Thursday, 21 February 2013

താജ് മഹലും തോട്ടികളും

താജ് മഹലും തോട്ടികളും 
ഒന്നാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എനിക്കൊരു പൂതി.. ടാജ് മഹൽ കാണണം. അങ്ങിനെയൊരു പൂതി ഉണ്ടാവാൻ അതിന്റെ പിന്നിൽ ചില കാരണങ്ങളുമുണ്ടായിരുന്നു. കയ്യിൽ 300 രൂപയുണ്ടായിരുന്നു. പിന്നെ എന്റെ ഇളയപ്പനും കുടുംബവും ആഗ്ര സെന്റ്. ജോസഫ് കോളേജിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. കല്യാണം കഴിക്കുന്നതിന് മുൻപ് ഇളയപ്പൻ ദൈവവിളിയിൽ ആകൃഷ്ടനായ സെമിനാരിയിൽ പോയിരുന്നു. അത് ദൈവത്തിന്റെ ഓഫീസിലെ ആർക്കോ പറ്റിയ ഒരു ക്ലറിക്കൽ മിസ്റ്റേക്കായിരുന്നു. ഇതറിഞ്ഞ ദൈവം അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പിരിച്ച് വിട്ട് പെണ്ണ് കെട്ടിച്ചു. അതൊരു വൻ വിജയമായിരുന്നു. അതിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. മൂത്തയാൾ ഫാദർ ജോസ്. അപ്പൻ പഠിച്ചിരുന്ന അതേ സെമിനാരിയിൽ തന്നെ (ബനാറസിൽ) മകനും പഠിക്കാനവസരം കിട്ടി. ഇപ്പോൾ ഡെൽഹി രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് പെൺ മക്കളും ഇതേ പാതയിൽ തന്നെ. ഒരാൾ നോർത്തിൻഡ്യയിലും ഒരാൾ ഇറ്റലിയിലും സേവനം ചെയ്യുന്നു. വംശാവലി നിലനിറുത്തേണ്ട ചുമതല ഇളയവൻ ഏറ്റെടുത്തു. ഓ, സോറി. പറഞ്ഞ് പറഞ്ഞ് കാട് കയറി. മടങ്ങിവരാം. 1980.
ഫോൺ ഇല്ലാത്ത കാലം. ഒരു ലെറ്റർ എഴുതി അതിന്റെ മറുപടി കിട്ടിയിട്ട് ഇളയപ്പന്റടുത്തേക്ക് പോകാനുള്ള ക്ഷമയുണ്ടായിരുന്നില്ല. നേരെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഒരു ആഗ്ര ടിക്കറ്റെടുത്തു. 85രൂപ 85 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് ചാർജ്ജ്. ജയന്തി ജനതാ എക്സ്പ്രസ്സിലായിരുന്നൂ ഇളയപ്പനും കുടുംബവും ആഗ്രക്ക് പോകുന്നതും വരുന്നതും എന്നെനിക്കറിയാമായിരുന്നു. അങ്ങിനെ ആദ്യം വന്ന ജയന്തി ജനതാ എക്സ്പ്രസ്സിൽ കയറി ഇരുന്നു. റിസർവേഷൻ ഒന്നും ഉണ്ടായിരുന്നില്ല. സഹ യാത്രികരുമായി പരിചയപ്പെട്ടു. യാത്രാലക്ഷ്യം വിവരിച്ചപ്പോളാണ് അറിയുന്നത് അത് ബോംബെ ജയന്തി ജനത എക്സ്പ്രസ്സ് ആയിരുന്നൂ എന്നും. പിന്നെ അവരുടെ ഉപദേശപ്രകാരം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അടുത്ത വണ്ടിയിൽ മദ്രാസ്സിലേക്ക്. വെളുപ്പിന് മദ്രാസ്സ് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ വച്ച് ഇളയപ്പന് ഒരു ലെറ്റർ എഴുതി റെയിവേ സ്റ്റേഷനിൽ തന്നെ പോസ്റ്റ് ചെയ്തു. ലെറ്റർ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അന്നു വൈകിട്ടായിരുന്നു അവിടന്നുള്ള വണ്ടി. ഭാഗ്യവശാൽ പിറ്റേന്ന് ജോലിക്ക് പോകാനിറങ്ങിയ ഇളയപ്പന് എന്റെ പോസ്റ്റ് കിട്ടി. അങ്ങിനെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ വന്ന് ഇളയപ്പൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

