Wednesday, 4 February 2009

വരുമോരോദശ വന്നപോലെപോം ....


അഖിലലോക മലയാളികളേ,.. സന്തോഷിപ്പിന്‍! ഇതാ നിങ്ങള്‍ക്കൊരു സദ്വാര്‍ത്ത....
പരശുരാമന്‍ മഴുവെറിഞ്ഞ് പടുത്തുയര്‍ത്തിയ ആ പഴയ കേരളത്തെ മറന്നേക്കൂ. ഇതാ നവകേരള സ്രുഷ്ടിക്കായി കലിയുഗ രാമന്‍ മഴുവെറിയുന്നു. ക്ഷമിക്കണം, മഴുവിനു പകരം അരിവാളാണുകേട്ടോ. ഉപ്പളത്തുനിന്നും അരിവാളുമായി അഭിനവ രാമനും അനുയായിവ്രുന്ദവും യാത്ര തുടങ്ങിക്കഴിഞ്ഞു.(C.B.I പറയുന്നത് ശരിയാണെങ്കില്‍ ആലീബാബയും ....മാരും) അനുയായികളില്‍ മുന്‍പന്‍ കൂടെയില്ല കേട്ടോ. അല്ലാ, “ആനവിറ്റു പണമുണ്ടക്കുന്നവനെ നയിപ്പാന്‍ ചേനവിറ്റു പൊറുക്കണ ചങ്ങാതിക്കാവില്ലല്ലോ“. അതെന്തുമാകട്ടെ, ഈ 25-കേരള ചരിത്രത്തില്‍ താംബൂലസ്ഥാനം പിടിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു. ഇനി മുതല്‍ കേരളപ്പിറവി ദിനം Nov.1- എന്നുള്ളത് മാറി Feb-25 ആകും. കൂടാതെ നവ കേരളത്തിന്റെ പേര്‍ കേരളം എന്നുള്ളത് മാറ്റി ഉപ്പളം എന്നാകും. കേരളാ കോണ്‍ഗ്രസ്സുകാരെല്ലാം ഉപ്പളകോണ്‍ഗ്രസ്സുകാരാകും. ഇതിനെതിരെ ശക്ത്തമായ പ്രതിഷേധങ്ങളും ഹര്‍ത്താലും പ്രതീക്ഷിക്കം. എന്തായാലും ഇക്കാര്യത്തില്‍ പരമോന്നത കോടതിയും അന്വേഷണ ഏജന്‍സിയുമായ പൊളിറ്റ് ബ്യൂറോ ഓഫ് ഇന്ത്യ തീരുമാനമെടുക്കും. C.B.I യെ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. തങ്ങളുടെ നേതാവിനെ കള്ളക്കേസ്സില്‍ കുടുക്കിയവരെ ഇനി വച്ചുപൊറുപ്പിക്കുന്നത് ഒറിക്കലും ശരിയല്ല.രാ‍ജ്യത്തെ ഏറ്റവും നല്ല ഏജന്‍സി എന്ന് അഭയക്കേസ്സിന്റെ കാര്യത്തില്‍ പുകഴ്ത്തിയിരുന്ന അതേ ഏജന്‍സിക്കെതിരേ വാളോങ്ങുന്നത് കാണുമ്പോള്‍ പാവം ജനം പാടിപ്പോകുന്നു, “ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോദശ വന്നപോലെ പോം....”

