Thursday, 4 December 2008

കോടാലിയും കുഞ്ഞാടുകളും




പ്രിയമുള്ളവരേ, അഭയക്കേസ്സിന്റെ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. പ്രതികള്‍ കുറ്റക്കാരാണെന്നു ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. എങ്കിലും വിചാരണവേളയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശുഭോതര്‍ക്കങ്ങളല്ല. എന്നുമാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. കേട്ടതെല്ലാം സത്യമാണെങ്കില്‍ (അങ്ങിനെയാവാതിരിക്കട്ടെയെന്നു അത്മാര്‍ഥമായി ആശിക്കുന്നു) ഗ്രഹാം സ്റ്റെയിന്‍സിനേയും കുടുമ്പത്തേയും കത്തിച്ചുകൊന്ന ധാരാസിങും,ഒറീസ്സയിലെ ആര്‍.എസ്സ്.എസ്സ് കാപാലികരും എന്തിന്, ബിന്‍ലാദന്‍ പോലും ഇവരേക്കാള്‍ എത്രയോ ഭേദം. കാരണം അവര്‍ക്കതിന്‍ അവരുടേതായ വിശ്വാസത്തിന്റെ അല്ലെങ്കില്‍, അന്ധവിശ്വാസത്തിന്റെ പിന്ബലമുണ്ടായിരുന്നു. അവര്‍ വകവരുത്തിയത് അവരുടെ വിശ്വാസ എതിരാളികളെയായിരുന്നു. ഉദ്ദേശ്യം വെറും ശത്രുനിഗ്രഹം മാത്രം. എന്തിന്, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുകയും മനസ്സാക്ഷിക്കുത്ത് മാറാതെ തൂങ്ങി മരിച്ചതായും ബൈബിളില്‍ പറയുന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷക്കാലം ചെകുത്താനേയും ഹ്രുദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ഇവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി വിലസുകയല്ലായിരുന്നോ. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും, പഠനത്തിന്റെയും ഒടുവില്‍ പൌരോഹിത്യം സ്വീകരിച്ച് ദൈവത്തെ അടുത്തറിഞ്ഞ, നന്മയേയും തിന്മയേയും തിരിച്ചറിഞ്ഞ ഇവര്‍ക്ക് സ്വന്തം സഹോദരിയെ പോര്‍ക്കിനെ കൊല്ലുന്നതുപോലെ കോടാലിക്ക് അടിച്ചുകൊല്ലാനുള്ള മനക്കട്ടിയുണ്ടായെങ്കില്‍, ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍ തെറ്റുമറക്കാന്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യുകയും സഭയുടെ തണലില്‍ രക്ഷപ്പെട്ടു നടക്കുകയും ചെയ്തപ്പോള്‍, ഒരു സാധാരണക്കാരായ ഞങ്ങള്‍ ചോദിച്ചുപോവുകയാണ്, ദൈവമേ...അങ്ങ് ഉറങ്ങുകയാണോ? ഇവര്‍, അങ്ങേ സങ്കേതത്തില്‍ അഭയം തേടിയ, അങ്ങയുടെ മകളുടെ തലക്കുവച്ച കോടാലി, മനുഷ്യന്റെ ഉത്പത്തിമുതല്‍ ഞങ്ങള്‍ വിശ്വസിച്ചുപോന്ന വിശാസപ്രമാണങ്ങളുടെ കടക്കലല്ലേ കൊണ്ടത്? ആ വിശ്വാസത്തിന്റെ തായ് വേരറുത്ത്, ലോകം മുഴുവന്‍ വഴിയും, സത്യവും,ജീവനും,തണലുമായി നില്‍ക്കുന്ന അങ്ങയെത്തന്നെയല്ലേ അവര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മുക്കികൊന്നത്? അന്നു രാവിലെ കൊലപാതകവും കഴിഞ്ഞ് ചോരയും ലൈംങ്കിക സ്രവങ്ങളും പുരണ്ട കൈകൊണ്ടുതന്നെയല്ലേ അവര്‍ വിശുത്ഥകുര്‍ബാന അര്‍പ്പിച്ചതും,പരിശുത്ഥമായ അങ്ങയുടെ തിരുശരീരം ഞങ്ങള്‍ക്ക് പങ്കുവച്ചുതന്നതും? ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും അല്‍പവിശ്വാസികളായ ഞങ്ങള്‍ എന്താണുകരുതേണ്ടത്? അതോ ഇതെല്ലാം അങ്ങയുടെ പ്ലാനിലും പദ്ധതിയിലും ഉള്ളതായിരുന്നോ? ഇവര്‍ തെറ്റുചെയ്തിട്ടില്ലെങ്കില്‍ ഇവരെ രക്ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നിരിക്കെ, സത്യം തെളിയിക്കാന്‍ ബാധ്യസ്തരായവര്‍ തന്നെ ഇവരെ രക്ഷിക്കാന്‍ മുറവിളികൂട്ടുകയും, ജാഗ്രതാസമിതികള്‍ ഉണ്ടാക്കുകയും, ഇടയലേഖനങ്ങള്‍ ഇറക്കുകയും, പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരു സംശയം ബാക്കി നില്‍ക്കുന്നു. ഞങ്ങള്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്? സാത്താന്റെ സന്തതികളെ രക്ഷിക്കാന്‍ ദൈവത്തോടോ അതോ ....എനിക്കറിയില്ല..നിങ്ങള്‍ തന്നെ പറ….

No comments:

Post a Comment