ആഗ്രയിൽ രണ്ടാഴ്ച ഇളയപ്പന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അതിനിടയിൽ രണ്ടൽഭുതങ്ങളാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഒന്ന് ലോകത്തിലെ ഏഴത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. മറ്റൊന്ന് അവിടെ ഞാൻ കണ്ട തോട്ടികൾ. മനുഷ്യ മലം തലയിൽ ചുമന്ന് നീങ്ങുന്ന, പറഞ്ഞു കേട്ടുമാത്രം പരിചയമുള്ള തോട്ടികൾ. ഇവരുടെ തലയിലെ മലം നിറച്ച കുട്ടയിൽ നിന്നും നിന്നും കഴുത്തിലൂടെയു കവിളിലൂടെയും ഒലിച്ചിറങ്ങുന്ന മലം കണ്ട് സത്യത്തിൽ എന്റെ ഹൃദയം നൊന്തു. നഗരത്തിലെ തിരക്കേറിയതും എന്നാൽ ഇടത്തരക്കാർ താമസിക്കുന്നതുമായ വീടുകളിലും ചെറിയ ഫ്ലാറ്റുകളിലും കക്കൂസുകൾ ഉണ്ടായിരുന്നില്ല. ഈ വീടുകളിൽ ഒരാൾക്ക് ഇരിക്കാവുന്ന ഒരു ചെറിയ മുറിയുണ്ടായിരിക്കും. അകത്തിരിക്കുന്ന ആളെ കാണാതിരിക്കാനായി വാതിലിനു പകരം ഒരു തുണി ഇട്ടിട്ടുണ്ടായിരിക്കും. ഇവിടെ ഒരു കടലാസ് നിവർത്തിവച്ച് അതിൽ കാര്യം സാധിച്ച് വയ്ക്കും. എല്ലാ ദിവസവും ഈ തോട്ടികൾ അവിടെയെത്തി ഈ മലം കോരി കുട്ടയിലാക്കി തലച്ചുമടായി കൊണ്ടുപോയി യമുനാ നദിയിൽ തള്ളും. വിശപ്പടക്കാൻ കാലങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവരുടെ ജീവിതം മൃഗതുല്യമായിരുന്നു. ഇത്തരത്തിൽ മനുഷ്യ മലവുമായി പോകുന്ന തോട്ടികളെ പല പ്രാവശ്യം നിരത്തുകളിൽ വച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഇന്ന് ഈ സംവിധാനം നിലവിലുണ്ടോ എന്നെനിക്കറിയില്ല. ഇളയപ്പനും കുടുംബവും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ സെറ്റിൽ ചെയ്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ത്ഥ അറിയാനും വയ്യ.
എന്നാൽ ഈ തോട്ടികളും തോട്ടി വ്യവസ്ഥയും മറ്റൊരു രീതിയിൽ ഇന്നും നിലനിൽക്കുന്നൂ. സമൂഹത്തേയും രാജ്യത്തേയും നിയമത്തേയും സദാചാര മൂല്യങ്ങളേയും ആകമാനം നാറ്റിച്ച്കൊണ്ട് പൂർവ്വാധികം ശ്ക്തിയായി തന്നെ. കുട്ടയിലുള്ള മനുഷ്യ മലത്തേക്കാൾ ചീഞ്ഞുനാറിയ, നികൃഷ്ടരായ ഈ മതമൌലിക, രാഷ്ട്രീയ നേതാക്കന്മാരെ ചുമക്കുന്നത് പ്രബുദ്ധരെന്നവകാശപ്പെടുന്ന ആധുനിക തോട്ടികളും. തലയിലൂടെ ഒലിച്ചിറങ്ങുന്ന വിസർജ്ജ്യ ശകലങ്ങൾ ഈ പ്രബുദ്ധർക്ക് എന്തിനുമുള്ള ഊർജ്ജം നൽകുന്നു. ബാക്കിയുള്ളത് യമുനയിലൊഴുക്കാതെ ഇവർ അടുത്ത തലമുറക്ക് നൽകി ഇവരെ ചുമക്കാൻ സജ്ജമാക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. തോട്ടികൾ നീണാൾ വാഴട്ടെ. ധീരാ.. വീരാ..