Monday, 26 January 2009

കാളയില്ലാനാട്ടിലെ പശുവിന്റെ പാതിവ്രുത്യം

കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മയക്കുമരുന്നു ‘വിരുത്ത‘ സ്കോഡിന്റെ തലവന്‍, മലയാളി ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്‍ സജി മോഹന്‍ പിടിയില്‍. കേരളത്തിനു കിട്ടിയ റിപ്പ്ബ്ലിക് ദിന മെഡല്‍. ജീവനക്കാരുടെ കോടികള്‍ വരുന്ന പീ. എഫ്. ഫണ്ട് അടിച്ചുമാറ്റിയതിനു സുപ്രീം കോടതി ജഡ്ജ് ഉള്‍പ്പെടെ 30 ജഡ്ജിമാരുടെ പേരില്‍ കേസ്സെടുത്തു. അഴിമതിക്കെതിരെ ഘോരഘോരം കണ്ട്ഠക്ഷോഭം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിനവ ഭീഷ്മാചാര്യന്‍ 300 കോടിയുടെ അഴിമതിക്കേസ്സില്‍. നീതിന്യായവും,നിയമനിര്‍മ്മാണവും, കാര്യനിര്‍വഹണവും ഇതുപോലെ ഒത്തൊരുമിച്ചു നീങ്ങുന്ന ഒരു രാജ്യം വേറെയേതുണ്ട്? ഈ ജഗത്രയന്‍മാരുടെ ലീലാവിലാസങ്ങള്‍ കണ്ട് ഏതൊരു ഭാരതീയനും, ഏതൊരു കേരളീയനും രോമമുണ്ടെങ്കില്‍ രോമാഞ്ജകഞ്ജുകിതരാകേണ്ടതാണ്. അതിനുപകരം ഇതിനെതിരേ അധരവ്യായാമം‌ നടത്തുന്നത് അസൂയമൂത്തിട്ടാണു. തങ്ങളേക്കൊണ്ട് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍‌‌ ചെയ്യുമ്പോളുള്ള മുഴുത്ത അസൂയ. അവരവരേക്കൊണ്ട് പറ്റുന്നതുപോലെയല്ലേ ചെയ്യാന്‍പറ്റൂ. പറ്റാത്തവരെ കാളയില്ലാ രാജ്യത്തെ പശുവിന്റെ പാതിവ്രുത്യത്തോടുപമിക്കാം. മന്തുള്ള കാല്‍‌ മണലില്‍ പൂഴ്ത്തി വച്ചിട്ട് മറ്റുള്ളവരെ മന്താ... മന്താ.. എന്നുവിളിക്കരുത്. ഇവരൊക്കെ നമ്മുടെ തന്നെ നിഴലുകളല്ലേ?. അണ്ണറക്കണ്ണനും തന്നാലായത്... പശുവുള്ള വീട്ടമ്മ പാല്‍ കൊടുക്കുമ്പോള്‍ അല്പം വെള്ളം ചേര്‍ക്കുന്നു. വാ‍ഴക്രുഷി ചെയ്യുന്ന കര്‍‌ഷകന്‍ വാഴക്കുലയുടെ കൊടപ്പനില്‍ യൂറിയാ കലക്കിനിറച്ച പൊളിത്തീന്‍ സഞ്ചി കെട്ടിവയ്ക്കുന്നു. പലവ്യഞ്ജന വ്യാപാരി തൂക്കത്തില്‍ അല്പം വെട്ടിക്കുന്നു,അരിയില്‍ അല്പം മണല് ചേര്‍‌ക്കുന്നു, കറിപ്പൊടിയില്‍ അല്പം ഇഷ്ടികപ്പൊടീ ചേര്‍‌ക്കുന്നൂ. ഭൂമി വാങ്ങുന്നവന്‍ യഥാര്‍ഥ വിലയുടെ പത്തിലൊന്നുപോലും കാണിക്കാതെ രെജിസ്റ്ററേഷന്‍ നടത്തുന്നു. സ്ത്രീധനം നിരോധിച്ച നാട്ടില്‍ നാം അതു വാങ്ങുന്നു,, കൊടുക്കുന്നു. കാര്യങ്ങള്‍ വേഗം നടത്തിക്കിട്ടാന്‍ നാം ‘കയിക്കൂലി ‘കൊടുക്കുന്നൂ വാങ്ങുന്നൂ. ഇനി ഒരാത്മ പരിശോധന നടത്തിക്കേ. പാപമില്ലാത്തവരുണ്ടോ, കല്ലെറിയാന്‍?
പ്രിയമുള്ളവരേ, അഴിമതി ഓരോ ഭാരതീയന്റെയും ജന്മാവകാശമാണു. അതിനെ പ്രോത്സാഹിപ്പിക്കുക. ഭരണാഘടനാപരമായി ഇതിനു നിയമസാധുത കിട്ടാന്‍ നമുക്കൊന്നയി അണിചേരാം, മനുഷ്യച്ചങ്ങലകള്‍‌ തീര്‍ക്കാം. ഇങ്ങിനെ കിട്ടുന്ന വരുമാനത്തിനു VAT ഏര്‍പ്പെടുത്തി അത് ഘജനാവിലേക്ക് മുതല്‍കൂട്ടാം. ഇതാണു ഈ എളിയ കള്ളന്റെ അഭിപ്രായം. ഇവിടെ ഈ യൂ.കെ യിലായതുകൊണ്ട് ഞങ്ങള്‍ക്കതിനു കഴിയുമോയെന്ന് നിങ്ങള്‍ക്കാശങ്കയുണ്ടാകാം. ഇവിടെയാണെങ്കിലും നമ്മുടെ പാരമ്പര്യവും, സംസ്കാരവും ഞങ്ങള്‍ പരമാവധി ഉയര്‍ത്തിപ്പിടിച്ചാണു ഇതുവരെയും ജീവിച്ചുപോന്നിട്ടുള്ളത്. അഗ്രഹാരത്തില്‍ കഴിഞ്ഞതുകൊണ്ട് നായ വേദം പഠിക്കണമെന്നില്ലല്ലോ. ഒരു മാറ്റവും ഞങ്ങള്‍ക്ക് വന്നിട്ടില്ല. അതുകൊണ്ട് നിങ്ങളില്‍ ഒരാളായിത്തന്നെ ഞങ്ങള്‍ നിരവധി പേരിവിടുണ്ട്. ഞങ്ങള്‍ക്കു പറ്റാവുന്നതൊക്കെ ഞങ്ങളും ചെയ്യുന്നുണ്ട്. അനര്‍ഹമായി അവധി കിട്ടാന്‍ വേണ്ടി അവധി കഴിഞ്ഞ് വരുമ്പോള്‍ സിഗരറ്റ്മുതല്‍ സ്വര്‍ണ്ണ ചെയിന്‍ വരെ ഞങ്ങളുടെ മാനേജര്‍‌മാര്‍‌ക്ക് ഞങ്ങള്‍ നല്‍കിവരുന്നു. ആസ്ത്രേലിയായിലും, അമേരിക്കായിലും ഒക്കെ ജോലികിട്ടി പോകുമ്പോള്‍ ഞങ്ങള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം ഞങ്ങള്‍ re-mortgageഉം loanഉം ഒക്കെയായി കിട്ടുന്നതെല്ലാം വാങ്ങി നാട്ടിലേക്കയക്കുന്നു.ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയിട്ടുള്ള T.V FRIDGE, SOFA....തുടങ്ങിയവ ആര്‍‌ക്കെങ്കിലും കിട്ടുന്ന കാശിനു കൊടുക്കാറുണ്ട്. പിന്നെ എയര്‍‌പോര്‍‌ട്ടിലേക്ക് പോകുമ്പോള്‍ rent-a-car എടുക്കുകയും അവിടെ ചെന്നുകഴിയുമ്പോള്‍ അത് എയര്‍‌പോര്‍‌ട്ടില്‍ ഉപേക്ഷിച്ച് ആ കാശും ലാഭിക്കാറുണ്ട്. ഇതില്‍ കൂടുതല്‍ ഇനി എന്താണു ഞങ്ങള്‍ ചെയ്യേണ്ടത്. എന്തിനും ഏതിനും നിങ്ങളോട് ‘അയിക്കദാര്‍ഡ്യം‘ പ്രകടിപ്പിച്ച് ഞങ്ങളും നിങ്ങളോടൊപ്പ്മുണ്ട്. ലച്ചം ലച്ചം പിന്നാലേ... ഭാരത് മഹാന്‍ കീ... ജെയ്.....

