിന് ഒരു ദുഃഖം.ഇതാണല്ലോ പ്രകൃതി നിയമം. ഇത് തന്നെ വീണ്ടും ആവർത്തിക്കപ്പെടും. മൃഗത്തിൽ നിന്നും മനുഷ്യനിലേക്കും വീണ്ടും മൃഗത്തിലേക്കുമുള്ള ആ വൃത്തം ഇപ്പോൾ ഏകദേശം പൂർത്തിയായിക്കോണ്ടിരിക്കുകയാണ്. മൃഗങ്ങൾക്ക് പ്രതികരണ ശേഷിയുണ്ടായിരുന്നെങ്കിൽ മൃഗത്തിൽ നിന്നുമാണ് മനുഷ്യൻ ഉണ്ടായതെന്ന ശാസ്ത്ര വാദത്തിനെതിരെ അവർ മാന നഷ്ടത്തിന് കേസ്സുകൊടുക്കുമായിരുന്നു. മൃഗങ്ങളേപ്പോലും നാണിപ്പിക്കുന്ന പ്രവർത്തികളിലേക്ക് അത്രമാത്രം മനുഷ്യൻ അധഃപതിച്ചു കഴിഞ്ഞു. സമകാലിക ലോക സംഭവങ്ങളിലൂടെ കണ്ണോടിച്ചാൽ നമ്മേക്കാൾ ഭേദം മൃഗങ്ങളാണെന്ന് കാണാം. മൃഗത്തിൽ നിന്നും മനുഷ്യനിലൂടെ സഞ്ചരിച്ച് വീണ്ടും മൃഗത്തിലേക്കുള്ള യാത്രയിലാണ് ഇന്ന് മനുഷ്യൻ. മനുഷ്യനും (Man) മൃഗവും (Animal ) തമ്മിൽ ഒരു M ന്റെ വ്യത്യാസമേയുള്ളൂ. Animal ന്റെ മുൻപിൽ ഒരു M ചേർത്താൽ Man-imal ആയി. മനുഷ്യമൃഗം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിൾകുടി ബന്ധം നാം അറുത്തുമാറ്റി. ജീവിതം ഒരു യന്ത്രത്തിന് തുല്യമാക്കി. ജനിച്ച് വീഴുന്ന കുട്ടികൾ മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ യന്ത്രത്തെ സ്നേഹിക്കുന്നു. അമ്മയുടെ താരാട്ടിന് പകരം അവൻ സ്റ്റീരിയോയിലെ ഘോര സംഗീതം കേട്ടുണരുന്നു, ഉറങ്ങുന്നൂ. മണ്ണിൽ കളിക്കുന്നതിന് പകരം സെക്സും, വയലൻസും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചു വളരുന്നു. നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ട് യന്ത്രങ്ങളോടൊപ്പം വളരുന്ന അവനിൽ സ്നേഹം,ദയ, കാരുണ്യം തുടങ്ങിയ നല്ല വികാരങ്ങൾ കണ്ടില്ലെങ്കിൽ നാം ആരെ കുറ്റം പറയും. ഇവിടെ ബന്ധങ്ങളില്ല, സ്വന്തങ്ങളില്ലാ, സഹോദരനും സഹോദരിയും അച്ഛനും അമ്മയുമില്ല. എല്ലാം ഉപയോഗിച്ച് വലിച്ചെറിയാവുന്ന പലതരം ഗെയിമുകൾ മാത്രം. അപ്പോൾ മൃഗവും മനുഷ്യനും തമ്മിലുള്ള അന്തരം കുറയുന്നു. സ്വന്തം സുഖമാണ് പരമ പ്രധാനം എന്ന് ഏവരും കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാതെ വളരുന്ന യുവത്വം ടോയ്ലറ്റിലൊളിപ്പിച്ച ക്യാമറയിൽ സ്വന്തം സഹോദരിയുടെ നഗ്നത കണ്ട് സായൂജ്യമടയുന്നു. സ്വന്തം വീട്ടിലെ ബെഡ് റൂമിൽ ധൈര്യമായി ഉറങ്ങാൻ മാതാപിതാക്കൾ വരെ പേടിക്കേണ്ടിയിരിക്കുന്നു. അച്ഛനും മകളും തമ്മിൽ, അമ്മയും മകനും തമ്മിൽ, സഹോദരനും സഹോദരിയും തമ്മിൽ, ഗുരുവും ശിഷ്യരും തമ്മിൽ അവിശുദ്ധ ബന്ധങ്ങൾ. ആരോപണങ്ങൾ അങ്ങ് വത്തിക്കാനിൽ വരെ എത്തി നിൽക്കുന്നു. നരകാഗ്നിയിലേക്ക് ഒരു ശലഭത്തേപ്പോലെ പറന്നടുക്കുന്ന ലോകം. ഈ മൂല്യച്യുതിയല്ലേ ഇന്ന് നാം അനുഭവിക്കുന്ന ഈ അശാന്തിക്കെല്ലാം കാരണം. ആര് ആരെ കുറ്റം പറയും? നാം തന്നെയല്ലേ ഇതിനെല്ലാം കാരണക്കാർ. എല്ലാം എന്റെ പിഴ തന്നെ. എങ്ങും നടമാടുന്ന തിന്മകൾ. സർവ്വ നാശത്തിലേക്കുള്ള ഈ കുതിപ്പാണോ പുരോഗതി എന്ന് നാം ഘോരഘോരം വിളിച്ചു കൂവുന്നത്. ഒരു കാര്യത്തിൽ നാം ഭാഗ്യവാന്മാരാണ്. നാശത്തിലേക്കുള്ള ആ ഓട്ടത്തിന്റെ ആദ്യപാദത്തിലാണ് നാമിപ്പോൾ. ഫിനിഷിംഗ് കാണാനുള്ള ആയുസ്സ് നമുക്കെന്തായാലും ഉണ്ടാകില്ല.. നമ്മുടെ അടുത്ത തലമുറകളുടെ കാര്യമാണ് ഏറെ കഷ്ടം. ഈ പോക്ക് പോയാൽ ഈ ലോകത്ത് ഇനി എത്ര തലമുറകൾ കൂടി ഉണ്ടാകും എന്ന് കണ്ടറിയണം. കളങ്കിതമായ ഈ ജനതയെ പുനരുദ്ധരിക്കാൻ ദൈവം ഇനിയും സ്വന്തം തിരുക്കുമാരനെ അയക്കുമോ? അതോ, മറ്റൊരു പ്രളയത്തിലൂടെ സർവ്വവും നശിപ്പിക്കുമോ? അങ്ങിനെ വന്നാൽ പെട്ടകത്തിലേറാൻ നമുക്ക് മറ്റൊരു നോഹിനെ കിട്ടുമോ? അങ്ങിനെ നമുക്ക് പ്രത്യാശിക്കാം. ഏവർക്കും പ്രത്യാശയുടെ ഉത്സവമായ ഈസ്റ്ററിന്റെ ആശംസകൾ.
No comments:
Post a Comment