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

പ്രീഡിഗ്രി കഴിഞ്ഞ് നേരെ stenography പഠിക്കാന്‍ ഒക്കല്‍ ശ്രീ നാരായണ ITC യില്‍ ചേര്‍ന്നു. ക്ളാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ ചെല്ലുന്നത്. ആദ്യ ക്ലാസ്സിലും വൈകിയാണെത്തിയത്‌.
ആദ്യ ബഞ്ചില്‍ സൈഡിലായി ഇരിപ്പിടം കിട്ടി. ആകെ ഒരു പകപ്പായിരുന്നു. ആദ്യ പിരിയദു കഴിഞ്ഞപ്പോള്‍ ഒന്ന്‍ പുറകോട്ടു നോക്കി. ആദ്യ രണ്ട്ട് ബഞ്ചുകളില്‍ ആണുങ്ങളും അതിനു പുറകില്‍ നാല് ബഞ്ചുകളില്‍ പെന്കുട്ടികളും. 25ല്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികളെ ഉണ്ടായിരുന്നുള്ളൂ. പുറകോട്ട് നോക്കിയ ഞാന്‍ ഉടനെ നോട്ടം പിന്‍വലിച്ചു. ഇത് വരെ എന്നെ ആരും നോക്കിയിട്ടില്ലാത്ത രീതിയില്‍ നാലാമത്തെ ബഞ്ചില്‍ മൂന്നാമതിരുന്ന അവളുടെ ആ നോട്ടം എന്നെ ഒരു വല്ലാത്ത ഒരവസ്തയിലാക്കി. പിന്നെ ആകെ ഒരന്കലാപ്പായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് അവള്‍ ഒന്നുകൂടി എന്നെ നോക്കി പുഞ്ചിരിച്ച് പുറത്തേക്ക് പോയി. വിടര്‍ന്ന വലിയ കണ്ണുകളും നീണ്ട മുടിയും ഇളം കറുപ്പുമുള്ള അവളായിരുന്നു എന്റെ ആദ്യ പ്രണയത്തിലെ ദുരന്ത നായിക. പ്രേമം സാവധാനം വളര്‍ന്നു. ക്ലാസ്സില്‍ നിന്നും അത് പുറത്തേക്ക് അറിഞ്ഞുതുടങ്ങി. മാനെജ്മെന്റ് വിളിച്ച് താക്കീതു ചെയ്തു. എങ്കിലും ഞങ്ങളുടെ പ്രേമം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷാവസാനം ITC ഡേ ക്ക്
ചാലക്കുടി സുരഭി THEATOR ല്‍ നൂണ്‍ ഷോക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് അവള്‍ നേരത്തെ വന്നു. ഞാനും നേരത്തേ എത്തി. അവള്‍ മുന്‍പേ പോയി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കും. കുറെ കഴിഞ്ഞ് ഒന്ന്മരിയാത്താവനെപോലെ ഞാനും അവിടെ ചെല്ലുന്നു. നേരെ ബസ്സില്‍ കയറുന്നു. സിനിമ കഴിഞ്ഞ് സാധാരണ പോലെ വീട്ടിലേക്ക്. ഇതായിരുന്നു. പ്ളാന്‍. അങ്ങിനെ അവള്‍ നേരെ ബസ്‌ stand ലേക്ക് പോയി. ഇനി എന്റെ ഉഴം ആണ്. അപ്പോള്‍ തുടങ്ങി എനിക്ക് ഒരു വല്ലാത്ത അസ്വസ്ഥതയും വയറു വേദനയും . നേരെ ടോയ്ലറ്റില്‍ പോയി. ഇളകിയാണ് പോകുന്നത്. ഒന്ന് കഴിഞ്ഞു. രണ്ടു കഴിഞ്ഞു, പലത് കഴിഞ്ഞു. ഒരു രക്ഷയുമില്ല. ബസ് stand ല്‍ കാത്ത് നിന്ന് മടുത്ത അവള്‍ തിരിച്ചു വന്നു. നേരം ഉച്ചയകാറായി . പിന്നെ പോയിട്ട് കാര്യമില്ല. മാത്രമല്ല വയറിളക്കം കുറയുന്നുമില്ല. കാര്യം പറഞ്ഞപ്പോള്‍ അവളെന്നെ കളിയാക്കി . പേടിതൂറന്‍. അങ്ങിനെ ആദ്യ സിനിമ ഫ്ലോപ്പ് . ഈ പേടിച്ചു വയറിളകി എന്നൊക്കെ ചിലര്‍ പറയുമ്പോള്‍ അവരെ ആരും കളിയാക്കണ്ട. അങ്ങിനെ വയറിളകും... ഇനിയുള്ള കഥ പറയുന്നില്ല. അവള്‍ ഇന്ന് മറ്റൊരു ആളുടെ ഭാര്യയാണ് .. എന്റെ കടിഞ്ഞുല്‍ പ്രണയ കഥയിലെ ആ പെണ്കൊടിക്ക് ഈ വാലന്റൈന്‍ ദിനത്തില്‍ ഞാനെന്‍റെ ആശംസകള്‍ അറിയിക്കുന്നു ..എനിക്കതിനു അര്‍ഹതയില്ലെങ്കിലും...