Saturday, 24 January 2009

സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ....


സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ആപത്തുകാലത്ത് മൂക്കില്‍ പഞ്ഞിവച്ച് കിടക്കാം

അങ്ങിനെ ഒരു ചാന്ത്രമാസം നീണ്ടു നിന്ന അവധിയും കഴിഞ്ഞ് യൂ.കെ.യില്‍ തിരിച്ചെത്തിയിട്ട് ആഴ്ച്ച രണ്ടാകാറായി. അവധിയുടെ ആലസ്യത്തില്‍ നിന്നും മോചനം കിട്ടിവരുന്നതേയുള്ളൂ. ക്രിസ്തുമസ്സും ന്യൂ-ഇയറും മാത്രമല്ല, തിരുന്നാളും കല്ല്യാണവും,പേറും പേരിടീലും, ചാവും ചാവടിയന്തിരവുംവരെ കൂടിയിട്ടാണു്‌ തിരിച്ചുവന്നിരിക്കുന്നത്. അവധിക്കാലം അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഹ്രുദയത്തിലെവിടെയോ ഒരു ചെറുനോവ് ബാക്കിനില്‍‌ക്കുന്നു. എന്റെ നാട്, എന്റെ ജന്മനാട് എന്നു ഞാന്‍ ഊറ്റംകൊണ്ടിരുന്ന എന്റെ നാട്ടില്‍ ഞാനൊരന്യനായി തീര്‍ന്നിരിക്കുന്നു എന്ന ഭീതിതമായ തിരിച്ചറിവ് ഒരുള്‍ക്കിടിലത്തോടെ ഹ്രുദയത്തിലേറ്റുവാങ്ങി മടങ്ങിയപ്പോള്‍,അതെ അന്യതാബോധവും കൂടെപ്പോന്നൂ എന്നുമാത്രമല്ല, ഏതാണെന്റെ നാട് എന്ന ചോദ്യവും എന്നെനോക്കി പല്ലിളിക്കുന്നു. ഏതൊരു പ്രവാസിക്കും ഇതേ ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം, അല്ലെങ്കില്‍ വരുമായിരിക്കാം. പാമ്പന്‍പാലത്തിന്റെ കരുത്തും ഉറപ്പുമുണ്ടായിരുന്ന ബന്ധങ്ങള്‍ പലതും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതുപോലെ ഉരുകിയുരുകിതീര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു കുശലാന്വേഷണത്തിനുപോലും സമയമില്ല. തിരക്കോടുതിരക്ക്. മാറ്റം എന്ന വാക്ക് ഒബാമ കേരളത്തില്‍ നിന്നും കോപ്പിയടിച്ചതാണോ എന്നൊരു സംശയം. അത്രക്കും മാറിയിരിക്കുന്നൂ, എന്റെ നാടും നാട്ടുകാരും. സംഭവാമി യുഗേ..യുഗേ..

സാമ്പത്തിക മാന്ദ്യം സാധാരണക്കാരെ അധികം ബാധിച്ചതായി തോന്നുന്നില്ല. എന്നാല്‍ കൂലിപ്പണിക്കാരെയും വന്‍ കിടക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു. നാട്ടിലിപ്പോള്‍ ആവശ്യത്തിനു പണിക്കാരെ കിട്ടാനുണ്ട്.അതായത് പണീയില്ലായെന്നര്‍ത്ഥം. എന്തുപറ്റീ? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി പണിതുടങ്ങിയ ഫ്ലാ‍റ്റൂകച്ചവടം പാടെ നിന്നു. 50000 രൂപാ മാസവരുമാനം, പത്തുകൊല്ലം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ പത്തിരട്ടിവില എന്നൊക്കെപ്പറഞ്ഞവര്‍ പലരും വായില്‍ കോലിട്ടാലും കമാന്നൊരക്ഷരം മിണ്ടുന്നില്ല. പറ്റിയപ്പോള്‍ ആര്‍ക്കുപറ്റീ, കൊലപ്പണി ചെയ്തും ലോണെടുത്തും കടലാസ്സില്‍ കണ്ട ഫ്ലാറ്റിന്‌ കാശുകൊടുത്ത കുറേ വിദേശ മലയാളികളുടെ കാര്യം ഫ്ലാറ്റായി. മറ്റവന് ഒരു ചുക്കും പോകാനില്ല. നെടുമ്പാശ്ശേരിയില്‍ എന്നുപറഞ്ഞ് അപ്പിള്‍-എ-ഡേ ക്കാരുപണിയുന്ന ഫ്ലാറ്റ് മറ്റൂരില്‍. വെറും 50 മീറ്റര്‍ മാറിയാണ് K.G.P BORNMEAL എന്ന എല്ലുപൊടി കമ്പനി. ഫ്ലാറ്റിന്റെ അതിരില്‍ത്തന്നെ രണ്ട് മെറ്റല്‍ ക്രഷര്‍. അതിനോടു ചേര്‍ന്നുതന്നെ റൈസ് മില്ലുകള്‍. പൊടിയും ചാരവും മണവും അബ്സൊലൂട്ടിലി ഫ്രീ. ഈ സ്ഥലം ഒരിക്കല്‍ കണ്ടവര്‍ ഈ ഫ്ലാറ്റുകള്‍ വെറുതെ കിട്ടിയാലും വാങ്ങില്ല. പക്ഷേ, ഇവിടെ പണിത മൂന്നു ബ്ലോക്കുകള്‍ ഇന്റര്‍നെറ്റുവഴി വിറ്റുകഴിഞ്ഞു. നാലാമത്തെ ബ്ലോക്കിന്റെ പണികള്‍ നടക്കുന്നു. എല്ലാം വാങ്ങിയത് വിദേശമലയാളികള്‍. ആരും താമസം തുടങ്ങിയിട്ടില്ലാ എന്നുള്ളതാണിതിന്റെ ഏറ്റവും രസകരമായ വസ്തുത. എന്താണു കാരണം. ഉടമസ്ഥന്മാരെല്ലാം വിദേശത്ത് കിടന്നു മരിച്ചുപണിയെടുത്ത് സമ്പാദിക്കുകയല്ലേ,നാളെ വന്ന് സുഖമായി ജീവിക്കാന്‍. സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍..എന്നാണല്ലോ ചൊല്ല്. പക്ഷേ അതിനു യോഗമുണ്ടാകുമോ? അതോ മൂക്കില്‍ പഞ്ഞിവച്ച് കിടക്കാനായിരിക്കുമോ യോഗം. ങാ.. തലവിധി മൊട്ടയടിച്ചാല്‍ മായില്ലല്ലോ....