സ്നേഹ പൂർവ്വം മോഹൻലാലിന്

സ്നേഹ പൂർവ്വം മോഹൻലാലിന്
പ്രിയപ്പെട്ട ലാലേട്ടാ,
ഏതൊരു സാധാരണ മലയാളിയേയും പോലെ ഞാനും സിനിമയേയും സിനിമാതാരങ്ങളേയൂം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയാണ്.
ആ ആരാധനാ പാത്രങ്ങളുടെ ഏറ്റവും മുകളിലായിട്ടാണ് അങ്ങയെ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. 
അങ്ങ് ഞങ്ങൾക്ക് നൽകിയ അനശ്വര കഥാ പാത്രങ്ങൾ മരണം വരെ ഞങ്ങളോടൊപ്പം ഉണ്ടാകും. ആ കഥാപാത്രങ്ങൽക്ക് ജീവൻ നൽകിയ അങ്ങും മരണം വരെ ഞങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഉണ്ടാകണം എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ കഥാപാത്രങ്ങളെ ഞങ്ങളിൽ ഉപേക്ഷിച്ച് അങ്ങ് ഞങ്ങളുടെ മനസ്സുകളിൽ നിന്നും അകന്നു പോകുന്നുവോ എന്നൊരു സംശയം ഈയിടെയായി ഞങ്ങൾക്ക് തോന്നുന്നു. സിനിമയിലൂടെ അങ്ങ് നേടേണ്ടതിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. പണമായും അവാർഡുകളായും ലെഫ്റ്റനന്റ് കേണൽ പോലെയുള്ള അർഹതയില്ലാത്ത പദവികളായും മറ്റും. ഇതിലൊന്നും ഞങ്ങൾക്ക് പരാതിയില്ല, അധവാ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഒരു നാലു തലമുറക്ക് സുഭിക്ഷം കഴിയാനുള്ളത് ഞങ്ങളേപ്പോലുള്ള പാവം പ്രേക്ഷകരിൽ നിന്നും നേടിയിട്ടും താങ്കളുടെ പണത്തിനോടുള്ള ആർത്തി ഇനിയും കുറഞ്ഞിട്ടില്ലാ എന്ന് അങ്ങ് തന്നെ ഞങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈയിടെയായി ടെലിവിഷൻ തുറന്നാൽ അങ്ങ് കാട്ടി കൂട്ടുന്ന പരസ്യങ്ങൾ. അവസാനത്തെ അങ്ങയുടെ “കൊക്കോനാട്“ പരസ്യം കണ്ടാൽ ഓക്കാനിക്കാൻ വരും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അങ്ങയോടുള്ള അന്ധമായ സ്നേഹം കൊണ്ട് അത് വാങ്ങി ഉപയോഗിച്ച് കൊൾസ്ട്രോൾ കൂടി ചാകാൻ ചാവേറുകളായി നിരവധി പേർ കേരളത്തിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങ് ഇതുപോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത്. അറിഞ്ഞ്കൊണ്ട് എന്തിന് ഈ പാവങ്ങളെ ഇങ്ങിനെ കൊലക്ക് കൊടുക്കുന്നു? ഇത് മാത്രമല്ലാ, അങ്ങയുടെ മറ്റ് പരസ്യങ്ങളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മറ്റ് സൂപ്പർ താരങ്ങളുടെ കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അങ്ങ് ഒരു നല്ല നടനാണ്. അങ്ങയുടെ നാട്യം സിനിമയിൽ കാണുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നേരം വെളുത്ത് ടെലിവിഷൻ തുറന്നാൽ അങ്ങയെ മാത്രം കണ്ട് സത്യത്തിൽ ഞങ്ങൾ അങ്ങയെ വെറുത്തു തുടങ്ങിയോ എന്നൊരു സംശയം. അങ്ങ് പണ്ട് “ഉദയനാണ് താരം” എന്ന സിനിമയിൽ ചോദിച്ചത് പോലെ “എന്തിനും ഒരു പരിധിയില്ലേ” സാർ. ദയവ് ചെയ്ത് അങ്ങയുടെ ഈ ആക്രാന്തം ഒന്ന് കുറക്കൂ. വേറെയും പാവപ്പെട്ട താരങ്ങൾ സിനിമയിലുണ്ടല്ലോ. ഇതൊക്കെ അവർ ചെയ്യട്ടെ. അവർക്കും ജീവിക്കേണ്ടേ?..
സസ്നേഹം, ഒരു ആധാരകൻ..