Thursday, 11 December 2008

ക്രിസ്തുമസ്സ് ആശംസകള്‍



മാന്യ വായനക്കാര്‍ക്ക് എന്റെ ക്രിസ്തുമസ്സ് ആശംസകള്‍. ഇതൊരല്‍പ്പം നേരത്തേയായിപ്പോയില്ലേയെന്ന് ചോദിച്ചാല്‍... ആണ്. എന്നാല്‍ ആണോ? ....അല്ല. കാരണം, ഇനി അവധിക്കാലമാണ്. ഞാന്‍ പുത്രകളത്രാദികളോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്. വിടുവായന്‍ തവളകള്‍ പതിവായി കരഞ്ഞിരുന്ന, തോടുകളും കുളങ്ങളും വയലേലകളുംകൊണ്ട് സമ്രുദ്ധമായിരുന്ന എന്റെ നാടിന്റെ ആ ഭൂതകാല സ്മരണകളുടെ മാണിക്യച്ചെപ്പൂം മനസ്സിലേറ്റി, മാണിക്യമംഗലം എന്ന ഞങ്ങളുടെ ആ കൊച്ചുഗ്രാമത്തിലേക്ക്. ഗ്രാമഭംഗിയെല്ലാം "ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്" പോലുള്ള വമ്പന്‍ കമ്പനികളുടെ പാര്‍പ്പിട സമുച്ചയങ്ങളും, നിരവധി ചെറുകിട-വന്‍കിട വ്യവസായശാലകളുംകൊണ്ട് ഗ്രാമമോ നഗരമോ എന്നുപറയാനാവാതെ ഒരുതരം അവിയല്‍പരുവത്തിലെത്തി നില്‍ക്കുന്ന ആ മണ്ണിലേക്ക് ഒരു ഹ്രുസ്വ യാത്ര. ശ്രീ. ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പുണ്യമായ ഭൂമിയിലേക്കു, കാലടിയിലേക്ക് എന്റെ വീട്ടില്‍നിന്നും ഒരു കല്ലേറുമാത്രം ദൂരം. ആ പുണ്യഭൂമി ഇന്ന് മണല്‍ മാഫിയയുടേയും, ഗുണ്ടാസംഘങ്ങളുടേയും കൈപ്പിടിയിലാണ്.കരിംചന്തക്കും മായംചേര്‍ക്കലിനും നേരത്തെ കീര്‍ത്തികേട്ടിരുന്നു. അരിയുടെ കേരളത്തിലെ മൊത്തവ്യാപാരം നിയന്ത്രിക്കുന്ന കാലടിയില്‍, വെള്ളയരി റെഡ്-ഓക്സൈഡ് എന്ന മാരകവിഷം ചേര്‍ത്ത് മട്ടയരിയാക്കി വില്‍ക്കുന്നത് മില്ലുകാരുടെ ഒരു സാദാപരിപാടി മാത്രം. നല്ല വിലയുണ്ടായിരുന്നകാലത്ത്, ജാതിക്കാപത്രി പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കി കടല്‍കടത്തിയിട്ടുള്ള വിരുതന്‍മാരും ഇവിടുണ്ട്. പകുതി മണലും, ബാക്കി മണ്ണും മെറ്റല്‍പൊടിയും ചേര്‍ത്തുപണിത ഇടമലയാര്‍ അണക്കെട്ടിന്റെ മായം ചേര്‍ത്ത സിമന്റ് മുഴുവനും അഥികാരികളുടെ ഒത്താശയോടെ കയറ്റിവിട്ട് കോടികള്‍ പോക്കറ്റിലാക്കിയ, അക്കാലത്ത് "സിമന്റ് കുഞ്ഞെന്നും", ഇപ്പോള്‍ "കുഞ്ഞേട്ടന്‍" എന്നും മാലോകര്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിക്കുന്ന മിടുമിടുക്കന്‍മാര്‍ വിലസുന്ന അഭിനവ കുട്ടിശ്ശങ്കരന്‍മാരുടെ മണ്ണിലേക്കുള്ള യാത്ര. അതൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് ക്രിസ്തുമസ്സിലേക്ക് തിരിച്ചുവരാം. ക്രിസ്തുമസ്സ് എന്നു കേള്‍ക്കുമ്പോഴേ ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരു പാട്ടുണ്ട്.. എന്റെ കുട്ടിക്കാലത്ത് കരോള്‍ സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ അപ്പനപ്പൂപ്പന്‍മാര്‍ പാടിക്കേട്ടിരുന്ന ഒരു പഴയ പാട്ട്. ഒരു പുസ്തകത്താളിലും അച്ചടിച്ചുവന്നിട്ടില്ലാത്ത ഈ പാട്ട് ഏറെ ശ്രമപ്പെട്ടാണു സമ്പാദിച്ചത്. വായ്മൊഴിയായി പലരില്‍നിന്നും കേട്ടത് വരമൊഴിയായി, ഒരു ക്രിസ്തുമസ്സ് സമ്മാനമായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

പ്രത്യക്ഷം പ്രത്യക്ഷമിന്നൂ ദേശീകാരേ...........
ദേവനിക്ഷിതിയില്‍ ജാതനായി... അല്ലേലൂയാ...
മുന്നാമരുള്‍ചെയ്തപോലേ ദേശീകാരേ.........
മേട്ടില്‍, ഇന്നൂ രാത്രീ മധ്യാനേരം അല്ലേലൂയാ.....
ആലാഹാപുത്രന്‍ നമുക്കായി ദേശീകാരേ..........
ഒരു ബാലനായവതരിച്ചു....ഹല്ലേലൂയാ.....

സ്വര്‍ഗ്ഗമണ്ടലം തുറന്നൂ...ദേശീകാരേ....
സ്രുഷ്ടിവര്‍ഗ്ഗമോടെ ദേവദൂതര്‍ ഹല്ലേലൂയാ.....
ബസ്ലഹം മലമ്പുറത്തു..ദേശീകാരേ.....
ഒരു പുല്‍ക്കൂട്ടിലുറങ്ങുന്നുണ്ണീ ഹല്ലേലൂയാ....
യൌസേപ്പും മറിയവും മദ്ധ്യേ.. ദേശീകാരേ..
ഉണ്ണിയുറക്കംതെളിഞ്ഞാനന്തിച്ചൂ...ഹല്ലേലൂയാ...

കട്ടില്‍മെത്തയില്ലീവിടെ ..ദേശീകാരേ....
കുറേ പൊട്ടവൈക്കോലിന്‍മേല്‍ നിദ്രാ.. ഹല്ലേലൂയാ...
കട്ടിയായ മഞ്ഞുകൊണ്ടു ദേശീകാരേ....
ഉണ്ണീ...ഞെട്ടീവിറച്ചീടുന്നയ്യൊ...ഹല്ലേലൂയാ...
കാള കഴുതയുമുണ്ട്... ദേശീകാരേ....
ഞങ്ങളോടുകൂടെ കാഴ്ച്ചകൊടുത്തല്ലേലൂയാ...

തത്തകള്‍ പുകഴ്ത്തിസ്തൂതി ..ദേശീകാരേ...
ഇതാ... പക്ഷിവര്‍ഗ്ഗമൊന്നായ് സ്തുതി പാടുന്നല്ലേലൂയാ..
നിങ്ങള്‍ ചൊന്ന സത്യാവാര്‍ത്ത ദേശീകാരേ...
ഇന്നൂ..പുത്തനായി കേട്ടൂ ഞങ്ങള്‍ ..ഹല്ലേലൂയാ...
ഹല്ലേലൂയാ എന്നാ സ്തൂതീ വാനോര്‍സ്തോത്രമേ..
നിങ്ങളിന്നൂതന്നെ ചെന്നാര്‍ക്കണമല്ലേലൂയാ....

ഈ പാട്ട് അറിയാമെന്നുള്ളവരില്‍നിന്നും തിരുത്തലുകള്‍ ക്ഷണിക്കുന്നൂ.

Saturday, 6 December 2008

വിവാഹമെന്ന കൂദാശ


മാന്യ വായനക്കാരെ! സഭയും വിലക്കപ്പെട്ട കനിയും എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും നേരിട്ടും, ഈ-മെയിലിലൂടെയും അഭിപ്രായങ്ങള്‍ പ്രകടിപിക്കുകയുണ്ടായി. എല്ലാവര്‍ക്കും നന്ദി. അതോടൊപ്പം വിവാഹം ഇഷ്ടമുള്ള വൈദികര്‍ക്ക് സഭ അത് അനുവദിക്കണമെന്ന അഭിപ്രായത്തോട് വിയോചിച്ചവര്‍ക്ക് വേണ്ടി ബൈബിളില്‍ നിന്നുതന്നെയുള്ള ചില ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു


വിശുദ്ഥ പൌലോസ് സ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനം

3. മെത്രാന്‍ സ്ഥാനത്തെപ്പറ്റി.
മെത്രാന്‍ സ്ഥാനം അഗ്രഹിക്കുന്നവര്‍ ഉല്‍ക്രുഷ്ടമായ ഒരു ജോലിയാണു ആഗ്രഹിക്കുന്നത് എന്നത് സത്യമാണ്. മെത്രാന്‍ അരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്. സൌമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം അവന്‍ തന്റെ കുടുമ്പത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരനത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുമ്പത്തെ ഭരിക്കന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങിനെ ഭരിക്കും?