Saturday, 29 September 2012

തിലകൻ എന്ന അഹങ്കാരി


ഒരാൾ എന്ത് കാര്യം ചെയ്താലും, അല്ലെങ്കിൽ പറഞ്ഞാലും അത് ഏത് മേഘലയിൽ ആണെങ്കിലും അത് ഉത്തമ ബോധ്യത്തോടെയും ഏറ്റവും നല്ല രീതിയിലും ചെയ്തു കഴിയുമ്പോൾ അയാൾക്ക് ആ പ്രവർത്തിയോടെ ഒരു വലിയ ആത്മ വിശ്വാസം ഉണ്ടാകുന്നു. അയാൾക്ക് മറ്റ് മോഹങ്ങളൊന്നുമില്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കില്ല.  ആ ആത്മ വിശ്വാസത്തിൽ തുടരുന്ന അയാൾക്ക് മുൻപിൽ മറ്റുള്ളവർക്ക് അയാളോട് തോന്നുന്ന  വികാരമാണ് അവരെ അഹങ്കാരി എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നത്. താൻ ചെയ്യുന്നതിൽ കവിഞ്ഞൊന്നും ചെയ്യാനാകാത്തവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്ന തിലകൻ ആ വിശ്വാസം നഷ്ടപ്പെടുത്താതെ തന്നെ ഈ ലോകത്ത് നിന്ന് യാത്രയായി. ആ ആത്മ വിശ്വാസത്തെ അഹങ്കാരം എന്ന് വിളിക്കാമെങ്കിൽ അതുള്ളവരെ അമാനുഷർ എന്നേ ഞാൻ വിളിക്കൂ. ആ അഹങ്കാരത്തിന്റെ ഒരംശം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആശിക്കുന്നു. സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുൻപിൽ അടിയറവച്ച്, അവരെ പ്രീണിപ്പിക്കുന്നവർക്ക് പല പല പദവികളും കിട്ടും. അവർ ലഫ്റ്റനന്റും പദ്മശ്രീയും ഡോക്ടറും ഒക്കെ ആകും. അവർക്ക് ഒത്തിരി ഫാൻസുകാരും കാണും

Sunday, 23 September 2012

ഓണം 2011






ലിമയുടെ ഓണാഘോഷ പരിപാടിയിൽ നിന്ന്




ലിമയുടെ ഓണാഘോഷ പരിപാടിയിൽ നിന്ന്