ഇനി നിങ്ങള്‍ തന്നെ പറയുക. ബൈബിളാണൊ പിന്തുടരേണ്ടത്, അതോ കാനോന്‍ നിയമങ്ങളോ? വൈദികര്‍ വിവാഹം കഴിക്കരുത് എന്നുപറയുന്നവരോട് എനിക്കൊന്നേ പറയനുള്ളൂ. നിങ്ങള്‍ക്കസൂയയാണ്. ഒരുതരം പൊസ്സസ്സീവ്നസ്സ്.

Thursday, 4 December 2008

കോടാലിയും കുഞ്ഞാടുകളും




പ്രിയമുള്ളവരേ, അഭയക്കേസ്സിന്റെ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. പ്രതികള്‍ കുറ്റക്കാരാണെന്നു ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. എങ്കിലും വിചാരണവേളയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശുഭോതര്‍ക്കങ്ങളല്ല. എന്നുമാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. കേട്ടതെല്ലാം സത്യമാണെങ്കില്‍ (അങ്ങിനെയാവാതിരിക്കട്ടെയെന്നു അത്മാര്‍ഥമായി ആശിക്കുന്നു) ഗ്രഹാം സ്റ്റെയിന്‍സിനേയും കുടുമ്പത്തേയും കത്തിച്ചുകൊന്ന ധാരാസിങും,ഒറീസ്സയിലെ ആര്‍.എസ്സ്.എസ്സ് കാപാലികരും എന്തിന്, ബിന്‍ലാദന്‍ പോലും ഇവരേക്കാള്‍ എത്രയോ ഭേദം. കാരണം അവര്‍ക്കതിന്‍ അവരുടേതായ വിശ്വാസത്തിന്റെ അല്ലെങ്കില്‍, അന്ധവിശ്വാസത്തിന്റെ പിന്ബലമുണ്ടായിരുന്നു. അവര്‍ വകവരുത്തിയത് അവരുടെ വിശ്വാസ എതിരാളികളെയായിരുന്നു. ഉദ്ദേശ്യം വെറും ശത്രുനിഗ്രഹം മാത്രം. എന്തിന്, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുകയും മനസ്സാക്ഷിക്കുത്ത് മാറാതെ തൂങ്ങി മരിച്ചതായും ബൈബിളില്‍ പറയുന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷക്കാലം ചെകുത്താനേയും ഹ്രുദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ഇവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി വിലസുകയല്ലായിരുന്നോ. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും, പഠനത്തിന്റെയും ഒടുവില്‍ പൌരോഹിത്യം സ്വീകരിച്ച് ദൈവത്തെ അടുത്തറിഞ്ഞ, നന്മയേയും തിന്മയേയും തിരിച്ചറിഞ്ഞ ഇവര്‍ക്ക് സ്വന്തം സഹോദരിയെ പോര്‍ക്കിനെ കൊല്ലുന്നതുപോലെ കോടാലിക്ക് അടിച്ചുകൊല്ലാനുള്ള മനക്കട്ടിയുണ്ടായെങ്കില്‍, ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍ തെറ്റുമറക്കാന്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യുകയും സഭയുടെ തണലില്‍ രക്ഷപ്പെട്ടു നടക്കുകയും ചെയ്തപ്പോള്‍, ഒരു സാധാരണക്കാരായ ഞങ്ങള്‍ ചോദിച്ചുപോവുകയാണ്, ദൈവമേ...അങ്ങ് ഉറങ്ങുകയാണോ? ഇവര്‍, അങ്ങേ സങ്കേതത്തില്‍ അഭയം തേടിയ, അങ്ങയുടെ മകളുടെ തലക്കുവച്ച കോടാലി, മനുഷ്യന്റെ ഉത്പത്തിമുതല്‍ ഞങ്ങള്‍ വിശ്വസിച്ചുപോന്ന വിശാസപ്രമാണങ്ങളുടെ കടക്കലല്ലേ കൊണ്ടത്? ആ വിശ്വാസത്തിന്റെ തായ് വേരറുത്ത്, ലോകം മുഴുവന്‍ വഴിയും, സത്യവും,ജീവനും,തണലുമായി നില്‍ക്കുന്ന അങ്ങയെത്തന്നെയല്ലേ അവര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മുക്കികൊന്നത്? അന്നു രാവിലെ കൊലപാതകവും കഴിഞ്ഞ് ചോരയും ലൈംങ്കിക സ്രവങ്ങളും പുരണ്ട കൈകൊണ്ടുതന്നെയല്ലേ അവര്‍ വിശുത്ഥകുര്‍ബാന അര്‍പ്പിച്ചതും,പരിശുത്ഥമായ അങ്ങയുടെ തിരുശരീരം ഞങ്ങള്‍ക്ക് പങ്കുവച്ചുതന്നതും? ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും അല്‍പവിശ്വാസികളായ ഞങ്ങള്‍ എന്താണുകരുതേണ്ടത്? അതോ ഇതെല്ലാം അങ്ങയുടെ പ്ലാനിലും പദ്ധതിയിലും ഉള്ളതായിരുന്നോ? ഇവര്‍ തെറ്റുചെയ്തിട്ടില്ലെങ്കില്‍ ഇവരെ രക്ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നിരിക്കെ, സത്യം തെളിയിക്കാന്‍ ബാധ്യസ്തരായവര്‍ തന്നെ ഇവരെ രക്ഷിക്കാന്‍ മുറവിളികൂട്ടുകയും, ജാഗ്രതാസമിതികള്‍ ഉണ്ടാക്കുകയും, ഇടയലേഖനങ്ങള്‍ ഇറക്കുകയും, പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരു സംശയം ബാക്കി നില്‍ക്കുന്നു. ഞങ്ങള്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്? സാത്താന്റെ സന്തതികളെ രക്ഷിക്കാന്‍ ദൈവത്തോടോ അതോ ....എനിക്കറിയില്ല..നിങ്ങള്‍ തന്നെ പറ….

Tuesday, 2 December 2008

ഡോഗ്സ് ഓണ്‍ ക്ണ്ട്രി




മകന്റെ വേര്‍പാടില്‍ ഒരു പ്രത്യേക മാനസീകാവസ്ഥയിലായിരുന്ന മേജര്‍ സന്ദീപിന്റെ ആച്ഛന്‍ നമ്മുടെ ജന"നായ"കനെ വീട്ടില്‍ കയറ്റിയില്ലായെന്നും അതുകൊണ്ട് മാനസീകനില തെറ്റിയ നമ്മുടെ "നായ"കന്റെ പട്ടി പ്രയോഗവും, രണ്ടും വിട്ടുകളയ്. നമുക്ക് ക്ഷമിക്കാം. പറഞ്ഞ പരാമര്‍ശം പിന്‍വലിക്കില്ലായെന്നുള്ള അദ്ദേഹത്തിന്റെ ആ പിടിവാശിയാണു മനസ്സിലാകാത്തതു. അല്ലാ, അതിലെന്താണിത്ര മനസ്സിലാകാനുള്ളത്? മാറ്റം എന്ന വാക്കിനെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന, ഏതിനേയും പ്രത്യയശാസ്ത്രപരമായി മാത്രം നോക്കികാണുന്ന അദ്ദേഹം പറഞ്ഞ വാക്ക് മാറ്റരുത്. അതുതന്നെയല്ലേ അദ്ദേഹതിന്റെ വ്യക്തിത്വവും. പൊതുജനമധ്യത്തില്‍ പലതും വച്ചുകാച്ചുകയും പാര്‍ടി യോഗങ്ങളില്‍ പല്ലുപോയ പട്ടിയേപ്പോലെ വാലും കാലിനിടയില്‍ തിരുകിയിരിക്കുന്ന മാമന്റെ ദയനീയ ചിത്രം മാധ്യമങ്ങളിലെ ഒരു സ്ഥിരം കാഴച്ചയാണല്ലോ. കുറച്ചുകഴിയുമ്പോള്‍ അതു ചരിത്രപരമായ ഒരു മണ്ടത്തരമെന്നോ,തെറ്റെന്നോ പറഞാല്‍ കാര്യം തീര്‍ന്നില്ലേ? പട്ടികളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഈ പരാമര്‍ശത്തിനെതിരേ ഏതെങ്കിലും മ്രുഗസംരക്ഷണസംഘടനകള്‍ ഒരുപൊതു താത്പര്യ ഹര്‍ജി കൊടുക്കേണ്ടതാണു. ബൌ..ബൌ...